Sections

ഓണം വന്നല്ലോ....ഷോപ്പിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

Thursday, Sep 08, 2022
Reported By admin
onam shopping

നിങ്ങള്‍ വില കൂടിയ, ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനുദ്ദേശിക്കുന്ന ഏത് ഉല്പന്നം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിനെപ്പറ്റി പഠിക്കുക


കോവിഡ് കാലത്ത് നഷ്ടമായ ഓണം വീണ്ടും മലയാളികളിലേക്കെത്തി കഴിഞ്ഞു.ഇത്തവണ കോവിഡ് ഭീഷണിയില്‍ കുറവുള്ളതിനാല്‍ വലിയ ബിസിനസ് ആണ് നടക്കുന്നത്. ആ തിരക്കിലലിഞ്ഞ് ഷോപ്പിങ് നടത്താന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ നാടും, വീടും തിരക്കിലമരുന്നതിനു മുമ്പ് സമാധാനമായി ഷോപ്പിങ് നടത്താന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഓണം ഷോപ്പിങ്ങിനു പോവുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണം ലാഭിക്കാനും, പിന്നീട് കടബാധ്യത വരാതെ ആഘോഷങ്ങള്‍ നടത്താനും സാധിക്കും.

ഓണം വിപണി മുന്നില്‍ കണ്ട് ആഴ്ചകള്‍ക്കു മുന്നേ കമ്പനികള്‍ ബിസിനസ് പ്ലാന്‍ ചെയ്യാറുണ്ട്. ഓണ്‍ലൈനിലും, ഓഫ് ലൈനിലും ഓഫറുകളുടെ കുത്തൊഴുക്കാണ് ഇപ്പോഴുള്ളത്. ഇതില്‍ എവിടെ നിന്ന് വാങ്ങിക്കണം ? എന്തൊക്കെ വാങ്ങണം/വാങ്ങേണ്ട ? എന്ന് ഉപഭോക്താക്കള്‍ക്ക് പോലും സ്വയം മനസ്സിലാവാത്ത അവസ്ഥയാണുള്ളത്.

ഓണക്കാലം ഷോപ്പിങ് കാലം കൂടിയാണ്. വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിങ്ങനെ മനുഷ്യന്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും വില്‍പ്പന തകൃതിയായി നടക്കുന്നു. ഇവിടെ എന്തൊക്കെ സാധനങ്ങള്‍ വാങ്ങിക്കേണ്ടതുണ്ട് എന്ന് നേരത്തെ തന്നെ തീരുമാനമെടുക്കാം. ഇതിനായി ഒരു ലിസ്റ്റ് തയ്യാറാക്കാം. നിങ്ങളുടെ ബജറ്റും, ലിസ്റ്റ് പ്രകാരമുള്ള ഏകദേശ ചിലവും കണക്കാക്കി നോക്കുക. ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള സൗകര്യങ്ങള്‍ക്ക് സ്വയം പരിധി നിശ്ചയിക്കുക.

കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളില്‍ നിങ്ങള്‍ വീണു പോകരുത്. അതേസമയം ഓണക്കാലത്ത് ലഭ്യമാവുന്ന ഓഫറുകളെ പ്രയോജനപ്പെടുത്തുകയും വേണം. പത്രത്തിലെയോ, ഓണ്‍ലൈനിലെയോ പരസ്യങ്ങള്‍ ശ്രദ്ധയോടെ പരിശോധിക്കാം. 50% ഓഫര്‍ എന്നു കണ്ടാലുടനെ ആ ഷോപ്പിലേക്ക് ഓടരുത്. മിക്കവാറും ഓഫറുകള്‍ ബ്രാന്‍ഡ് വാല്യു ഇല്ലാത്ത ഉല്പന്നങ്ങള്‍ക്കായിരിക്കും നല്‍കിയിരിക്കുക. വിറ്റൊഴിവാക്കാന്‍ വെച്ചിരിക്കുന്ന ഉല്പന്നങ്ങള്‍, മാര്‍ക്കറ്റില്‍ ട്രെന്‍ഡ് നഷ്ടപ്പെട്ട ഉല്പന്നങ്ങള്‍ എന്നിവ വിറ്റഴിക്കാന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ഓണക്കാലം എന്ന് നമ്മള്‍ മറക്കരുത്. സമയം അല്പം നഷ്ടപ്പെട്ടാലും മൂന്നോ,നാലോ ഷോപ്പുകളില്‍ വിലിനിലവാരവും മറ്റും അന്വേഷിച്ചു മനസ്സിലാക്കാം. ഓണ്‍ലൈന്‍ പര്‍ച്ചേസാണെങ്കില്‍ രണ്ടോ അതിലധികമോ പ്രമുഖ വെബ്‌സൈറ്റുകളില്‍ തിരയാം.

നിങ്ങള്‍ വില കൂടിയ, ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനുദ്ദേശിക്കുന്ന ഏത് ഉല്പന്നം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിനെപ്പറ്റി പഠിക്കുക. ഏറ്റവും പുതിയ ട്രെന്‍ഡ് മനസ്സിലാക്കുക. ഉദാഹരണത്തിന് എസി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അനുബന്ധമായി വൈദ്യുതി ഉപഭോഗം, അതിന് നല്‍കിയിരിക്കുന്ന സ്റ്റാര്‍ റേറ്റിങ്ങിന്റെ അര്‍ത്ഥം, മറ്റ് സാങ്കേതിക കാര്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ ശ്രമിക്കുക. പല വലിയ ഷോറൂമുകളിലും കമ്പനികള്‍ തന്നെ സെയില്‍സ് പ്രമോട് ചെയ്യാറുണ്ട്. ഇക്കാരണത്താല്‍ നിങ്ങള്‍ ഒരു ഉല്പന്നം ഇഷ്ടപ്പെട്ടാല്‍ സെയില്‍സ് പ്രതിനിധി തങ്ങളുടെ ടാര്‍ഗറ്റ് തികയ്ക്കാനായി അത് ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തിയേക്കാം. ഒരിക്കലും ഇതില്‍ ഏതാണ് നല്ലത് ? ഇപ്പോള്‍ മൂവ് ആകുന്ന ഉല്പന്നം ഏതാണ് ? എന്നിങ്ങനെയുള്ളി ചോദ്യങ്ങള്‍ ചോദിച്ചു മാത്രം പ്രൊഡക്ടുകള്‍ വാങ്ങരുത്. നിങ്ങള്‍ എ ടു സെഡ് കാര്യങ്ങള്‍ പഠിച്ചിട്ടാണ് ഉല്പന്നം വാങ്ങാന്‍ ചെല്ലുന്നതെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കു തന്നെയാണ്.ധാരാളം പണം പല രീതിയില്‍ കൈയില്‍ വരുന്ന കാലമാണിത്. അതിനാല്‍ത്തന്നെ ഒരു ഷോപ്പിങ് മൂഡില്‍ കണ്ണില്‍ക്കണ്ടതെല്ലാം വാങ്ങിച്ചു കൂട്ടി കടബാധ്യത വരുത്തിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.