Sections

ഓണം ഖാദി മേളയ്ക്ക് വയനാട് തുടക്കമായി

Friday, Aug 04, 2023
Reported By Admin
Khadi Products

തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ്


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് നിർവ്വഹിച്ചു. കൽപ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.

ഖാദി തൊഴിലാളികളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ ചടങ്ങും നടന്നു. ഖാദി ഓണം മേളയിലെ ആദ്യ വിൽപ്പനയും സമ്മാന കൂപ്പൺ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിർവ്വഹിച്ചു. ഖാദി ബോർഡ് ഡയറക്ടർ കെ.വി ഗിരീഷ്കുമാർ, ഖാദി ഗ്രാമേദ്യോഗ് ഭവൻ മാനേജർ പി.എച്ച് വൈശാഖ്, ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ പി. സുഭാഷ്, വിവിധ യൂണിയൻ പ്രതിനിധികളായ എ.കെ രാജേഷ്, കെ.ടി ഷാജി, ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഖാദി ബോർഡ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഓണം ഖാദി മേളയിൽ തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. സർക്കാർ/ അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. പുത്തൻ ഫാഷനുകളിലെ ഖാദി വസ്ത്രങ്ങളും വിവിധതരം ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും വിപണിയിലിറക്കിയാണ് ഇത്തവണ ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ് എത്തുന്നത്. കോട്ടൺ ഷർട്ടുകൾ, കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, പാന്റുകൾ, ചുരിദാർ മെറ്റീരിയലുകൾ, ബെഡ് ഷീറ്റുകൾ, കാർപ്പെറ്റുകൾ, മുണ്ടുകൾ, തോർത്തുകൾ, ഉന്നക്കിടക്കകൾ, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ മരച്ചക്കിലാട്ടിയ നല്ലെണ്ണ, തേൻ, സോപ്പ് ഉൽപ്പന്നങ്ങൾ, സ്റ്റാർച്ച് ഉൽപന്നങ്ങൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണ്.

ഖാദി മേളയുടെ ഭാഗമായി ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പണും ഒരുക്കിയിട്ടുണ്ട്. സമ്മാന കൂപ്പണുകൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. മാനന്തവാടി ബ്ലോക്ക് കെട്ടിടം, ബത്തേരി മുൻസിപ്പൽ ഓഫീസിന് എതിർവശം, പനമരം ഖാദി ഗ്രാമ സൗഭാഗ്യ, പുൽപ്പള്ളി ഗ്രാമ ശിൽപ എന്നിവിടങ്ങളിലും ഓണം ഖാദി സ്പെഷ്യൽ മേള നടക്കും. ഓണം ഖാദി മേള ആഗസ്റ്റ് 28 ന് സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.