- Trending Now:
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രങ്ങളായി ബേപ്പൂർ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ മാറ്റാൻ സാധിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മേള ഒരു ടെക്സ്റ്റൈൽ ടൂർ ആയാണ് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശീയരുടെ ഉപജീവനത്തിന് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ (ആർ. ടി) പ്രധാന ലക്ഷ്യം. കാൽ ലക്ഷത്തോളം വരുന്ന ആർ.ടി യൂണിറ്റുകളുടെ 80 ശതമാനത്തോളം യൂണിറ്റുകൾക്കും നേതൃത്വം നൽകുന്നത് സ്ത്രീകളാണ് എന്നത് വളരെ അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ടൂറിസത്തെയും ബീച്ച് ടൂറിസത്തെയും വികസിപ്പിക്കാൻ സർക്കാർ എടുത്ത തീരുമാനം ഏത് പ്രതിസന്ധിയെയും തട്ടിമാറ്റി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവർഷവും ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
കേരളത്തിനു പുറമെ, തമിഴ്നാട്, അസം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, നാഗലാന്റ്, ഉത്തർപ്രദേശ്, ഡൽഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പാരമ്പര്യ വസ്ത്രനിർമാതാക്കളും കലാകാരൻമാരുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലൊരുക്കിയ ആർ.ടി ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ഡിസംബർ 30 വരെ എല്ലാ ദിവസവും ഉച്ച രണ്ട് മുതൽ 10 മണി വരെ നടക്കുന്ന മേളയിൽ വിവിധ സംരംഭകരുടെ 50 ലധികം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.
ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, വാർഡ് കൗൺസിലർ മജീദ്, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ കോഡിനേറ്റർ ബിജി സേവ്യർ, നമ്മൾ ബേപ്പൂർ പ്രതിനിധി രാധാ ഗോപി എന്നിവർ സംസാരിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ രൂപേഷ് കുമാർ സ്വാഗതവും ജില്ലാ കോർഡിനേറ്റർ ശ്രീകല ലക്ഷ്മി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.