- Trending Now:
കോട്ടയം: സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളര്‍ന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ മുന്നേറുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കര്‍ഷകരുടെ ഉന്നമനത്തിനും റബ്ബര്‍ കൃഷിയുടെ ഉണര്‍വിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉത്പാദന- തൊഴില്‍ സാഹചര്യങ്ങളില്‍ അടിമുടി മാറ്റം വരുത്തിയുളള മുന്നേറ്റത്തിനായി പുതിയ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തിയാണ് നീങ്ങുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി സംരക്ഷിക്കുന്ന രീതിയല്ല സര്‍ക്കാര്‍ ഉദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന പങ്കാണ് സര്‍ക്കാര്‍ നിര്‍വഹിക്കുക. ഉത്പാദന രംഗം മത്സരാധിഷ്ഠിതവും ലാഭകരവുമാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ തൊഴിലാളികളും മാനേജ്മെന്റും ചേര്‍ന്ന് നടത്തണം. ഉത്പാദന വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള ശമ്പള വര്‍ധനയും യോഗ്യതക്ക് അനുസരിച്ചുള്ള സ്ഥാനക്കയറ്റവുമാണുണ്ടാകുക. കമ്പനി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തന രീതികള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. എല്ലാ മാസവും പ്രവര്‍ത്തന റിപ്പോട്ടും വരവ്-ചെലവ് കണക്കും വിലയിരുത്തും.
വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനോട് ചേര്‍ന്ന് സജ്ജമാക്കുന്ന കേരള റബ്ബര്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിലൂടെ റബ്ബര്‍ മേഖലയില്‍ നിന്നു കൂടുതല്‍ വരുമാനം ലഭിക്കുന്ന സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു. റബ്ബര്‍ മേഖലയിലെ കര്‍ഷകര്‍, സംരംഭകര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. നിലവാരമുള്ള റബ്ബര്‍ ഉത്പ്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സാങ്കേതിക സഹായവും മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മാണത്തിന് സംരംഭകര്‍ക്ക് പൊതുവായ സൗകര്യങ്ങളും ലഭ്യമാക്കും. റബ്ബര്‍ ടെസ്റ്റിംഗ്, അക്കാദമിക് ലിങ്കേജ്, സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണ എന്നിവ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
കേരള ന്യൂസ്പ്രിന്റ് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബില്‍ ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി., അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.ആര്‍.എല്‍ നിര്‍മാണത്തിനായി കിഫ് കോണും റബര്‍ ബോര്‍ഡും ചേര്‍ന്ന് തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ അവതരിപ്പിച്ചു. കെ.ആര്‍.എല്‍. ചെയര്‍പേഴ്‌സണ്‍ ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് സ്പെഷല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.