Sections

ഓഡിറ്റോറിയം മുതല്‍ മീന്‍കച്ചവടം വരെ, നമ്മുടെ പ്രിയ താരങ്ങളുടെ മറ്റ് ബിസിനസുകള്‍ അറിഞ്ഞാലോ?

Tuesday, Jan 25, 2022
Reported By Ambu Senan
the local economy

അഭിനയത്തിനൊപ്പം ബിസിനസും മുന്നോട്ട് കൊണ്ടുപോകുന്ന കുറച്ച്  മലയാളം-തമിഴ് നടീ-നടന്മാരെ നമുക്ക് നോക്കാം 

 

നമുക്ക് അവര്‍ വെള്ളിത്തിരയില്‍ മിന്നും താരങ്ങളാണ്. എന്നാല്‍ അവര്‍ വെറും താരങ്ങള്‍ മാത്രമല്ല. അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന കാശ് മറ്റ് ബിസിനസുകളില്‍ മുടക്കി കൂടുതല്‍ പണമുണ്ടാക്കുന്ന, മറ്റുള്ളവര്‍ക്ക് തൊഴിലവസരം നല്‍കുന്ന സംരംഭകര്‍ കൂടിയാണ്. തുണിക്കട, മാള്‍, തുടങ്ങി മീന്‍കച്ചവടം വരെ ചെയ്യുന്ന താരങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ലോകത്തുള്ള 99.9% നടീ-നടന്മാരും ഇങ്ങനെയൊക്കെ തന്നെയാകും. ഇങ്ങനെ അഭിനയത്തിനൊപ്പം ബിസിനസും മുന്നോട്ട് കൊണ്ടുപോകുന്ന കുറച്ച്  മലയാളം-തമിഴ് നടീ-നടന്മാരെ നമുക്ക് നോക്കാം 

ലെന 
  
ആല്‍ബത്തിലൂടെയും സീരിയലിലൂടെയും അഭിനയലോകത്തേക്ക് കടന്നു വന്ന ലെന പിന്നീട് സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മാറുകയായിരുന്നു. അഭിനയജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ 2015ലാണ് ലെന തന്റെ ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനത്തിന് തുടക്കമിട്ടത്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്‌ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്നവരുടെ ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് ആകൃതിയുടെ ലക്ഷ്യം.

                                  

കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ആകൃതി 2017ല്‍ കൊച്ചി ഇടപ്പള്ളിയിലും പ്രവര്‍ത്തനമാരംഭിച്ചു. പുതുമയുള്ള സ്ലിമ്മിംഗ് രീതികളാണ് ആകൃതി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. ഫിസിയോ തെറാപ്പി ബേസ്ഡ് ആണ് എല്ലാം. ഡയറ്റിംഗ് ഇല്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ആര്യ 

തമിഴകത്ത് എന്നത് പോലെ തന്നെ മലയാളികള്‍ക്കും ഏറെ പരിചിതനാണ് ആര്യ. സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം തന്നെ നിര്‍മാണ മേഖലയിലും ആര്യ തിളങ്ങുന്നുണ്ട്. പൃഥ്വിരാജ്,ഷാജി നടേശന്‍ എന്നിവരുമായി ചേര്‍ന്ന് ആര്യ നിര്‍മാണ കമ്പനി നടത്തിയിരുന്നു. സിനിമയ്ക്കപ്പുറം മറ്റൊരു ബിസിനസ് കൂടെ ആര്യയ്ക്കുണ്ട്. സീ ഷെല്‍ എന്ന റസ്റ്റോറന്റ് ഉടമസ്ഥനാണ് ആര്യ. ചെന്നൈയിലും വിദേശത്തും ഇതിന്റെ ശാഖകളുണ്ട്.

               

റീമ കല്ലിങ്കല്‍ 

മലയാളികളുടെ പ്രിയ നായികമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടാന്‍ റിമയ്ക്ക് സാധിച്ചു. അഭിനേത്രിയും നിര്‍മാതാവും മാത്രമല്ല, നല്ലൊരു നര്‍ത്തകി കൂടിയാണ് റിമ കല്ലിങ്കല്‍. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും താരം നടത്തിവരുന്നുണ്ട്. മാമാങ്കം പെര്‍ഫൊമിങ് ആര്‍ട്സ് സെന്റര്‍ എന്ന പേരില്‍ ദോഹയിലും കൊച്ചിയിലുമാണ് റിമ നൃത്ത വിദ്യാലയം നടത്തുന്നത്. ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ എന്ന ആര്‍ട്ട് കഫേയോട് ചേര്‍ന്നുള്ള സ്‌കൂള്‍ 2014ലാണ് ആരംഭിച്ചത്.

                                                           

ധര്‍മജന്‍ ബോള്‍ഗാട്ടി 

മിനിസ്‌ക്രീനിലൂടെ വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. 2018ലാണ് അഭിനയം മാത്രമല്ല കച്ചവടം തനിക്ക് ഇണങ്ങുമെന്ന് ധര്‍മജന്‍ തെളിയിച്ചത്. കൊച്ചി അയ്യപ്പന്‍കാവില്‍ ആണ് താരം തന്റെ ആദ്യ ബിസിനസ് സംരംഭമായ ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിച്ചത്. നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ് ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തത്.

കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മജന്‍ വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലെത്തിയത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ വിജയത്തിന് ശേഷം ആ കൊല്ലംതന്നെ ധര്‍മജന്‍ തന്റെ മത്സ്യ ബിസിനസ് വ്യാപിപ്പിച്ചു. മത്സ്യ വില്‍പ്പനയോടൊപ്പം താരം മീന്‍കറി വില്‍പ്പനയും തുടങ്ങി. ധര്‍മ്മജനും ഉറ്റസുഹൃത്തുക്കളായ 11 പേരും ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കിയത്.

                        

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്‌ക്കെത്തിക്കുന്നുണ്ട്. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്‌ലാറ്റുകളിലും എത്തിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. രമേഷ് പിഷാരടി, വിജയരാഘവന്‍, ടിനി ടോം തുടങ്ങിയ താരങ്ങള്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്തിട്ടുണ്ട്.

പൂര്‍ണിമ 

അഭിനേത്രിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമ കൊച്ചി പനമ്പളി നഗറില്‍ ആരംഭിച്ച പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡ് വളരെക്കുറഞ്ഞ കാലം കൊണ്ടാണ് കേരളത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ചത്. 2013ല്‍ സ്ഥാപിച്ച പ്രാണയിലൂടെ സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ ജോലികള്‍ക്കൊപ്പം വനിതാ സംരംഭകയെന്ന റോളും തനിക്ക് ചേരുമെന്ന് പൂര്‍ണിമ തെളിയിച്ചു. ഇന്ത്യന്‍ വസ്ത്രങ്ങളെ പാശ്ചാത്യശൈലിയുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതില്‍ പൂര്‍ണിമയുടെ പ്രാണ വിജയിച്ചു.

                                        

വിജയ് 

തമിഴകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഇളയദളപതി വിജയ്. ഏറ്റവും വലിയ ബോക്സോഫീസ് താരം. എന്നാല്‍ സിനിമകള്‍ക്ക് അപ്പുറം വിജയ്ക്ക് വേറെയും ചില ബിസിനസ്സുകളുണ്ട്. അമ്മ ശോഭയുടെ പേരിലും മകന്‍ സഞ്ജയ് യുടെ പേരിലും ഭാര്യ സംഗീതയുടെ പേരിലും കല്യാണ ഓഡിറ്റോറിയം ഉള്ള നടനാണ് വിജയ്. ഇത് കൂടാതെ വിജയ് യുടെ തന്നെ നാല് പഴയ വീടുകള്‍ വാടകയ്ക്കും നല്‍കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.