Sections

ഓണ്‍ലൈനില്‍ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് വലിയൊരു കല്ല്; പണം നല്‍കാന്‍ വിസമ്മതിച്ചു, പിന്നീട്

Thursday, Oct 27, 2022
Reported By admin
flipkart

പണം തരില്ലെന്ന നിലപാടിലായിരുന്നു ആദ്യം

 

അനേകം ഓഫറുകളാണ് അടുത്തിടെയായി ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ആഘോഷ കാലത്താണ് ഓഫറുകളുടെ പെരുമഴയാണ്. ഈ സമയത്താണ് മംഗലാപുരത്ത് നിന്നുള്ള ഒരു ഉപഭോക്താവ് ഫ്‌ലിപ്കാര്‍ട്ട് വഴി ഒരു ഗെയിമിംഗ് ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കിട്ടിയത് കല്ലുകളും കുറേ ഇലക്ട്രോണിക് മാലിന്യവും ആയിരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഇതോടെ മുഴുവന്‍ പണവും തിരിച്ചുനല്‍കി ഫ്‌ലിപ്കാര്‍ട്ട് പ്രശ്‌നം പരിഹരിച്ചു.

ഒക്ടോബര്‍ 15നാണ് മംഗലാപുരം സ്വദേശിയായ ചിന്മയ രമണ അസ്യൂസ് ടിയുഎഫ് ഗെയിമിംഗ് എഫ് 15 ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. സുഹൃത്തിന് വേണ്ടിയായിരുന്നു ഇത്. ഒക്ടോബര്‍ 20ന് സീല്‍ ചെയ്ത ഒരു പെട്ടി ഇയാളുടെ വീട്ടില്‍ കിട്ടി. തുറന്നു നോക്കിയവര്‍ ഞെട്ടിയെന്ന് പറയേണ്ടതില്ലല്ലോ. കുറെയധികം കല്ലുകളും മാലിന്യവും ആയിരുന്നു ആ പെട്ടിക്കകത്ത്. തുടര്‍ന്നാണ് ചിന്മയ പരാതി നല്‍കിയതും ഫ്‌ലിപ്കാര്‍ട്ട് ഇതിന് റീഫണ്ട് നല്കിയതും.

ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഓപ്പണ്‍ ബോക്‌സ് ഡെലിവറി എന്നൊരു സൗകര്യമൊരുക്കുന്നുണ്ട്. ഡെലിവറി സമയത്ത്, ഡെലിവറി പാര്‍ട്ണര്‍ തന്നെ പെട്ടി പൊട്ടിച്ച് ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം തന്നെയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് ഉറപ്പാക്കുന്ന രീതിയാണ് ഇത്. എന്നാല്‍ ചിന്മയ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നത്തിന് ഈ സൗകര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഓപ്പണ്‍ ബോക്‌സ് ഡെലിവറി ചിന്മയ തിരഞ്ഞെടുത്തിരുന്നുമില്ല.

സാധനം വിറ്റ കമ്പനിയെ ആണ് റീഫണ്ടിനായി ആദ്യം ചിന്മയ സമീപിച്ചത്. പണം തരില്ലെന്ന നിലപാടിലായിരുന്നു ആദ്യം സെല്ലര്‍മാര്‍. തുടര്‍ന്നാണ് ഉപഭോക്താവ് പരാതിയുമായി ഫ്‌ലിപ്കാര്‍ട്ട് കമ്പനിയെ സമീപിച്ചത്. സാധനം ഡെലിവറി ചെയ്ത അന്ന് തന്നെ ഫോട്ടോകള്‍ അടക്കം മുഴുവന്‍ തെളിവുകളുമായി ഫ്‌ലിപ്കാര്‍ട്ടില്‍ പരാതി നല്‍കുകയായിരുന്നു. ഒക്ടോബര്‍ 23ന് തന്നെ മുഴുവന്‍ പണവും ഇയാള്‍ക്ക് തിരികെ കിട്ടി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.