Sections

കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ വിഷ രാസവസ്തു; നോനില്‍ഫിനോള്‍ കണ്ടെത്തിയത് പരിധിയേക്കാള്‍ 80 മടങ്ങോളം കൂടുതല്‍

Monday, Jul 11, 2022
Reported By Ambu Senan
 drinking water

കേരളത്തിലെ 14 ജില്ലകളിലെയും ടാപ്പ് വെള്ളം ഇത്‌പോലെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
 

ഇന്ത്യയില്‍ കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ നോനില്‍ഫിനോള്‍ എന്ന രാസവസ്തു കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട്. അനുവദനീയമായ പരിധിയേക്കാള്‍ 29 മുതല്‍ 81 മടങ്ങ് വരെ കൂടുതലാണ് ഈ വിഷ രാസവസ്തുവിന്റെ സാന്നിധ്യമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 

പഞ്ചാബിലെ ബത്തിന്‍ഡ ജില്ലയിലെ  ഒരു കുഴല്‍ക്കിണര്‍ വെള്ളത്തിന്റെ സാമ്പിളിലാണ് നോനില്‍ഫിനോളിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയത്. 80.5 പിപിബി നോനില്‍ഫിനോളാണ് ഇവിടുത്തെ വെള്ളത്തില്‍ ഗവേഷകര്‍ കണ്ടത്. കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ന്യൂഡല്‍ഹിയിലെ ശ്രീറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലേക്ക് അയച്ചാണ് പഠനം നടത്തിയത്. 

കീടനാശിനികളിലടക്കം ഫോര്‍മുലന്റ് ആയി ഉപയോഗിക്കുന്ന ഒന്നാണ് നോനില്‍ഫിനോള്‍. മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററും ആണ് ഇത്. കുടിവെള്ളത്തിലൂടെ ഈ രാസവസ്തു ദിവസവും ശരീരത്തില്‍ പ്രവേശിക്കുന്നത് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീയുഷ് മഹപത്ര പറഞ്ഞു. 

യൂറോപ്യന്‍ യൂണിയനും യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഈ രാസവസ്തുവിന്റെ അപകടസാധ്യതകള്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഡിറ്റര്‍ജന്റുകള്‍ ഉള്‍പ്പെടെയുള്ള പല ഉല്‍പ്പന്നങ്ങളിലെയും രാസവസ്തുക്കള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളും കൊണ്ടുവന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ടോക്സിക് ലിങ്ക് നടത്തിയ 2019 ലെ പഠനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഡിറ്റര്‍ജന്റുകളില്‍ നോനില്‍ഫിനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത് 11.92% ആണ്. കൂടാതെ അന്ന് പരിശോധിച്ച എല്ലാ നദികളുടെയും തടാകങ്ങളുടെയും സാമ്പിളുകളിലും നോനില്‍ഫിനോള്‍ വളരെ ഉയര്‍ന്ന അളവില്‍ കണ്ടെത്തി.

2010ല്‍ കേരളത്തിലെ 14 ജില്ലകളിലെയും ടാപ്പ് വെള്ളം ഇത്‌പോലെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.  പിഎച്ച്, ജലത്തിന്റെ താപനില, ആകെ അലിഞ്ഞുചേര്‍ന്ന ഖരപദാര്‍ത്ഥങ്ങള്‍, ലവണാംശം, നൈട്രേറ്റ്, ക്ലോറൈഡ്, വെള്ളത്തിലെ കാഠിന്യം, മഗ്‌നീഷ്യം, കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, ഫ്‌ലൂറൈഡ്, സള്‍ഫേറ്റ്, ഫോസ്‌ഫേറ്റുകള്‍, കോളിഫോം ബാക്ടീരിയകള്‍ എന്നിങ്ങനെയുള്ള പാരാമീറ്ററുകളാണ് പഠനവിധേയമാക്കിയത്. എല്ലാ വെള്ളത്തിന്റെ സാമ്പിളുകളും കോളിഫോം ബാക്ടീരിയയാല്‍ മലിനമായതായി ഫലങ്ങള്‍ കണ്ടെത്തി. ആലപ്പുഴയില്‍ നിന്നുള്ള പൈപ്പ് വെള്ളത്തിന്റെ 20% സാമ്പിളുകളും പാലക്കാട് ജില്ലയില്‍ നിന്നുള്ള 15% സാമ്പിളുകളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന അഭികാമ്യ പരിധിക്ക് മുകളിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.