- Trending Now:
കൊച്ചി: ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിൾസ് ഡയറി ഡെവലപ്മെന്റ് പ്രൊജക്ട്( പിഡിഡിപി) സെൻട്രൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന പിഡിഡിപിയുടെ ക്ഷീരകർഷക ക്ഷേമപ്രവർത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കർഷകർക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാൽ ഉദ്പാദനത്തിൽ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സർക്കാർ അതിനായുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും പറഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീരകർഷകർക്ക് പിന്തുണയായി പ്രവർത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കർഷകരിലേക്ക് എത്തിക്കുകയാണ്. 200 ൽ അധികം പാൽ സൊസൈറ്റികളും രണ്ടായിരത്തിലധികം മിൽക് ബൂത്തുകളും ഒരുലക്ഷം ലിറ്റർ സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പിഡിഡിപിക്ക് ക്ഷീരസംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ബോണസ് വിതരണത്തിനായി ഒരു കോടി രൂപ ആണ് കണക്കാക്കി നീക്കിവെച്ചിരിക്കുന്നത്. സർക്കാർ,ത്രിതല പഞ്ചായത്ത് തലത്തിൽ ക്ഷീരകർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പിഡിഡിപിയിലെ കർഷകർക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ചാലക്കുടി എംപി ബെന്നി ബഹന്നാൻ പറഞ്ഞു. ചടങ്ങിൽ പിഡിഡിപി കർഷകർക്ക് നൽകുന്ന ബോണസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. സർക്കാർ നൽകുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകുവാൻ സൊസൈറ്റിയുമായി സഹകരിക്കുന്ന കർഷകർക്കും അവകാശമുണ്ടെന്നും ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷീരകർഷകർക്കുള്ള ഓണക്കിറ്റ് വിതരണം കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിയും തീറ്റപ്പുൽ കൃഷി പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടനും പ്രത്യേക ധനസഹായ പദ്ധതി അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാൻ മാത്യു തോമസും ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സൊസൈറ്റിക്ക് കീഴിലുള്ള കർഷകരുടെ ഭീമസങ്കട ഹർജി പിഡിഡിപി സി. എസ് ട്രഷറർ ഒ പി മത്തായി, മന്ത്രിക്ക് കൈമാറി. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ആന്റണി പെരുമായൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിഡിഡിപി സി.എസ് ചെയർമാൻ ഫാ. തോമസ് മങ്ങാട്ട്, പിഡിഡിപി സി.എസ് സെക്രട്ടറി എ.സി ജോൺസൺ, വൈസ് ചെയർമാൻ ഫാ. ബിജോയി പാലാട്ടി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.