Sections

കുട്ടികളെ നന്നായി വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday, Nov 28, 2024
Reported By Soumya
Parent spending quality time with a child

കുട്ടികളെ വലിയ സ്കൂളിൽ പഠിപ്പിക്കുന്നു. നല്ല ട്യൂഷനുകൾ ഏർപ്പാടു ചെയ്യുന്നു. ആഗ്രഹമുളളതെല്ലാം അടുത്ത നിമിഷത്തിൽ വാങ്ങിക്കൊടുക്കുന്നു. മികച്ച ബ്രാൻഡിലുളള വസ്ത്രങ്ങളും ചെരുപ്പുകളും വാച്ചും എല്ലാം പണം നോക്കാതെ വാങ്ങാൻ കുട്ടിയെ അനുവദിക്കുന്നു. മൊബൈലുകളും ടാബ് ലറ്റുകളും സമ്മാനിക്കുന്നു. ഇതോടെ നല്ല രക്ഷിതാവായി എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ അതു തെറ്റാണ്. അവരുടെ എല്ലാ ആഗ്രഹവും ഉടനടി നടത്തിക്കൊടുക്കുന്നവരല്ല നല്ല രക്ഷിതാക്കൾ. ഇതിനിടയിൽ കുട്ടികളെ ജീവിതം പഠിപ്പിക്കാനുളള ചില കാര്യങ്ങൾ മാതാപിതാക്കൾ വിട്ടു പോവുന്നുണ്ട്. ഇതൊക്കെ കുട്ടിക്കു വാങ്ങിച്ചു കൊടുക്കുന്നതിനേക്കാൾ ജീവിതത്തെ നേരിടാനാവുന്ന രീതിയിലേക്ക് അവരെ വളർത്തിയെടുക്കുകയാണു വേണ്ടത്. കാലം മാറുന്നതിന് ഒപ്പം കുഞ്ഞുങ്ങളും മാറുന്നുണ്ട്. അവരെ നന്നായി വളർത്താൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

  • നിങ്ങൾ കുട്ടികളോടു സംസാരിക്കുന്നത് എത്ര നേരമാണെന്നു സ്വയം കണ്ടെത്തുക. വീട്ടിൽ ചെന്നാൽ മക്കളോട് പഠനകാര്യങ്ങളെല്ലാം ചോദിക്കുന്നുണ്ടാവാം. പഠിക്കുന്ന സമയത്ത് കുട്ടിക്കൊപ്പം ഉറങ്ങാതെ ഇരിക്കുന്നുമുണ്ടാവാം. എന്നാൽ ഇതൊന്നുമല്ല 'നല്ല സമയം ' അഥവാ ക്വാളിറ്റി ടൈം. ഈ സമയത്താണ് കുട്ടിയുടെ മനസ്സിലേക്ക് മാതാപിതാക്കൾ സ്നേഹം കൊണ്ട് പാലം കെട്ടേണ്ടത്. എങ്കിൽ മാത്രമേ ആ പാലത്തിലൂടെ കുട്ടി നിങ്ങൾക്കരികിലേക്ക് എത്തുകയുളളു.
  • എന്തും പൈസ കൊടുത്തു വാങ്ങാം എന്ന ചിന്ത കുട്ടികളിൽ വളർത്തരുത്. രക്ഷിതാക്കളുടെ അത്തരം പ്രവൃത്തികൾ ജീവിതത്തെക്കുറിച്ചുളള കുട്ടിയുടെ കാഴ്ചപ്പാടു തന്നെ മാറ്റി മറിക്കും. പഠിച്ചു മാർക്കില്ലെങ്കിലും പണം കൊടുത്തു സീറ്റുവാങ്ങാവുന്നതേയുളളൂ എന്നുളള തോന്നൽ കുട്ടിയുടെ പഠനനിലവാരത്തെ തന്നെ തെറ്റായി സ്വാധീനിച്ചേക്കാം. ഒരു തരം ലാഘവ ബുദ്ധി അതുണ്ടാക്കും.
  • എപ്പോഴും അവരുടെ എല്ലാ ആവശ്യവും പെട്ടെന്നു സാധിച്ചു കൊടുക്കാമെന്നു തീരുമാനിക്കരുത്. കുട്ടി, മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നീട്ടി വയ്ക്കാനും പരിശീലനം കൊടുക്കണം. എന്നാലേ ആഗ്രഹം നീട്ടി വയ്ക്കുമ്പോഴുളള ചെറിയ നിരാശയും സങ്കടങ്ങളും കുട്ടി തിരിച്ചറിയൂ.
  • കുട്ടിയായിരിക്കുമ്പോൾ എത്ര നേരം വേണമെങ്കിലും ടിവി കാണാനും മൊബൈലിൽ കളിക്കാനും അനുവദിക്കും. പക്ഷേ കൗമാരത്തിലെത്തിയാൽ എല്ലാം വേണ്ട എന്നു പറയുന്നതോടെ കുട്ടിക്ക് അതു മനസ്സിലാക്കാൻ പ്രയാസമാവുന്നു. പെട്ടെന്നൊരു ദിവസം നിയമങ്ങളുമായി വന്നാൽ ആരും പ്രതിഷേധിക്കും.
  • ശിക്ഷ നൽകുമ്പോൾ- കുട്ടികൾക്കു നൽകുന്ന ശിക്ഷ ശാരീരികമാവരുത്. കുട്ടിക്ക് ഏറ്റവും ഇഷ്ടമുളള കാര്യം നിഷേധിക്കുക ഒരു ശിക്ഷാരീതിയാണ്. കുട്ടി തെറ്റു ചെയ്യുമ്പോൾ പല മാതാപിതാക്കളും അവരുടെ ദേഷ്യം പ്രകടിപ്പിക്കാനുളള ഒരവസരമായാണ് അതിനെ കാണുക. അതൊരു തെറ്റു തിരുത്തൽ രീതിയല്ല.
  • ശിക്ഷിക്കാനും താഴ്ത്തിക്കെട്ടാനും പല രക്ഷിതാക്കളും മുന്നിലാണ്. എന്നാൽ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യം വരുമ്പോൾ പിശുക്കായിരിക്കും. കുട്ടി ചെയ്യുന്ന ഒരു നല്ല കാര്യം, വീടു ക്ലീനിങ് മുതൽ ചെറിയ ചെറിയ റിപ്പയറിങ് വരെ എന്തും മനസ്സു തുറന്ന് അഭിനന്ദിക്കുക. ചേർത്തു പിടിച്ച് ഒരുമ്മയാവട്ടേ സമ്മാനം. എന്തു സമ്മാനം കൊടുത്താലും ഇമോഷനൽ സമ്മാനങ്ങളുടെ മൂല്യം വരില്ല.
  • മാതാപിതാക്കൾ ഒരു രീതിയിൽ പറയുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും മറ്റൊരു രീതിയിൽ നിർദേശങ്ങൾ നൽകും. വ്യത്യസ്തമായ സമീപന രീതികൾ അവർക്ക് ആശയക്കുഴപ്പമുണ്ടാക്കും. മാതാപിതാക്കൾ അനുവദിക്കാത്തത് വീട്ടിലെ മറ്റുളളവരുടെ സമ്മതത്തോടെ ചെയ്യുന്നത് പിൽക്കാലത്ത് കുട്ടി ദുരുപയോഗം ചെയ്യും.
  • ജീവിതസാഹചര്യങ്ങളെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കുക. ഓരോ കുട്ടിയേയും സ്വന്തം സാഹചര്യം തിരിച്ചറിഞ്ഞ് വളരാൻ പരിശീലിപ്പിക്കണം.
  • അര മാർക്കു കുറഞ്ഞാൽ ഉണ്ടാവുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഭയപ്പെടുന്നവരുണ്ട്. മാർക്കു കുറഞ്ഞാൽ ജീവിതമേ പോയി എന്ന തോന്നലിലേക്കാണ് രക്ഷിതാക്കൾ അവരെ എത്തിക്കുന്നത്.
  • അവരെ റിലാക്സ് ചെയ്യിക്കാൻ സമപ്രായത്തിലുളള കുട്ടികൾക്കൊപ്പം കളിക്കാൻ വിട്ടാൽ മതി.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.