- Trending Now:
കൃഷിഭൂമി വിവരങ്ങൾ റവന്യൂ വകുപ്പിന്റെ 'റെലിസ്' പോർട്ടലിൽ സമർപ്പിക്കണം
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭികുന്നതിനായി ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ-കെ.വൈ.സി, ഭൂമി സംബന്ധമായ വിവരങ്ങൾ എന്നിവ ജൂൺ 10 നകം പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് മുഖേനെയും ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനായി ജൂൺ 10 വരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.
പി.എം കിസാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെ.വൈ.സി പൂർത്തീകരിക്കണം. അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ, കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷൻ എന്നിവ വഴി ഇ-കെ.വൈ.സി പൂർത്തീകരിക്കാം. ഇതിനായി ജൂൺ 10 വരെ അക്ഷയ കേന്ദ്രങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമി വിവരങ്ങൾ റവന്യൂ വകുപ്പിന്റെ 'റെലിസ്' പോർട്ടലിൽ സമർപ്പിക്കണം. ആനുകൂല്യം തുടർന്നും ലഭിക്കാൻ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ വിവരങ്ങൾ നേരിട്ടോ, അക്ഷയ/ പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം. 'റെലിസ്' പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവരും ഭൂമി വിവരങ്ങൾ ലഭ്യമാണെങ്കിലും ഇതുവരെ ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവരും അപേക്ഷയും, 2018 - 19 ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച വിവരങ്ങൾ പി.എം കിസാൻ പോർട്ടലിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവൻ സന്ദർശിക്കുക. ഫോൺ: 04936 202506, ടോൾഫ്രീ : 1800-425-1661.
പി. എം കിസാൻ: 14ാം ഗഡു
പി എം കിസാൻ സമ്മാൻ നിധി യോജനയുടെ അടുത്ത പ്രഖ്യാപനത്തിനായി ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് കാത്തിരിക്കുന്നത്, കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു കേന്ദ്ര സർക്കാർ എപ്പോൾ വേണമെങ്കിലും പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇത് വരെ പുറത്ത് വന്നിട്ടില്ല.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്, അതിൽ എല്ലാ കർഷകർക്കും മിനിമം വരുമാന പിന്തുണയായി പ്രതിവർഷം 6,000 രൂപ വരെ ലഭിക്കും. 2019 ഫെബ്രുവരി 1 ന് 2019 ലെ ഇടക്കാല യൂണിയൻ ബജറ്റിൽ പീയൂഷ് ഗോയലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറുന്നതിനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള കർഷകർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
എങ്ങനെ ഓൺലൈനായി ഇ-കെവൈസി ചെയ്യാം?
നിങ്ങളുടെ ലാപ്ടോപ്പിൽ/മൊബൈലിൽ പിഎം കിസാൻ വെബ്സൈറ്റായ pmkisan.gov.in ലോഗിൻ ചെയ്യുക.
രണ്ടാം പകുതിയിൽ നൽകിയിരിക്കുന്ന 'ഫാർമേഴ്‌സ് കോർണറി'ൽ ഇ-കെവൈസി ക്ലിക്ക് ചെയ്യുക.
ഇപ്പോൾ തുറക്കുന്ന വെബ്പേജിൽ ആധാർ നമ്പർ നൽകി സെർച്ച് ടാബിൽ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങളുടെ മൊബൈലിൽ OTP വരും, അത് നൽകുക.
OTP നൽകിയ ശേഷം, അത് സമർപ്പിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.