Sections

ഡിജിറ്റല്‍ വായ്പകള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്

Saturday, Sep 03, 2022
Reported By MANU KILIMANOOR

വായ്പാസ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ അടിസ്ഥാന വിവരങ്ങളല്ലാതെ മറ്റൊന്നും സൂക്ഷിക്കാന്‍ പാടില്ല

 

ഡിജിറ്റല്‍ വായ്പകള്‍ക്കായി ബാങ്കുകള്‍ക്കും വായ്പാ സ്ഥാപനങ്ങള്‍ക്കും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. വായ്പയെടുക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി വിവരശേഖരണത്തിലുള്‍പ്പെടെ കര്‍ശനനിയന്ത്രണം ഉറപ്പാക്കുന്നതാണ് നിര്‍ദേശങ്ങള്‍. ഇതനുസരിച്ച് വായ്പാസ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ അടിസ്ഥാനവിവരങ്ങളല്ലാതെ മറ്റൊന്നും സൂക്ഷിക്കാന്‍ പാടില്ല. വായ്പ്പ നല്‍കുന്നതിനും തിരിച്ചടവ് സ്വീകരിക്കുന്നതിനും ആവശ്യമായ പേര്, വിലാസം, ഫോണ്‍, ഇ-മെയില്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ തുടങ്ങിയവ മാത്രമേ സൂക്ഷിക്കാവൂ. ബയോമെട്രിക് വിവരങ്ങള്‍ ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ വഴി ശേഖരിച്ച് സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.വാണിജ്യബാങ്കുകള്‍, പ്രാഥമിക സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്കുകള്‍, ജില്ലാ സഹകരണബാങ്കുകള്‍, ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇതു ബാധകമായിരിക്കും.

പ്രധാന നിര്‍ദേശങ്ങള്‍

  • ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലെ ഫയലുകളിലും മീഡിയ, കോണ്‍ടാക്ട് ലിസ്റ്റ്, കോള്‍ ലോഗ് തുടങ്ങിയവയിലൊന്നും ആപ്പുകള്‍ക്ക് പ്രവേശനം പാടില്ല. ക്യാമറ, മൈക്രോഫോണ്‍, ഭൗമസ്ഥാനം എന്നിവ കെ.വൈ.സി ആവശ്യങ്ങള്‍ക്കായി ഒറ്റത്തവണ ഉപഭോക്താവിന്റെ അനുമതിയോടെ ഉപയോഗിക്കാം.
  • ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ എന്തെല്ലാം വിവരങ്ങള്‍ എത്രകാലം സൂക്ഷിക്കുമെന്ന് അവരെ അറിയിച്ചിരിക്കണം. അവ ഒഴിവാക്കാനുള്ള നയവും രീതിയും വ്യക്തമാക്കണം.
  • ഡിജിറ്റല്‍ വായ്പയ്ക്കാവശ്യമായ എല്ലാ ചെലവുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം. തിരിച്ചടവ് മുടങ്ങിയാലുള്ള പിഴയും ചാര്‍ജുകളും നേരത്തേ അറിയിക്കണം. ഇതില്‍ ഉള്‍പ്പെടാത്ത ഒരു തുകയും പിന്നീട് ഈടാക്കാന്‍ പാടില്ല.ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അവരുടെ ഡിജിറ്റല്‍ വായ്പാ ആപ്പുകളുടെയും ഡിജിറ്റല്‍ വായ്പാ സേവനങ്ങള്‍ നല്‍കുന്നവരുടെയും വിവരങ്ങള്‍ വെബ്റ്റി സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
  • തര്‍ക്കപരിഹാരസംവിധാനം ഏര്‍പ്പെടുത്തണം. പരാതികള്‍ നല്‍കാന്‍ ആപ്പുകളി ലും വെബ്‌സൈറ്റുകളിലും സൗകര്യം വേണം. പരാതിയില്‍ 30 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ആര്‍.ബി.ഐ.യുടെ ഓം ബുഡ്‌സ്മാന്‍ പദ്ധതിയില്‍ പരാതിനല്‍കാം.
  • വായ്പാപരിധി ഉപഭോക്താക്കളുടെ അനുമതിയില്ലാതെ മാറ്റരുത്. എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അനുമതി നിഷേധിക്കാന്‍ സംവിധാനമുണ്ടായിരിക്കണം.
  • 2022 നവംബര്‍ 30-നകം നിലവിലുള്ള ഡിജിറ്റല്‍വായ്പകള്‍ പുതിയ മാര്‍ഗനിര്‍ദേ ശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആര്‍.ബി.ഐ. നിര്‍ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.