- Trending Now:
അശ്രദ്ധമായ മാലിന്യ സംസ്‌കരണം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും
തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാൻ ഇനി പോലീസും തദ്ദേശ സക്വാഡുകൾക്കൊപ്പമുണ്ടാകും. മാലിന്യം തള്ളിയാൽ ഇനി പിഴക്കൊപ്പം അറസ്റ്റ് അടക്കം ക്രിമിനൽ പോലീസ് നടപടിയും നേരിടേണ്ടി വരും. അതുകൊണ്ട് മാലിന്യത്തെ നിരുത്തരവാദപരമായി കൈകാര്യം ചെയ്യരുത്, പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കരുത്. നിരുത്തരവാദപരമായി മാലിന്യം നീക്കം ചെയ്യുന്നതും നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശക്തവും ഫലപ്രദവുമായ നടപടികളെടുക്കുന്നതിന് ഇനി പോലീസ് സേനയുടെ സഹകരണം കൂടി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തു.
നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (എൽഎസ് ജിഐ) എൻഫോഴ്‌സ്‌മെൻറ് സംഘങ്ങളിൽ ഇനി മുതൽ പോലീസ് പ്രതിനിധിയുമുണ്ടായിരിക്കും.തദ്ദേശ സ്വയംഭരണ വകുപ്പിൻറെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ എൽഎസ് ജിഐ കളുടെ എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടുത്താം. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും പോലീസിൻറെ സഹായത്തോടെ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടൂതൽ കാര്യക്ഷമമാക്കാൻ ഇത് സഹായകമാകും. ഉത്തരവനുസരിച്ച് നിരോധിത വസ്തുക്കളുടെ ഉൽപ്പാദനം, വിതരണം, ഉപയോഗം, മാലിന്യം കത്തിക്കൽ, മാലിന്യം തള്ളൽ എന്നിവയ്‌ക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കും.
ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. അശ്രദ്ധമായ മാലിന്യ സംസ്‌കരണം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡുകൾ അറവുശാലകളിലും ഭക്ഷണശാലകളിലും കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധന നടത്തി അവ വൃത്തിയുള്ള ചുറ്റുപാടിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.