Sections

അലങ്കാരത്തിലൂടെ ആദായം നേടാന്‍ സോങ് ഓഫ് ഇന്ത്യ !!| song of india plant

Tuesday, Aug 02, 2022
Reported By admin

ചെടിയുടെ സംരക്ഷണം ഉറപ്പു വരുത്തുവാന്‍ ഇടവിട്ട് കള പറിച്ചു കളയണം. കൂടാതെ പുതയിട്ടു നല്‍കുന്നതും ചെടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

 

മുറ്റത്ത് പൂന്തോട്ടം ആകര്‍ഷകമാക്കാന്‍ ഇന്ന് കൂടുതല്‍ പേരും വച്ചുപിടിപ്പിക്കുന്നത് ഇലച്ചെടികള്‍ ആണ്. അതില്‍ കൂടുതലും വിദേശ ഇനങ്ങളാണ്. വിദേശ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഇനം ഡ്രസീന ഇനങ്ങളാണ്. ഈ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ കേരളത്തിലുള്ളത് സോങ് ഓഫ് ഇന്ത്യ ഡ്രസീന ഇനത്തിനാണ്. പച്ചയും മഞ്ഞയും ഇടകലര്‍ന്ന ബാന്‍ഡുകളോട് കൂടിയ ആകര്‍ഷകമായ ഇലകളാണ് ഇതിന്റെ പ്രത്യേകത. 

ആകര്‍ഷണീയമായ ഇലകളുള്ള ഈ ചെടി ബൊക്ക നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വീട്ടില്‍ ചെറിയ രീതിയില്‍ ഇത് നട്ടുപിടിപ്പിച്ചാല്‍ മികച്ച വരുമാനം ലഭ്യമാകും. കട്ട് ഫോളിയോജ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡ്രസീന ഇനം ഉപയോഗപ്പെടുത്തുന്നത്. ഇലകളോടുകൂടിയ തലപ്പാണ് കട്ട് ഫോളിയോജ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. അലങ്കാരച്ചെടിയായി ഇത് വീടിനകത്തും നട്ടുപിടിപ്പിക്കാവുന്നാണ്.


സൂര്യപ്രകാശം ലഭ്യമാകുന്ന തുറസ്സായ സ്ഥലങ്ങളില്‍ ഇത് മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാം. കുറ്റിച്ചെടിയായി വളരുന്ന ഇവയുടെ ടിഷു കള്‍ച്ചര്‍ തൈകളും തലപ്പുകളും നട്ടുപിടിപ്പിക്കാന്‍ ഉപയോഗപ്പെടുത്താം. ചെടി നട്ട് ഏകദേശം ഏഴ് മാസം കൊണ്ട് ഇലകള്‍ വിളവെടുക്കാന്‍ പാകമാകുന്നു. വിപണിയില്‍ തലപ്പിന് ഏകദേശം അഞ്ചു രൂപ വരെ വില ലഭ്യമാകുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിയിടം നല്ലതുപോലെ ഉഴുത് തടങ്ങള്‍ തയ്യാറാക്കി കൃഷി ചെയ്യാം.

തലപ്പുകള്‍ ഉപയോഗപ്പെടുത്തി കൃഷി ചെയ്യുകയാണെങ്കില്‍ ഡ്രസീനയിലെ മറ്റൊരു ഇനമായ മസാന്‍ജിയാനയ്‌ക്കൊപ്പം ഇടകലര്‍ത്തിയും കൃഷി ചെയ്യാം. ഇവയുടെ തലപ്പുകള്‍ മുറിച്ചുമാറ്റുമ്പോള്‍ ചെടി മികച്ച രീതിയില്‍ വളരുകയും കൂടുതല്‍ ശിഖരങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കട്ട് ഫോളിയോജ് ചെടികളുടെ കൃഷി ആദായകരമായി നടത്തണമെങ്കില്‍ കുറഞ്ഞത് 500 എണ്ണം എന്ന രീതിയില്‍ ഏകദേശം നാല് ഇനങ്ങള്‍ മുഖ്യ വിളയായോ മറ്റു വിളക്ക് ഒപ്പം ഇടവിളയായോ കൃഷി ചെയ്യാം. 

ചെടികള്‍ മുഖ്യ വിളയായി കൃഷി ചെയ്യുകയാണെങ്കില്‍ ഒരു ഏക്കറിലും ഇടവിളയായി കൃഷി ചെയ്യുകയാണെങ്കില്‍ രണ്ട് ഏക്കര്‍ സ്ഥലവും ആവശ്യമായി വരുന്നു. ഇവയില്‍ രോഗകീടബാധ താരതമ്യേന കുറവാണ്. ഇലതീനി പുഴുക്കളുടെ ശല്യം ആണ് സോങ് ഓഫ് ഇന്ത്യ ഇനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കീടം. ഇതിനെ പ്രതിരോധിക്കുവാന്‍ ചെറു ചെടി ആയിരിക്കുമ്പോള്‍ തന്നെ വേപ്പെണ്ണ എമല്‍ഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 4 മില്ലി എന്ന അളവിലെടുത്ത് ചെടിയുടെ തടത്തില്‍ ഒഴിച്ചു കൊടുക്കുക. വേപ്പെണ്ണ ഇലകളില്‍ തളിച്ചുകൊടുക്കുന്നത് നീരുറ്റി കുടിക്കുന്ന പ്രാണികളുടെ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.


കൂടാതെ നല്ല തിളക്കമുള്ള ഇലകള്‍ ലഭ്യമാക്കുവാനും വേപ്പെണ്ണ ഉപയോഗം ഗുണം ചെയ്യും. ഇതിന്റെ ഒരു ഇലയ്ക്ക് സീസണനുസരിച്ച് വില മാറുന്നു. ചെടിയുടെ സംരക്ഷണം ഉറപ്പു വരുത്തുവാന്‍ ഇടവിട്ട് കള പറിച്ചു കളയണം. കൂടാതെ പുതയിട്ടു നല്‍കുന്നതും ചെടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. നല്ല വലിപ്പമുള്ള ഇലകള്‍ ലഭ്യമാക്കുവാന്‍ ചാണകം സ്ലറി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

വിവാഹ സമയത്തും മറ്റ് ആഘോഷങ്ങളിലേക്കും അലങ്കാര ആവശ്യങ്ങള്‍ക്കായി ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ചെടിയായി സോങ് ഓഫ് ഇന്ത്യ മാറി കഴിഞ്ഞിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.