Sections

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ

Friday, Jul 30, 2021
Reported By Admin
minister balagopal

ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വിവിധ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ സെപ്റ്റംബര്‍ വരെ.  5650 കോടിയുടെ ആനുകൂല്യമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

കെഎഫ്സി, കെഎസ്എഫ്ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി. വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാലു ശതമാനം സര്‍ക്കാര്‍ വഹിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

ആറു മാസത്തേക്കാണ് ഇളവ്. 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിടനികുതി ഇളവ് നല്‍കും.സര്‍ക്കാരിന്റെ കടമുറികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാടക ഒഴിവാക്കി. സ്വകാര്യ കട ഉടമകളും ഈ സാഹചര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചെറുകിട വ്യാപാരികള്‍ക്ക് ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. 

കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനമായും കുറച്ചു. കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. ചെറുകിട വ്യവസായങ്ങള്‍ ആരോഗ്യപരിപാലനം ടൂറിസം വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.