Sections

കേരളത്തിൽ വ്യവസായ പ്രദർശനത്തിന് സ്ഥിരം വേദി : മന്ത്രി പി. രാജീവ്

Thursday, Nov 02, 2023
Reported By Admin
Keraleeyam B2B Meet

സംസ്ഥാനത്ത് കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ്. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായരംഗത്തെ എക്കോ സിസ്റ്റം സർക്കാർ ശക്തിപ്പെടുത്തുകയാണ്. കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങൾ വരുമ്പോഴും അവയുടെ വിപണി ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ടെക്നോപാർക്കിന്റെ കോമ്പൗണ്ടിൽ യൂണിറ്റി മാൾ വരും. ഒരുജില്ലയിൽ നിന്നും ഒരു ഉൽപ്പന്നം എന്ന പദ്ധതിപ്രകാരമുള്ള യൂണിറ്റുകളെയും ഇതിൽ ഉൾപ്പെടുത്തും. എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പൊതുമേഖല ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇൻഷുറൻസ് പ്രീമിയത്തിന്റെ 50% സർക്കാർ വഹിക്കും. ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആകർഷകമായ നിരക്കിൽ പോളിസിയെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷനും കൺസ്യൂമർഫെഡുമായി ചേർന്ന് കെ സ്റ്റോറിൽ ഒരു ഭാഗം പ്രാദേശിക ഉത്പന്നങ്ങൾക്കായി മാറ്റിവെക്കും. സൂപ്പർമാർക്കറ്റുകളിലും മെയ്ഡ് ഇൻ കേരള ഉത്പ്പന്നങ്ങൾക്കായി ഒരുഭാഗം മാറ്റിവെക്കും. ഇത് തദ്ദേശീയമായ യൂണിറ്റുകളുടെ കമ്പോളം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

വെളിച്ചെണ്ണയ്ക്കായിരിക്കും ആദ്യം കേരള ബ്രാൻഡ് നൽകുക. ഏകദേശം 2,400 വെളിച്ചെണ്ണ കമ്പനികൾ കേരളത്തിൽ ഉണ്ട്. ഇതിൽ 1,400 എണ്ണം സംരംഭക വർഷത്തിന്റെ ഭാഗമായി വന്നതാണ്. ഇത്തരത്തിൽ കേരള ബ്രാൻഡ് പ്രധാനപ്പെട്ട ഒന്നായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വ്യവസായ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാൻ ബി ടു ബി മീറ്റിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമൻ ബില്ല, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, കിൻഫ്രാ മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സി.ഐ.ഐ കേരള മുൻ ചെയർമാൻ എം.ആർ നാരായണൻ, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഫസലുദ്ദീൻ, തുടങ്ങിയവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.