Sections

3 മാസം കൊണ്ട് കൊല്ലം സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒരു കോടി ആറു ലക്ഷം രൂപ

Saturday, Oct 22, 2022
Reported By MANU KILIMANOOR

പ്രതിയെ കോടതിയില്‍ ഹാജരാക്കി വാഹനത്തില്‍ കയറ്റുമ്പോള്‍ ഒരു വിഭാഗം  തടസം ഉണ്ടാക്കാന്‍ ശ്രമിച്ചു


ഒരു കോടി രൂപയിലധികം കുന്നിക്കോട് സ്വദേശിയായ പ്രവാസിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത പ്രധാന പ്രതികളില്‍ ഒരാളെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ത്രിപുരയില്‍ നിന്നും പിടികൂടിയ കഥ ത്രില്ലിങ്. ഇന്റര്‍നെറ്റിന്റെ സാധ്യത പരമാവധി മുതലെടുത്ത് സാക്ഷരനെന്ന് സ്വയം വിശ്വസിക്കുന്ന മലയാളിയെ സുന്ദരമായി പറ്റിക്കുന്ന നൂറുകണക്കിന് സംഘങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ത്രിപുര സ്വദേശി ആയ ഗവര്‍ണര്‍ റിയാങ്ങാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ സോഷ്യല്‍ എഞ്ചിനീയറിംഗ് മുഖേന ഇറ്റാലിയന്‍ സ്വദേശിനി ആണെന്നും, ഇന്ത്യയില്‍ എത്തുമ്പോള്‍ നേരിട്ട് കാണാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് സുഹൃദ് ബന്ധം സ്ഥാപിച്ചും ബിസിനസ്സില്‍ പങ്കാളി ആക്കാമെന്നും, വിദേശത്ത് നിന്നും ഗിഫ്റ്റ് വന്നിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ക്ലിയറന്‍സ് ഫീ, ഇന്‍കം ടാക്‌സ് തുടങ്ങിയവ അടയ്ക്കണം എന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്.സോഷ്യല്‍ എഞ്ചിനീറിങ്ങിലൂടെ തട്ടിപ്പിനു വിധേയനായ വിവരം മനസിലാക്കാതെ തട്ടിപ്പുകാര്‍ നല്‍കിയ വിവിധ 14 ല്‍ പരം അന്യസംസ്ഥാന ബാങ്ക് അക്കൗണ്ടുകളിലേക്ക് 3 മാസം കൊണ്ട് പരാതിക്കാരന്‍ കൊല്ലം ജില്ലയിലെ തന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 44 തവണയായി ഒരു കോടി ആറു ലക്ഷത്തില്‍ പരം രൂപ സ്വമേധയാ അയച്ചു കൊടുക്കുകയായിരുന്നു. മെസെഞ്ചര്‍ അപ്ലിക്കേഷന്‍ വഴി വീഡിയോ കാള്‍ ചെയ്തായിരുന്നു തട്ടിപ്പു സംഘം പരാതിക്കാരനുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. ഒരു സമയത്തും തട്ടിപ്പുകാര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ക്യാമറ മറച്ചായിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. ക്യാമറ തകരാര്‍ കാരണമാണ് വിഡിയോയില്‍ വരാത്തതെന്നും തട്ടിപ്പുകാര്‍ പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഒടുവില്‍ തട്ടിപ്പുകാരില്‍ നിന്നും പ്രതികരണം ലഭിക്കാതെ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ കൊല്ലം റൂറല്‍ പോലീസിനെ സമീപിക്കുകയും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവിയുടെ നിര്‍ദ്ദേശ പ്രകാരം കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തില്‍ അസം, ത്രിപുര, നാഗാലാന്‍ഡ്,ഡെല്‍ഹി, തെലുങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവിധ തട്ടിപ്പു സംഘങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് നടത്തിയ തട്ടിപ്പു ആണെന്ന് വ്യകതമായത്.സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് സോഷ്യല്‍ എഞ്ചിനീയറിംഗ് വഴി തട്ടിപ്പു നടത്തുന്നവര്‍, കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി സിം കാര്‍ഡ് നല്‍കുന്നവര്‍, പണം സ്വീകരിക്കാന്‍ അക്കൗണ്ട് തുടങ്ങുന്നവര്‍ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള തട്ടിപ്പുകാര്‍ ഏകോപിപ്പിച്ചായിരുന്നു ഇത്രയും വലിയ ഓണ്‍ലൈന്‍ തട്ടിപ്പു നടത്തിയത്. വ്യക്തമായ വിശകനത്തിലൂടെ, ഏറ്റവും കൂടുതല്‍ തുക നേരിട്ടും മറ്റ് തട്ടിപ്പുകാരിലൂടെയും എത്തി ചേര്‍ന്ന ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘം പ്രധാന പ്രതിയിലേക്കു എത്തി ചേര്‍ന്നത്.

അസ്സമിലെ സില്‍ച്ചാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, വ്യാജ രേഖകള്‍ കൊടുത്തു കരസ്ഥമാക്കിയ സിം കാര്‍ഡുകള്‍ ആണ് ഈ തട്ടിപ്പിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നു വ്യക്തമാവുകയും, തുടര്‍ന്ന് പ്രതിയെ തേടി അന്വേഷണ സംഘം ത്രിപുരയിലെ ടൂയിസാമ എന്ന സ്ഥലത്തെ പ്രതിയുടെ വീട്ടില്‍ എത്തിയ വിവരം പ്രതിയായ ഗവര്‍ണര്‍ റിയാങ്ങ് തിരിച്ചറിയുകയും അവിടെ നിന്നും അതിവിദഗ്ധമായി മുങ്ങുകയും ചെയ്തു.പ്രതിയെ അന്വേഷണ സംഘം സാഹസികമായി പിന്തുടര്‍ന്നു ഡാംചേര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ചര്‍ച്ചിന്റെ പഠന ക്ലാസ്സില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിയമാനുസരണം അറസ്റ്റ് ചെയ്തു കാഞ്ചന്‍പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌നു മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. ട്രാന്‍സിറ്റ് റിമാന്‍ഡ് അപേക്ഷ പ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചു തന്നതിന് പ്രകാരം അസം, ത്രിപുര കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കും.

പ്രതിയെ കോടതിയില്‍ ഹാജരാക്കി വാഹനത്തില്‍ കയറ്റുമ്പോള്‍ തടസം ഉണ്ടാക്കാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 28 ലക്ഷത്തില്‍ പരം രൂപയാണ് പ്രതിയുടെ അക്കൗണ്ടിലേക്കു പരാതിക്കാരന്‍ അയച്ചു നല്‍കിയത്. പ്രതി കേരളത്തില്‍ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഹൈദരാബാദില്‍ മാധപൂര്‍ ഹൈ ടെക് സിറ്റിയിലും ജോലി ചെയ്തിട്ടുണ്ട്. ഇനിയും ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ കൂടെ പിടി കൂടാനായി അന്വേഷണ സംഘം ആസ്സമില്‍ തുടരുകയാണ്.കൊല്ലം റൂറല്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി റെജി എബ്രഹാം പി യുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ കേസിന്റെ അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എലിയാസ് പി. ജോര്‍ജ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ സരിന്‍ എ.എസ്, പ്രസന്ന കുമാര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിനു സി.എസ്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ മഹേഷ് മോഹന്‍, സജിത്ത് ജി.കെ, രജിത്ത് ബാലകൃഷ്ണന്‍ എന്നിവരാണ് ഉള്ളത്.ഈ കേസില്‍ നാഗാലാന്‍ഡ് കൊഹിമാ സ്വദേശിയെമറ്റൊരു പ്രതിയെ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എലിയാസ് പി. ജോര്‍ജ്, സബ് ഇന്‍സ്‌പെക്ടര്‍ സരിന്‍ എ.എസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിനു സി.എസ്, സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് ജി.കെ എന്നിവര്‍ ചേര്‍ന്ന് പിടി കൂടിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.