- Trending Now:
ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ അതിവേഗം വളര്‍ന്ന തൊഴില്‍മേഖലയാണ് മെഡിക്കല്‍ ടൂറിസം. വിവിധ സര്‍വേകളും റിപ്പോര്‍ട്ടുകളും പ്രകാരം മെഡിക്കല്‍ ടൂറിസം രംഗത്ത് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നാണ് ഇന്ത്യ. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ അയല്‍രാജ്യളില്‍നിന്നു മാത്രമല്ല, റഷ്യയില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമെല്ലാം ധാരാളംപേര്‍ ചികിത്സതേടി ഇന്ത്യയിലേക്കെത്തുന്നു.
കോവിഡ് കാലത്തിനു മുന്‍പ് ഏകദേശം മൂന്ന് ലക്ഷത്തോളം വിദേശികള്‍ പ്രതിവര്‍ഷം ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെയാണ് മെഡിക്കല്‍ ടൂറിസം എന്ന പുതിയ തൊഴില്‍മേഖലയുടെ പ്രാധാന്യം. മുമ്പ് ആയുര്‍വേദം, പ്രകൃതിചികിത്സ തുടങ്ങിയവയ്ക്കായാണ് വിദേശികള്‍ ഇന്ത്യയിലേക്ക് വന്നിരുന്നത്. എന്നാല്‍, ഇന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, മജ്ജമാറ്റിവെക്കല്‍ തുടങ്ങി എല്ലാതരം അത്യാധുനിക ചികിത്സകള്‍ക്കും ഇന്ത്യയിലേക്ക് വിദേശികളൊഴുകുന്നു.
ചികിത്സകള്‍ക്കായി ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വരുന്ന യാത്രകള്‍ക്ക് മെഡിക്കല്‍ ടൂറിസം എന്ന് വേണമെങ്കില്‍ പറയാം. പ്രധാനമായും മൂന്നാംലോക രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക) ചികിത്സച്ചെലവ് കുറവാണ്.
അതുകൊണ്ട് പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ളവര്‍ ചികിത്സയ്ക്കായി ഇവിടെയെത്തുന്നു. അതുപോലെതന്നെ അവിടങ്ങളില്‍ നിയമവിരുദ്ധമായ പല ചികിത്സാരീതികളും ഈ മൂന്നാംലോക രാജ്യങ്ങളില്‍ ലഭ്യമാണ് എന്നൊരു ഗുണവുമുണ്ട്. ഇതിനൊപ്പംതന്നെ നാടുകാണല്‍ എന്ന ലക്ഷ്യവും നടക്കും. തായ്ലന്‍ഡ്, മലേഷ്യ, ഇസ്രായേല്‍, സിംഗപ്പൂര്‍, ഇന്ത്യ തുടങ്ങിയവയാണ് പ്രധാന മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനുകള്‍.
ചരിത്രപരമായി പറയുകയാണെങ്കില്‍ ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ചികിത്സതേടി എപ്പിഡോറിയ എന്ന പ്രദേശത്തേക്ക് യാത്രചെയ്തിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെ രോഗങ്ങള്‍ ശമിപ്പിക്കുന്ന ദേവനായ അസ്‌കെലിപ്പോസിന്റെ കേന്ദ്രമായിരുന്നു അത്. മെഡിക്കല്‍ ടൂറിസത്തിന്റെ ആരംഭമായാണ് ഇതിനെ കണക്കാക്കുന്നത്.
2015ലെ ദ മെഡിക്കല്‍ ടൂറിസം മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന സ്ഥലമാണ് ഇന്ത്യ. ഈ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിനുപിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. പ്രധാനമായും കുറഞ്ഞ ചികിത്സാ നിരക്കുതന്നെ, അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ ചെലവാകുന്നതിന്റെ പത്തിലൊന്നു മാത്രമേ ഇന്ത്യയില്‍ ആകുന്നുള്ളൂ. ലോകത്തെതന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ സേവനം, മികച്ച ആരോഗ്യസേവനം, സൗകര്യങ്ങള്‍ ഇതോക്കെതന്നെ വിദേശികളെ ആകര്‍ഷിക്കുന്നു.
നോയിഡ, ചെന്നൈ എന്നിവയാണ് ഇന്ത്യയിലെ പ്രധാന മെഡിക്കല്‍ ടൂറിസം കേന്ദ്രങ്ങള്‍. ചെന്നൈയില്‍ മാത്രം കൊറോണയ്ക്ക് മുന്‍പ് പ്രതിദിനം ഏകദേശം 200 വിദേശികള്‍ ചികിത്സയ്ക്കായി വന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മറ്റുമുള്ളവര്‍ക്ക് യാത്രാനിയന്ത്രണം നീക്കിയതും ചികിത്സാവശ്യത്തിനായിവരുന്ന ചില വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് 30 ദിവസത്തേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചതുമൊക്കെ മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണ്. കേരളത്തില്‍ തിരുവനന്തപുരം എറണാകുളം പോലുള്ള നഗരങ്ങളില്‍ നിരവധി വിദേശികള്‍ ചികിത്സക്കായി എത്തുന്നുണ്ട്.
അറുപതോളം രാജ്യങ്ങളാണ് മെഡിക്കല്‍ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഗ്രീസ്, ദക്ഷിണാഫ്രിക്ക, ജോര്‍ദാന്‍, ഇന്ത്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. അതില്‍ത്തന്നെ കൂടുതല്‍ വളര്‍ച്ചനിരക്ക് കാണിക്കുന്നത് ഇന്ത്യയിലാണ്. ഹൃദയസമ്പന്ധമയ ശസ്ത്രക്രിയകള്‍, മജ്ജമാറ്റിവെക്കല്‍, സൗന്ദര്യവര്‍ധന സര്‍ജറികള്‍, ഇടുപ്പ് കാല്‍മുട്ട് മാറ്റിവെക്കല്‍ തുടങ്ങിയവയ്ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ വരുന്നത്.
കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക ലോകശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ഈ മഹാമാരി കെട്ടടങ്ങുമ്പോള്‍ ടൂറിസം കൂടുതല്‍ വളരാന്‍ സാധ്യത കേരളത്തില്‍ തന്നെയാണ്. മെഡിക്കല്‍ ടൂറിസം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അത് കൊണ്ട് തന്നെ ആവശ്യകതയുമാണ്. സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ഇളവുകളും ധനസഹായവും നല്‍കിയാല്‍ തകര്‍ന്നിരിക്കുന്ന ടൂറിസം രംഗം മെച്ചപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.