Sections

കഥയോടൊപ്പം സ്വാഭാവികമായി വിരിയുന്ന ചിരിമികവ്; 'പാച്ചുവും അത്ഭുത വിളക്കും' ഒരു ടോട്ടൽ ഫഹദ് ഷോ

Tuesday, May 02, 2023
Reported By Admin
Pachuvum Athbhutha Vilakkum

'പാച്ചുവും അത്ഭുത വിളക്കും' ഒരു ടോട്ടൽ ഫഹദ് ഷോ


അലാവുദ്ദീന്റെ അത്ഭുതവിളക്ക് നമുക്കൊക്കെയും പരിചയമുള്ളൊരു കഥയാണ്. ആഗ്രഹങ്ങളൊക്കെയും സാധിച്ചു തരുന്നൊരു ഭൂതത്തിന്റെ വിളക്ക് അന്നും ഇന്നും നമുക്കോരോരുത്തർക്കും ഫാൻറസിയാണ്. അത്തരം ഫാൻറസികളൊന്നുമില്ലെങ്കിലും ചെറിയ കാര്യങ്ങളിലെ വലിയ അത്ഭുതങ്ങളിലൂടെയാണ് പാച്ചുവിന്റെ ജീവിതത്തിലേക്കും ഒരു ജീവിക്കുന്ന അത്ഭുതവിളക്ക് വന്നെത്തുന്നത്. പാച്ചുവിന് അതിന് ശേഷം പുതിയ സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, നിയോഗങ്ങളാണ്. പാച്ചുവിൻറേയും അയാളുടെ ചുറ്റിനുമുള്ളവരുടെയും ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്ന ആ അത്ഭുതത്തിൻറെ കഥ പറയുകയാണ് അഖിൽ സത്യൻറെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ 'പാച്ചുവും അത്ഭുതവിളക്കും'.

കുടുംബ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ എഴുതി സംവിധാനം ചെയ്ത ചിത്രം അടിമുടി ഒരു ഫാമിലി ഫീൽ ഗുഡ് സിനിമയാണ്. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ സ്വഭാവിക നർമ്മങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന, തിയറ്ററിൽ പൊട്ടിച്ചിരി സമ്മാനിക്കുന്നൊരു അനുഭവമാക്കിയിരിക്കുകയാണ് 'പാച്ചുവും അത്ഭുതവിളക്കും'.

മുംബൈയിൽ ഒരു ആയുവേദ ക്ലിനിക്കിന്റെ ഫ്രാഞ്ചൈസി നടത്തി ജീവിക്കുന്നൊരു സാധാരണക്കാരനാണ് പ്രശാന്ത്. അടുപ്പമുള്ളവർ അയാളെ പാച്ചുവെന്ന് വിളിക്കും. പ്രായം 34 ആയെങ്കിലും കല്യാണം കഴിഞ്ഞിട്ടില്ല, മുപ്പതിലേറെ പെണ്ണുകാണലുകൾ ഇതിനകം നടത്തി കഴിഞ്ഞു. ഒരിക്കൽ നാട്ടിലെത്തി തിരികെ പോകേണ്ട സാഹചര്യത്തിൽ അയാളുടെ ജീവിതത്തിലേക്ക് ചിലരെത്തുകയാണ്. അവരുടെയെല്ലാം മനസ് തൊട്ടറിയുന്നതോടെ ശേഷം പാച്ചുവും പ്രേക്ഷകരും അത്ഭുതങ്ങൾ ദർശിക്കുകയാണ്.

ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അഖിൽ സത്യൻ തന്നെയാണ്. തികച്ചും സ്വാഭാവികമായി മുന്നോട്ടു പോകാവുന്ന ഓരോ സന്ദർഭങ്ങളെയും ലളിത സുന്ദരമായ നർമ മുഹൂർത്തങ്ങളിലൂടെ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യ പകുതിയിൽ നർമ്മരസത്തെ മുറുകെ പിടിക്കുമ്പോൾ വൈകാരിക അനുഭവങ്ങളിലൂടെ രണ്ടാം പകുതിയിൽ ഹൃദയത്തെ സ്പർശിക്കാനും ഉള്ളുതൊടുന്നൊരു സന്ദേശം നൽകാനും ചിത്രത്തിനു കഴിയുന്നുണ്ട്.

പാച്ചുവായെത്തിയിരിക്കുന്ന ഫഹദാണ് സിനിമയുടെ ആത്മാവ്. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായി ഫഹദ് ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കും. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജന ജയപ്രകാശ്, ലൈല ഉമ്മച്ചിയായെത്തിയ വിജി വെങ്കടേഷ്, നിധിയായെത്തിയ ധ്വനി രാജേഷ് തുടങ്ങിയവരും മികച്ച അഭിനയമുഹൂർത്തങ്ങളാണ് നൽകിയത്. മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം തുടങ്ങി ഒരുപിടി താരങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന പ്രകടനമാണ്.

മുംബൈയിലും കേരളത്തിലും ഗോവയിലുമായി നടക്കുന്ന സിനിമയിൽ ശരൺ വേലായുധൻ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. വൈകാരികമായി മുന്നോട്ടു കൊണ്ടു പോകുന്നതിൽ ജസ്റ്റിൻ പ്രഭാകറിന്റെ സംഗീതവും പ്രധാന പങ്കുവിച്ചിട്ടുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തീർച്ചയായും ഈ അവധിക്കാലം പ്രേക്ഷകർക്കൊരു ചിരി വിരുന്നായിരിക്കും പാച്ചുവും അത്ഭുതവിളക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.