Sections

ചിറ്റരത്ത പുതിയ പരീക്ഷണത്തിന് തയ്യാറാകുന്ന കര്‍ഷകര്‍ക്ക് മികച്ച വിള !

Friday, Oct 28, 2022
Reported By admin
Chittaratha

മഴക്കാലമാണ് ചിറ്റരത്തയുടെ നടീലിനു പറ്റിയകാലം. നനയ്ക്കാന്‍ സൗകര്യമുള്ളപക്ഷം ഇത് എക്കാലവും കൃഷിചെയ്യാം. ഇഞ്ചി, മഞ്ഞള്‍ കച്ചോലം തുടങ്ങിയവയേപ്പോലെ ഇതിന് പ്രത്യേക നടീല്‍ സീസണ്‍ ഇല്ല

 

കോവിഡ് പ്രതിസന്ധികള്‍ക്ക് പിന്നാലെ നാട്ടില്‍ ആളുകള്‍ കൃഷിയിലേക്ക് തിരിഞ്ഞതോടെ വലിയ ലാഭകരമായിരുന്ന പലതരം കൃഷികളും ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.വര്‍ഷങ്ങളായി കൃഷിയില്‍ തുടരുന്ന കര്‍ഷകര്‍ക്ക് പതിവു വിളകള്‍ ഒഴിവാക്കി മറ്റിനങ്ങള്‍ തേടിപോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.ഇത്തരത്തില്‍ പരീക്ഷണങ്ങളിലേക്ക് കടക്കാനും പുതുവിളകള്‍ പരീക്ഷിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു വിളയാണ് ചിറ്റരത്ത. ഇഞ്ചി, മഞ്ഞള്‍, കച്ചോലം, കൂവ, കോലിഞ്ചി തുടങ്ങിയവയുടെ കൃഷിയെക്കാള്‍ ആദായകരമാണ് ചിറ്റരത്തയുടെ കൃഷി. ഇതിന്റെ കൃഷിരീതി വളരെ ലളിതവും ചെലവ് കുറഞ്ഞതുമാണ്.

മഴക്കാലമാണ് ചിറ്റരത്തയുടെ നടീലിനു പറ്റിയകാലം. നനയ്ക്കാന്‍ സൗകര്യമുള്ളപക്ഷം ഇത് എക്കാലവും കൃഷിചെയ്യാം. ഇഞ്ചി, മഞ്ഞള്‍ കച്ചോലം തുടങ്ങിയവയേപ്പോലെ ഇതിന് പ്രത്യേക നടീല്‍ സീസണ്‍ ഇല്ല.ഇഞ്ചിയുടേതുപോലെ മണ്ണിനു സമാന്തരമായി വളരുന്ന ഭൂകാണ്ഡമാണ് ചിറ്റരത്തയ്ക്കുള്ളത്. ഇത്തരം ഭൂകാണ്ഡങ്ങള്‍ ഒന്നോ രണ്ടോ മുളകളോടുകൂടി മുറിച്ചെടുത്ത് നടീലിനുപയോഗിക്കാം. ചിറ്റരത്തയുടെ ഭൂകാണ്ഡം നടാനുപയോഗിക്കുമ്പോള്‍ അതിനോടു ചേര്‍ന്ന് ഇളം മുളയോ പ്രായമെത്തിയ സസ്യമോ കാണും.

നടീലിനുമുമ്പ് സ്ഥലം ഒരടി ആഴത്തില്‍ കിളച്ചൊരുക്കുക. തുടര്‍ന്ന് ശരാശരി ഒരു മീറ്റര്‍ അകലത്തില്‍ 30 സെ.മീ. വ്യാസത്തിലും അത്രയും തന്നെ ആഴത്തിലും കുഴികളെടുക്കുക. കുഴികളില്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേല്‍മണ്ണും തുല്യ അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം നിറച്ചു മൂടുക. ഇതിലേക്ക് ഭൂകാണ്ഡങ്ങള്‍ നട്ടുവളര്‍ത്താം.


ഔഷധസസ്യമായതിനാല്‍ കാലിവളം, കമ്പോസ്റ്റ്, പിണ്ണാക്കുവര്‍ഗ്ഗങ്ങള്‍ (പ്രത്യേകിച്ചും വേപ്പിന്‍പിണ്ണാക്ക്) എല്ലുപൊടി, സ്റ്റെരാമില്‍ മുതലായ ജൈവ വളങ്ങള്‍ ചിറ്റരത്തയ്ക്കു ചേര്‍ത്തു കൊടുക്കാം. സാമാന്യം ഫലപുഷ്ടിയുള്ള മണ്ണാണെങ്കില്‍ കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കില്‍പ്പോലും ചിറ്റരത്തയില്‍ നിന്നും നല്ല വിളവു പ്രതീക്ഷിക്കാം.സൗകര്യമുള്ളപക്ഷം വേനല്‍കാലത്തു നനയ്ക്കുന്നത് നന്ന്. എന്നാല്‍ ചെടിയുടെ ചുവട്ടില്‍, പ്രത്യേകിച്ചും മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് നന്നല്ല. ആറുമാസത്തിലൊരിക്കല്‍ ചെട്ടിയുടെ ചുവട്ടില്‍ അധികം കനത്തിലല്ലാതെ മണ്ണുകോരിയിട്ടു കൊടുക്കുന്നതും നല്ലതാണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.