- Trending Now:
'പ്രധാനമന്ത്രി മുദ്ര യോജന' 10 വർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. അതിഥികളെ സ്വീകരിക്കുന്നതിന്റെ സാംസ്കാരിക പ്രാധാന്യവും അവരുടെ സാന്നിധ്യം ഒരു വീട്ടിലേക്ക് കൊണ്ടുവരുന്ന പവിത്രതയും ഊന്നിപ്പറഞ്ഞ അദ്ദേഹം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. ഗുണഭോക്താക്കളുടെ അനുഭവങ്ങൾ പങ്കിടാൻ അദ്ദേഹം അവരെ ക്ഷണിച്ചു. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനാവശ്യമായ സാമഗ്രികൾ, മരുന്നുകൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന സംരംഭകനായ ഗുണഭോക്താവുമായി സംവദിച്ച ശ്രീ മോദി, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരാളുടെ കഴിവിൽ വിശ്വസിച്ചവരോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. വായ്പകൾ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരെ ക്ഷണിച്ച് വായ്പ മൂലമുണ്ടായ നേട്ടങ്ങൾ വിശദമാക്കാനും അദ്ദേഹം ഗുണഭോക്താവിനോട് ആവശ്യപ്പെട്ടു. അത്തരം പ്രവർത്തനങ്ങൾ അവരുടെ വിശ്വാസത്തെ അംഗീകരിക്കുക മാത്രമല്ല, വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുന്നവരെ പിന്തുണയ്ക്കാനുള്ള അവരുടെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. അവർക്കു ലഭിച്ച പിന്തുണയുടെ ഫലങ്ങൾ കാട്ടിക്കൊടുക്കുന്നത് വളർച്ചയ്ക്കും വിജയത്തിനും നൽകിയ സംഭാവനയിൽ അഭിമാനിക്കാൻ അവരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള സംരംഭകനായ ശ്രീ ഗോപി കൃഷ്ണയോട് സംസാരിക്കവേ, വീടുകൾക്കും ഓഫീസുകൾക്കും പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വിജയം കണ്ട ഒരു സംരംഭകനായി മാറാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയ പ്രധാനമന്ത്രി മുദ്ര യോജനയുടെ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുദ്ര ലോണിനെക്കുറിച്ച് അറിഞ്ഞപ്പോൾ ദുബായിലെ തന്റെ കമ്പനിയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ച ഗുണഭോക്താവിന്റെ പിന്നീടുള്ള യാത്ര പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിഎം സൂര്യ ഘർ സംരംഭത്തിന് കീഴിൽ സൗരോർജ പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം സൂര്യ ഘർ സംരംഭത്തിന്റെ ഗുണഭോക്താക്കളുടെ പ്രതികരണങ്ങൾ അദ്ദേഹം സശ്രദ്ധം കേൾക്കുകയും കനത്ത മഴ, ഇടതൂർന്ന മരങ്ങൾ എന്നിവപോലുള്ള വെല്ലുവിളികൾക്കിടയിലും കേരളത്തിലെ വീടുകൾ ഇപ്പോൾ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ആസ്വദിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മുമ്പ് 3,000 രൂപയായിരുന്നു വൈദ്യുതി ബില്ലുകൾ ഇപ്പോൾ 240- 250 രൂപയായി കുറഞ്ഞുവെന്നും അതോടൊപ്പം തന്റെ പ്രതിമാസ വരുമാനം ?2.5 ലക്ഷമോ അതിൽ കൂടുതലോ ആയെന്നും ശ്രീ ഗോപി കൃഷ്ണ വ്യക്തമാക്കി.
പ്രധാനമന്ത്രി, പിന്നീട് ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നുള്ള 'ഹൗസ് ഓഫ് പുച്ക' എന്ന കഫേയുടെ സ്ഥാപകയും വനിതാ സംരംഭകയുമായ ഒരാളുമായി സംവദിച്ചു. വീട്ടിൽ നിന്നും പാചകം തുടങ്ങി വിജയകരമായ കഫേ ബിസിനസ് സ്ഥാപിച്ചതുവരെയുള്ള തന്റെ പ്രചോദനമായ യാത്ര അവർ പങ്കുവെച്ചു. ലാഭവിഹിതത്തെയും ഭക്ഷ്യച്ചെലവ് കൈകാര്യംചെയ്യുന്നതിനെയും കുറിച്ചുള്ള പഠനം തന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. യുവാക്കളുടെ മനസ്സിൽ ഭയമുണ്ടെന്നും, പലരും നഷ്ടസാധ്യത ഏറ്റെടുക്കുന്നതിനേക്കാൾ ഏതെങ്കിലുമൊരു ജോലിയിൽ ഒതുങ്ങിക്കൂടുന്നതാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ധൈര്യത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഇതിനു മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. ഹൗസ് ഓഫ് പുച്ക'യുടെ സ്ഥാപകയായ യുവതി 23-ാം വയസ്സിൽ തന്നെ നഷ്ടസാധ്യത ഏറ്റെടുക്കാൻ തയ്യാറാവുകയും അവസരം ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ചതും മൂലമാണ് ബിസിനസ് വിജയകരമായി നയിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. റായ്പൂരിൽ നിന്നുള്ളവർ, കോർപ്പറേറ്റ് ലോകം, വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഗുണഭോക്താവ് പരാമർശിച്ചു. സംരംഭകത്വത്തെക്കുറിച്ചുള്ള ഇവരുടെ ജിജ്ഞാസയും ചോദ്യങ്ങളും ശ്രദ്ധേയമാണെന്ന് അവർ പറഞ്ഞു. ഈട് ആവശ്യമില്ലാതെ ധനസഹായം നൽകുന്ന ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച് യുവാക്കൾക്കിടയിലെ അവബോധമില്ലായ്മ അവർ എടുത്തുപറഞ്ഞു. മുദ്ര വായ്പ, പിഎംഇജിപി വായ്പ തുടങ്ങിയ പദ്ധതികൾ അർഹരായവർക്ക് ഗണ്യമായ അവസരങ്ങൾ ലഭ്യമാക്കുന്നതിൽ അവർ നന്ദി പ്രകടിപ്പിക്കുകയും ഈ പദ്ധതികൾ മനസ്സിലാക്കാനും ധീരമായ നടപടികൾ സ്വീകരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വളരാനും വിജയിക്കാനും ആഗ്രഹിക്കുന്നവർക്ക് ആകാശം പോലും അതിരുകളെന്നെന്ന് അവർ പറഞ്ഞു.
മറ്റൊരു ഗുണഭോക്താവായ കശ്മീരിലെ ബാരാമുള്ളയിലുള്ള 'ബേക്ക് മൈ കേക്കി'ന്റെ ഉടമയായ ശ്രീ മുദാസിർ നഖ്ഷ്ബന്ദി, ഒരു തൊഴിലന്വേഷകനിൽ നിന്ന് തൊഴിൽദാതാവിലേക്കുള്ള തന്റെ യാത്ര പങ്കുവെച്ചു. ബാരാമുള്ളയിലെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള 42 പേർക്ക് സ്ഥിരമായ തൊഴിൽ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുദ്ര വായ്പ ലഭിക്കുന്നതിന് മുമ്പ് അയാളുടെ വരുമാനം എത്രയായിരുന്നുവെന്നു ആരാഞ്ഞ പ്രധാനമന്ത്രിയോട് ആയിരങ്ങളായിരുന്നു വരുമാനമെന്നും എന്നാൽ സംരംഭകനായ ശേഷം അതിപ്പോൾ ലക്ഷങ്ങളായി ഉയർന്നുവെന്നും മുദാസിർ മറുപടി നൽകി. മുദാസിറിന്റെ ബിസിനസ് പ്രവർത്തനങ്ങളിലെ യുപിഐയുടെ വ്യാപകമായ ഉപയോഗത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. 90% ഇടപാടുകളും യുപിഐ വഴിയാണ് നടത്തുന്നതെന്നും, കൈയിൽ 10% പണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നുമുള്ള മുദാസിറിന്റെ അനുഭവം ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.
വാപ്പിയിലെ ജോലിയിൽ നിന്ന് സിൽവാസയിലെ വിജയകരമായ സംരംഭകനാകാനുള്ള ശ്രീ സുരേഷിന്റെ പ്രചോദനാത്മകമായ യാത്ര പ്രധാനമന്ത്രി പിന്നീട് സശ്രദ്ധം കേട്ടു. 2022 ൽ ഒരു ജോലി മാത്രം മതിയാകില്ലെന്ന് താൻ മനസ്സിലാക്കിയതായും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ചതായും സുരേഷ് പറഞ്ഞു. എന്റെ വിജയത്തോടെ, ഇപ്പോൾ ചില സുഹൃത്തുക്കൾ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മുദ്ര വായ്പകൾക്ക് അപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭകത്വത്തിലേക്കുള്ള ധീരമായ ചുവടുവയ്പ്പുകൾ നടത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിൽ അത്തരം വിജയഗാഥകളുടെ പ്രതിഫലനങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
റായ്ബറേലിയിൽ നിന്നുള്ള ഒരു വനിതാ സംരംഭക, തന്റെ നേതൃത്വത്തിലുള്ള എംഎസ്എംഇ കൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. മുമ്പ് വെല്ലുവിളി നിറഞ്ഞതായിരുന്ന ലൈസൻസുകളും ധനസഹായവും നേടുന്ന പ്രക്രിയ ഇപ്പോൾ വളരെ എളുപ്പമായതിനെക്കുറിച്ച് പരാമർശിച്ച അവർ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. വളരെ വികാരത്തോടെയുള്ള അവയുടെ അനുഭവ സാക്ഷ്യം അംഗീകരിച്ച പ്രധാനമന്ത്രി, പ്രതിമാസം ?2.5 മുതൽ ?3 ലക്ഷം വരെ വിറ്റുവരവുള്ള ഒരു ബേക്കറി ബിസിനസ്സ് നടത്തുകയും എട്ടോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന അവരുടെ വിജയകരമായ സംരംഭം ശ്രദ്ധേയമാണെന്ന് അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ശ്രീ ലവ്കുശ് മെഹ്റ 2021 ൽ ?5 ലക്ഷം പ്രാരംഭ വായ്പയുമായി ഫാർമസ്യൂട്ടിക്കൽ ബിസിനസ്സ് ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിൽ ആശങ്കകളുണ്ടായിരുന്നെങ്കിലും വീണ്ടും അദ്ദേഹം തന്റെ വായ്പ ?9.5 ലക്ഷമായി ഉയർത്തുകയും ആദ്യ വർഷത്തെ ?12 ലക്ഷത്തിൽ നിന്ന് ?50 ലക്ഷത്തിലധികം വിറ്റുവരവ് നേടുകയും ചെയ്തു. മുദ്ര യോജന ഒരു പ്രത്യേക വിഭാഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും മറിച്ച് യുവാക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ?34 ലക്ഷം വിലയുള്ള വീട് വാങ്ങുകയും പ്രതിമാസം ?60,000 മുതൽ ?70,000 വരെ മാത്രം വരുമാനമുണ്ടായിരുന്നതിൽ നിന്നും ?1.5 ലക്ഷത്തിലധികം വരുമാനം നേടുകയും ചെയ്തതുൾപ്പെടെയുള്ള ലവ്കുഷിന്റെ സമീപകാല നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും വിജയം കൈവരിക്കുന്നതിൽ കഠിനാധ്വാനത്തിനുള്ള പങ്ക് അംഗീകരിക്കുകയും ചെയ്തു. മുദ്ര വായ്പയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ജനങ്ങളിലേക്ക് കൂടുതൽ പ്രചരിപ്പിക്കാൻ അദ്ദേഹം ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു.
21 വയസ്സുള്ളപ്പോൾ 'ആദിത്യ ലാബ്' സ്ഥാപിച്ച ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നുള്ള ഒരു യുവ സംരംഭകന്റെ പ്രചോദനാത്മകമായ യാത്ര പ്രധാനമന്ത്രി ശ്രവിച്ചു. അവസാന വർഷ മെക്കാട്രോണിക്സ് വിദ്യാർത്ഥിയായ സംരംഭകൻ, 3D പ്രിന്റിംഗ്, റിവേഴ്സ് എഞ്ചിനീയറിംഗ്, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ്, റോബോട്ടിക്സ് എന്നിവയിൽ ബിസിനസ്സ് ആരംഭിക്കാൻ മുദ്ര പദ്ധതിയിലെ കിഷോർ വിഭാഗത്തിൽ ലഭിച്ച വായ്പയായ ?2 ലക്ഷംവിജയകരമായി വിനിയോഗിച്ചു. കുടുംബത്തിന്റെ പിന്തുണയോടെ, വിദൂരസ്ഥലത്ത് ജോലി ചെയ്ത് പ്രതിമാസം ?30,000 മുതൽ ?35,000 വരെ സമ്പാദിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ കോളേജ് പഠനവും വാരാന്ത്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള സംരംഭകന്റെ സമർപ്പണ മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
മണാലിയിൽ നിന്നുള്ള ഒരു വനിതാ സംരംഭക പച്ചക്കറി ചന്തയിൽ വിജയകരമായ ബിസിനസ്സ് നടത്തിവരുന്ന കഥ പങ്കുവെച്ചു. 2015-16 ൽ 2.5 ലക്ഷം രൂപയുടെ മുദ്ര ലോണിൽ നിന്നാണ് താൻ സംരംഭം ആരംഭിച്ചതെന്നും രണ്ടര വർഷത്തിനുള്ളിൽ അത് തിരിച്ചടച്ചതായും അവർ പറഞ്ഞു. തുടർന്ന് 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം രൂപ എന്നിങ്ങനെ വായ്പകൾ നേടുകയും, പച്ചക്കറി കടയിൽ നിന്ന് റേഷൻ കടയിലേക്ക് തന്റെ ബിസിനസ്സ് വികസിപ്പിച്ചുകൊണ്ട് 10 മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനം നേടിയതായും അവർ പറഞ്ഞു. ഇത്തരം ആളുകളുടെ ദൃഢനിശ്ചയത്തെയും രാജ്യത്തുടനീളമുള്ള സംരംഭകരെ ശാക്തീകരിക്കുന്നതിലുള്ള മുദ്ര യോജനയുടെ സ്വാധീനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
വീട്ടമ്മ എന്ന നിലയിൽ നിന്ന് ചണ ബാഗുകളിൽ വിജയകരമായ ബിസിനസ്സ് നടത്തുന്നതിലേക്ക് മാറിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വനിതാ സംരംഭക തന്റെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദമാക്കി. 2019 ൽ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനത്തിൽ പരിശീലനം നേടിയ ശേഷം, യാതൊരു ഈടും കൂടാതെ കാനറ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപയുടെ മുദ്ര ലോൺ നേടിയതായി അവർ പറഞ്ഞു. ദൃഢനിശ്ചയവും അവരുടെ കഴിവിലുള്ള ബാങ്കിന്റെ വിശ്വാസവും പ്രധാനമന്ത്രി ശ്രദ്ധിച്ചു. ഒരേ സമയം ജൂട്ട് ഫാക്കൽറ്റി അംഗം, സംരംഭക എന്നീ നിലകളിൽ ഗ്രാമീണ സ്ത്രീകളെ തൊഴിലിലൂടെയും നൈപുണ്യ വികസനത്തിലൂടെയും ശാക്തീകരിക്കുന്നതിൽ അവർ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സംരംഭകത്വവും സ്വാശ്രയത്വവും വളർത്തുന്നതിൽ മുദ്ര യോജന ചെലുത്തിയ പരിവർത്തനാത്മക സ്വാധീനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പൗരന്മാരെ, പ്രത്യേകിച്ച് വനിതകളെ, ശാക്തീകരിക്കുന്നതിലും ഇന്ത്യയിലുടനീളം സംരംഭകത്വം വളർത്തുന്നതിലും മുദ്ര യോജന ചെലുത്തിയ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വ്യക്തികൾക്ക് ഈടുകളോ സങ്കീർണമായ രേഖകളോ ആവശ്യമില്ലാതെ സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ ഈ പദ്ധതി എങ്ങനെ പ്രാപ്തമാക്കിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംരംഭകത്വത്തോടുള്ള സാമൂഹിക മനോഭാവത്തിലെ ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടി, മുദ്ര യോജന കൊണ്ടുവന്ന നിശബ്ദ വിപ്ലവം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. സാമ്പത്തിക സഹായം ലഭ്യമാക്കുക മാത്രമല്ല, സംരംഭങ്ങൾ നയിക്കാനും വികസിപ്പിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും മുദ്ര പദ്ധതി സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. വായ്പാ അപേക്ഷകൾ, വായ്പ അനുവദിക്കൽ, വേഗത്തിലുള്ള തിരിച്ചടവുകൾ എന്നിവയിൽ മുന്നിൽ നിൽക്കുന്ന വനിതകളാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുദ്ര വായ്പകളുടെ ഉത്തരവാദിത്ത വിനിയോഗത്തിലൂടെ വ്യക്തികളിൽ വളർത്തിയെടുത്ത അച്ചടക്കമനോഭാവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. ജീവിതവും തൊഴിലും കെട്ടിപ്പടുക്കുന്നതിനുള്ള അവസരം ഈ പദ്ധതി നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അതേസമയം ഫണ്ടുകളുടെ ദുരുപയോഗമോ ഫലപ്രദമല്ലാത്ത ശ്രമങ്ങളോ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മുദ്ര യോജന പ്രകാരം ഇന്ത്യയിലെ പൗരന്മാർക്ക് ഈടില്ലാതെ 33 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്ര വലിയ സാമ്പത്തിക സഹായം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും, സമ്പന്നർക്ക് ആകെ നൽകിയിട്ടുള്ള സഹായത്തെ പോലും ഇത് മറികടക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഫലപ്രദമായി ഫണ്ട് വിനിയോഗം നടത്തിയ രാജ്യത്തെ കഴിവുള്ള യുവാക്കളിൽ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
മുദ്ര യോജനയിലൂടെയുള്ള തൊഴിലവസരങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. സാധാരണ പൗരന്മാരുടെ വരുമാനം വർദ്ധിച്ചിട്ടുണ്ടെന്നും ഇത് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാനും അവരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. പദ്ധതി കൊണ്ടുവരുന്ന സാമൂഹിക നേട്ടങ്ങളെയും അദ്ദേഹം അംഗീകരിച്ചു.
ഗവണ്മെന്റിന്റെ പ്രതിബദ്ധതയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പരമ്പരാഗത സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പദ്ധതി നടപ്പിലാക്കി 10വർഷം പൂർത്തിയാക്കിയിരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ തന്റെ ഭരണകൂടം സജീവമായി അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ തേടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി ഗുണഭോക്താക്കളെയും സംഘങ്ങളെയും കണ്ട് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യേണ്ടതിന്റെയും, മെച്ചപ്പെടുത്തലിനുള്ള സാദ്ധ്യതകൾ തിരിച്ചറിയുന്നതിന്റെയും, കൂടുതൽ വിജയത്തിനായി ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുദ്ര വായ്പകളുടെ വ്യാപ്തി തുടക്കത്തിൽ ?50,000 മുതൽ ?5 ലക്ഷം വരെയായിരുന്നത് ഇപ്പോൾ ?20 ലക്ഷത്തിലെത്തിക്കുന്നതിൽ ഗവണ്മെന്റ് പ്രകടിപ്പിച്ച ശ്രദ്ധേയമായ ആത്മവിശ്വാസം എടുത്തുകാണിച്ചുകൊണ്ട്, ഈ വിപുലീകരണം ഇന്ത്യയിലെ പൗരന്മാരുടെ സംരംഭകത്വ മനോഭാവത്തിലും കഴിവുകളിലും അർപ്പിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ അത് ശക്തിപ്പെട്ടിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.
മുദ്ര യോജന പ്രയോജനപ്പെടുത്താനും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ശ്രീ മോദി ഊന്നിപറഞ്ഞു. വ്യക്തികളിൽ ആത്മവിശ്വാസവും സ്വാശ്രയത്വവും വളർത്തിയെടുക്കാൻ ഓരോരുത്തരോടും കുറഞ്ഞത് അഞ്ച് മുതൽ പത്ത് വരെ ആളുകളെയെങ്കിലും പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ പദ്ധതി പ്രകാരം 52 കോടി വായ്പകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഇത് ആഗോളതലത്തിൽ സമാനതകളില്ലാത്ത ഒരു മഹത്തായ നേട്ടമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഗുജറാത്തിലെ തന്റെ ഭരണകാലത്തെ അനുസ്മരിച്ചുകൊണ്ട്, ദാരിദ്ര്യത്തെ മറികടക്കാൻ പ്രചോദിപ്പിച്ച 'ഗരീബ് കല്യാൺ മേള' തെരുവ് നാടകങ്ങളെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. 'സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ശേഷം വ്യക്തികൾ ഗവണ്മെന്റ് ആനുകൂല്യങ്ങൾ ഉപേക്ഷിച്ച കഥ അദ്ദേഹം പങ്കുവെച്ചു. പരമ്പരാഗത സംഗീതം അവതരിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചെറിയ വായ്പ തുക ഉപയോഗിച്ച് ഒരു പ്രൊഫഷണൽ ബാൻഡ് രൂപീകരിക്കുന്നതിലേക്ക് മാറിയ ഗുജറാത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെ പ്രചോദനാത്മകമായ കഥയും അദ്ദേഹം വിവരിച്ചു. ഈ സംരംഭം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക മാത്രമല്ല, ചെറിയ ശ്രമങ്ങൾ എങ്ങനെ കാര്യമായ മാറ്റങ്ങളിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. പരിവർത്തനത്തിന്റെ അത്തരം കഥകൾ തന്നെ പ്രചോദിപ്പിക്കുകയും രാഷ്ട്രനിർമ്മാണത്തിലെ കൂട്ടായ ശ്രമങ്ങളുടെ സാധ്യതകളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ അഭിലാഷങ്ങളെയും സാഹചര്യങ്ങളെയും മനസിലാക്കാനും അഭിസംബോധന ചെയ്യാനുമുള്ള ഒരു ഉപകരണമാണ് മുദ്ര യോജനയിലുള്ള തന്റെ വിശ്വാസമെന്ന് ശ്രീ മോദി ആവർത്തിച്ചു. പദ്ധതിയുടെ വിജയത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമൂഹത്തിന് സംഭാവന ചെയ്യുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി എടുത്തുപറഞ്ഞ ശ്രി നരേന്ദമോദി, ഗുണഭോക്താക്കളും ചിലത് സമൂഹത്തിന് തിരികെ നൽകാൻ ആവശ്യപ്പെട്ടു.
കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരിയും ആശയവിനിമയ വേളയിൽ സന്നിഹിതനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.