- Trending Now:
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്നും ഒരു മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ ഇത് അവസരമൊരുക്കും
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നി സംസ്ഥാനങ്ങളില്‍ വിജയകരമായി പരീക്ഷിച്ച ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ പ്രവര്‍ത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. സെപ്റ്റംബറില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഷീറോ ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകളെ സംരംഭകരാക്കി മാറ്റി വനിതാ ശാക്തീകരണത്തിന് കരുത്തുപകരുകയാണ് ലക്ഷ്യം. രാജ്യത്ത് 10 ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് കമ്പനിയുടെ ആത്യന്തികമായ പദ്ധതി. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമാണ് ഷീറോയെന്നും അദ്ദേഹം പറഞ്ഞു.
സ്വിഗി, സൊമാറ്റോ പോലെ കേവലം ഒരു ഡെലിവറി ആപ്പ് മാത്രമല്ല ഇത്. ലൈസന്‍സിങ്, പരിശീലനം, ബ്രാന്‍ഡിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, മെന്ററിങ്, ഡെലിവറി, പേയ്മെന്റ് ഗേറ്റ് വേ എന്നിവയെല്ലാം അടങ്ങുന്ന ഒരു സമഗ്ര ഹോം ഫുഡ് പ്ലാറ്റ്ഫോമാണിത്. സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് കൊണ്ടുതന്നെ സംരംഭകരാകാനും വരുമാനം ഉണ്ടാക്കാനും ഇത് അവസരം ഒരുക്കുന്നതായും ജോര്‍ജ് ആന്റണി വ്യക്തമാക്കി.
2020ല്‍ ചെന്നൈ കേന്ദ്രമായി തുടങ്ങിയ പ്ലാറ്റ്ഫോം രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായാണ് കേരളത്തിലെ പ്രവര്‍ത്തനം. തുടക്കത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ലഭ്യമാക്കുക. കോഴിക്കോടിന് പുറമേ കൊച്ചി, തിരുവനന്തപുരം എന്നി നഗരങ്ങളിലും തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വരുന്ന രണ്ടുവര്‍ഷം കൊണ്ട് രാജ്യമൊട്ടാകെ 500 അടുക്കളകള്‍ എന്ന തലത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ കീഴില്‍ 300ലധികം കിച്ചണ്‍ പാര്‍ട്ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളിലെ അടുക്കളകളില്‍ ഉണ്ടാക്കുന്ന 175ല്‍ അധികം വിഭവങ്ങളാണ് ഷീറോ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. കേരളം, തമിഴ്നാട്, ചെട്ടിനാട്, ആന്ധ്ര, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളാണ് ഇപ്പോള്‍ മെനുവില്‍ ഉള്ളത്. വീടുകളില്‍ തന്നെ അടുക്കള സജ്ജീകരിക്കുന്ന ന്യൂക്ലിയര്‍ കിച്ചണ്‍, കുറച്ചുകൂടി വിപുലമായി കൂടുതല്‍ സൗകര്യങ്ങളോടെ ജീവനക്കാരെ ഉള്‍പ്പെടുത്തി സജ്ജമാക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ എന്നി രണ്ടു ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം.
പാര്‍ട്ണര്‍ കിച്ചന്‍ അനുവദിക്കുന്നതിന് ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. ഏതാനും ദിവസത്തെ പരിശീലനവും ഒരുക്കവും കഴിഞ്ഞാല്‍ ബിസിനസിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും ജോര്‍ജ് ആന്റണി പറഞ്ഞു. ഷീറോയുടെ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന വിഭവങ്ങള്‍ക്ക് രുചി, നിറം, ഗുണനിലവാരം എന്നിവയില്‍ ഏകീകൃത സ്വഭാവം ഉണ്ടാകും. കുറഞ്ഞ നടപടിക്രമങ്ങളിലൂടെ ചുരുങ്ങിയ ചെലവില്‍ തന്നെ ഇതില്‍ പങ്കാളിയാവാന്‍ സാധിക്കുമെന്നും വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്നും ഒരു മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ ഇത് അവസരമൊരുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.