Sections

വിടവാങ്ങിയത് കേരളത്തെ സ്റ്റാർട്ടപ്പ് എന്താണെന്ന് പഠിപ്പിച്ച ബിസിനസ് സൗഹൃദ നേതാവ്

Tuesday, Jul 18, 2023
Reported By admin
oomen chandy

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിച്ചിരുന്ന യുവാക്കൾക്ക് ആത്മവിശ്വാസവും ഊർജവും നൽകിയിട്ടുണ്ട്


കേരളത്തിൽ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ജനനായകനായി വിട വാങ്ങിയ ഉമ്മൻ ചാണ്ടി. 'കേരളം ഒരു വികസിത സംസ്ഥാനമായി മാറണമെങ്കിൽ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ പോസിറ്റീവായ, ഒരു സംരംഭകത്വ മനോഭാവം വളർന്നുവരണം. അതിന് എൻജിനീയറിങ് പോലുള്ള വിദ്യാഭ്യാസ പഠന പദ്ധതികളിൽ സംരംഭകത്വം ഒരു ഭാഗമാകണം'2015 സെപ്റ്റംബറിൽ നടന്ന 'യെസ്' സംരംഭകത്വ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുകളാണിത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വ്യാപകമായി നടന്ന സംരംഭകത്വ പ്രചരണ പരിപാടികൾ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിച്ചിരുന്ന യുവാക്കൾക്ക് ആത്മവിശ്വാസവും ഊർജവും നൽകിയിട്ടുണ്ട്. 

വിദ്യാർത്ഥി സംരംഭകത്വ പദ്ധതികൾ പ്രോൽസാഹിപ്പിക്കാനും കേരളത്തിലെ നവസംരംഭകർക്ക് ഇരുത്തം വന്ന വൻകിട സംരംഭകരുടെ മെന്ററിങ് സാധ്യമാക്കാനുമെല്ലാം ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. ലോകം മാറുമ്പോൾ കേരളവും സ്റ്റാർട്ടപ്പ് വിപ്ലവത്തിന്റെ സുവർണകാലത്തിലേക്ക് ചുവടുവെക്കണമെന്ന് ആഗ്രഹിച്ച് പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നു മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടി. 

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അതിൽ വിവാദങ്ങളെ അദ്ദേഹം ഭയന്നിരുന്നില്ല. 1995ൽ ആരംഭിച്ച വിഴിഞ്ഞം പദ്ധതിയുടെ ഗതി മാറിത്തുടങ്ങിയത് 2011ൽ ഉമ്മൻ ചാണ്ടി അധികാരമേറ്റ ശേഷമായിരുന്നു. 2015 ഡിസംബറിൽ തുറമുഖ നിർമാണം ആരംഭിക്കുന്നതിന് ചെലുത്തിയ സമ്മർദങ്ങൾ ചെറുതല്ല. രാജ്യത്തിന്റെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി പുരോഗമിക്കുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.