Sections

സംസ്ഥാനത്തെ അമിതവില, പൂഴ്ത്തിവയ്പ്പ് തടയൽ; പരിശോധന തുടരുന്നു

Sunday, Jul 16, 2023
Reported By admin
kerala

കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി


കോട്ടയം;  അമിത വിലയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. ജില്ലയിൽ വെള്ളിയാഴ്ച 142 കടകളിൽ പരിശോധന നടന്നതായും 64 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതുവരെ 61,000 രൂപ പിഴയീടാക്കി. ലീഗൽ മെട്രോളജി വകുപ്പ് പിഴയീടാക്കാനുള്ള നടപടികൾ ആരംഭിച്ചു.

രണ്ടു ദിവസമായി 250 കടകളിലാണ് സ്‌പെഷൽ സ്‌ക്വാഡ് പരിശോധന നടത്തിയത്. 114 ഇടത്ത് ക്രമക്കേട് കണ്ടെത്തി. ഇന്നലെ കോട്ടയം താലൂക്കിൽ 30 കടകളിൽ നടന്ന പരിശോധനയിൽ 16 ഇടത്തും ചങ്ങനാശേരിയിൽ 21 കടകളിൽ 9 ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 34 കടകളിൽ 14 ഇടത്തും മീനച്ചിലിൽ 32 കടകളിൽ 13 ഇടത്തും വൈക്കം താലൂക്കിൽ 25 കടകളിൽ 12 ഇടത്തും ക്രമക്കേട് കണ്ടെത്തി.

വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ വില കൃത്യമായി രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന ആറ് സ്‌ക്വാഡുകൾ പരിശോധന നടത്തുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.