- Trending Now:
പ്രശ്‌ന പരിഹാരത്തിന് വേണ്ടി നൂതനാശയങ്ങള്‍ കണ്ടെത്തുവാനും ഈ രീതി അവരെ പ്രാപ്തമാക്കും
സിലബസ് പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേരള കാര്‍ഷിക സര്‍വ്വകലാശാല. കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പഠനരീതി ആവിഷ്‌കരിക്കാനാണ് പദ്ധതി. കഴിഞ്ഞദിവസം വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ദേശീയതലത്തില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇത്. ഇതിന്റെ ഭാഗമായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ ഭാഗമാകും. കൃഷി മന്ത്രി പി പ്രസാദ് മുന്നോട്ടുവെച്ച ആശയ പ്രകാരമാണ് പഠനരീതി പരിഷ്‌കരിക്കുന്നത്.
ബ്ലോക്ക് തലത്തിലുള്ള കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ കര്‍ഷകരെ കാണുകയും അവരുടെ കൃഷിയിടം സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്യണമെന്ന് കൃഷിമന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുബന്ധ ക്യാമ്പുകളും സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥികള്‍ 120 മണിക്കൂര്‍ കൃഷിയിടത്തില്‍ ഇതിന്റെ ഭാഗമായി ചെലവാക്കിയിരിക്കണം. ഈ അധ്യായന വര്‍ഷത്തില്‍ ബി എസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി പുതിയ രീതി നടപ്പിലാക്കും. 10 വിദ്യാര്‍ഥികള്‍ അടങ്ങിയ ഒരു ഗ്രൂപ്പായാണ് പഠനം നടത്തേണ്ടത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെ ചുമതലയുള്ള കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ആയിരിക്കും. കൃഷി പഠിക്കുന്ന വിദ്യാര്‍ത്ഥി കൃഷിയെ പാഠപുസ്തകങ്ങളില്‍ നിന്ന് അടുത്ത് അറിയുക മാത്രമല്ല ചെയ്യേണ്ടത് കര്‍ഷകരുടെ പ്രശ്‌നങ്ങളും അവരുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയണം. അതിന് ഒതുങ്ങുന്ന തരത്തില്‍ ഒന്നാണ് ഈ ആശയം. കര്‍ഷകരും കാര്‍ഷിക രംഗവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുവാനും,
പ്രശ്‌ന പരിഹാരത്തിന് വേണ്ടി നൂതനാശയങ്ങള്‍ കണ്ടെത്തുവാനും ഈ രീതി അവരെ പ്രാപ്തമാക്കും. പുതിയ പഠനരീതി പ്രകാരം പഠനവിഷയങ്ങള്‍ ആകുന്നത് മൂല്യവര്‍ദ്ധിത രീതികള്‍, കാര്‍ഷിക വികസന പദ്ധതികള്‍, വിപണി, കര്‍ഷകരുടെ ജീവിതസാഹചര്യം, കൃഷി രീതി, അവര്‍ നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ്. യുവതലമുറ കൂടുതലായി കാര്‍ഷികവൃത്തിയിലേക്ക് കടന്നുവരുവാന്‍ ഈ പഠന രീതി ഏറെ സഹായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.