- Trending Now:
ഇവയ്ക്ക് മികച്ച ഡിമാന്‍ഡാണുള്ളത്
മലയാളികളുടെ ഭക്ഷ്യശീലത്തില്‍ എരിവിന് വളരെ പ്രധാന്യമുണ്ട്. നല്ല എരിവുള്ള മീന്‍കറി, അച്ചാര്‍ തുടങ്ങിയവ മലയാളികളുടെ ഒരു വികാരമാണ്. അച്ചാറിലും മറ്റും കാന്താരി ആണ് എരിവിനായി ചേര്‍ക്കുക. മാത്രമല്ല വാതരോഗം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി എന്നിവയ്ക്കുള്ള ഔഷധമായ കാന്താരി ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. രക്തശുദ്ധിക്കും ഹൃദയാരോഗ്യത്തിനും രക്തക്കുഴലുകളുടെ വികസനത്തിനും ഗുണകരമാണ്. വിറ്റാമിന്‍ സി. ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിദേശ വിപണിയിലടക്കം ആവശ്യക്കാരുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, വയലറ്റ് കാന്താരി എന്നിവയില്‍ പച്ചനിറത്തിലുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. കറികളില്‍ ചേര്‍ക്കുന്നതിനുപുറമേ അച്ചാറായും ഉപ്പിലിട്ടും ഉപയോഗിക്കാം. ഇവയ്ക്ക് മികച്ച ഡിമാന്‍ഡാണുള്ളത്.
ഉഷ്ണകാല വിളയായതിനാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ മികച്ച രീതിയില്‍ ഇവ വളരും. കൂടുതല്‍ തണലില്ലാത്ത പുരയിടങ്ങളില്‍ കൃഷി ചെയ്യാം. ഉഷ്ണകാലവിളയായതിനാല്‍ 20-30 ഡിഗ്രി താപനിലയില്‍ നന്നായി വളരും. നല്ല വളക്കൂറുള്ള പശിമരാശി മണ്ണാണ് യോജിച്ചത്. പി.എച്ച്. 6.5-നും ഏഴിനും ഇടയിലുള്ള മണ്ണില്‍ നന്നായി വളരും. തനി വിളയായോ ഇടവിളയായോ കൃഷിചെയ്യാം. 35-40 ദിവസം പ്രായമായ തൈകളാണ് നടീലിന് ഉപയോഗിക്കുന്നത്.
നാല് മുതല്‍ രണ്ടടി അകലത്തില്‍ ചാലെടുത്ത് അടിവളമായി സെന്റ് ഒന്നിന് നൂറുകിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ, രാസവളങ്ങളായി യൂറിയ, 660 ഗ്രാം രാജ് ഫോസ് 880 ഗ്രാം എം.ഒ.പി. 180 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കണം. വരള്‍ച്ചയെ അധിജീവിക്കാന്‍ കഴിയുമെങ്കിലും നല്ല വിളവ് ലഭിക്കാന്‍ ജലസേചനം ആവശ്യമാണ്. കളകള്‍ വളരുന്നതിനനുസരിച്ച് നീക്കം ചെയ്ത് മണ്ണ്കയറ്റിക്കൊടുക്കണം. മാസംതോറും രാസവളമിശ്രിതമോ ജൈവ കൃഷിയാണെങ്കില്‍ ജൈവ വളക്കൂട്ടുകളോ അല്പം ഓരോ ചെടിക്കും നല്‍കാം.
നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം പൂവിട്ട് മൂന്നാം മാസംമുതല്‍ വിളവുതരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം. ചെടി ഒന്നില്‍ നിന്നും 200 ഗ്രാംവരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട്-മൂന്ന് കിലോഗ്രാം എന്ന തോതില്‍ നാല്-അഞ്ചുവര്‍ഷം വരെ വിളവ് ലഭിക്കും. മണ്ഡരി, മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച തുടങ്ങിയ കീടങ്ങള്‍ക്കെതിരേ ജൈവ കീട നിയന്ത്രണങ്ങള്‍മാത്രം സ്വീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.