Sections

പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓണം ഖാദി മേള 2023 ന് തുടക്കം

Saturday, Aug 05, 2023
Reported By Admin
Onam Khadi Mela 2023

ഖാദിയിലൂടെ മികച്ച തുണിത്തരങ്ങൾ പരമാവധി വിലക്കുറവിൽ ജനങ്ങളിലെത്തിക്കും : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഖാദി സ്ഥാപനങ്ങളിലൂടെ മികച്ച തുണിത്തരങ്ങൾ പരമാവധി വിലക്കുറവിൽ ജനങ്ങളിലെത്തിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023 ന്റെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഖാദി മേഖല വെല്ലുവിളികൾ നേരിടുന്നുണ്ട്. വനിതാ തൊഴിലാളികളാണ് ഈ മേഖലയിൽ കൂടുതലായി ഉള്ളത്. ഖാദി സമൂഹത്തെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. ഈ വർഷം 10 കോടി രൂപയുടെ വിപണനമാണ് ഖാദി ബോർഡ് ലക്ഷ്യം വെയ്ക്കുന്നത്. ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങൾക്ക് ജനങ്ങൾ കൂടുതൽ പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.

ചെന്നീർക്കര പഞ്ചായത്തിൽ മാത്തൂരിലുള്ള നൂൽനൂൽപ്പ് കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം നിർമിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഖാദി ബോർഡിന്റെ അനുമതി കൂടെ ലഭിച്ച ശേഷം ഇവിടെ പുതിയ ഗാർമെന്റ് ഉത്പന്ന നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ആദ്യ വിൽപ്പന നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം കെ.പി. മുകുന്ദൻ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ പി.എൻ.മേരി വെർജിൻ, ഖാദി ബോർഡ് മെമ്പർ സാജൻ തോമസ്, കേരള ഗാന്ധി സ്മാരക നിധി അംഗം സി.വാസുദേവൻ പിളള, ആലപ്പുഴ സർവോദയ സംഘം പ്രതിനിധി പ്രവീണ പി. പിള്ള, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് രണ്ട് മുതൽ 28 വരെയാണ് മേള നടക്കുന്നത്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്, മറ്റ് ആകർഷകമായ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണം ഖാദിമേള 2023 കോട്ടയം ജില്ലാതല ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി റവന്യു ടവർ അങ്കണത്തിൽ ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. ഖാദി ബോർഡംഗം കെ. എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു.

ചങ്ങനാശേരി നഗരസഭ ആക്ടിംഗ് ചെയർമാൻ ബെന്നി ജോസഫ് ആദ്യവിൽപ്പനയും സമ്മാനകൂപ്പൺ ഉദ്ഘാടനവും നിർവഹിച്ചു. ഖാദി ബോർഡംഗം സാജൻ തൊടുകയിൽ ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് നിർവഹിച്ചു. തഹസിൽദാർ ടി. ഐ. വിജയസേനൻ മുഖ്യപ്രഭാഷണം നടത്തി.

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ പി.എൻ. മേരി വെർജിൻ, പ്രോജക്ട് ഡയറക്ടർ ധന്യ ദാമോദരൻ, വിവിധ സംഘടനാ പ്രതിനിധികളായ എ. കെ. ഷാജി, കെ. എസ്.ജോമോൻ, സതീഷ് ജോർജ്, കെ.ഡി. അനുരാഗ്, എ. അനിത്, ചങ്ങനാശേരി ചാസ് ജനറൽ മാനേജർ ജോൺ സഖറിയാസ് എന്നിവർ പങ്കെടുത്തു.

ഖാദിയുടെ വളർച്ചയ്ക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:ഖാദി മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023 ന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഖാദി മേഖലയുടെ വളർച്ചയ്ക്കും സമഗ്ര പുരോഗതിക്കുമായി വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾക്ക് തൊഴിൽ നൽകാൻ ഖാദി സംരംഭത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ ഖാദിയുടെ അംബാസിഡർമാരായി നിന്നുകൊണ്ട് ഖാദിയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആദ്യവില്പനയും, സമ്മാനകൂപ്പൺ വിതരണവും മന്ത്രി നിർവഹിച്ചു. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രമോദ് കെ പ്രഭാകർ ആദ്യവിൽപന ഏറ്റുവാങ്ങി.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി.എം മുരളീധരൻ, ഖാദി സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സർവ്വീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി സ്വാഗതവും പ്രൊജക്ട് ഓഫീസർ കെ.ഷിബി നന്ദിയും പറഞ്ഞു.

സമ്മാനപ്പെരുമഴയുമായി ഓണം ഖാദി മേള 2023

ഓണ വിപണിക്ക് നിറംചാർത്തി സമ്മാനപ്പെരുമഴയുമായി ജില്ലയിൽ ഓണം ഖാദി മേളക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് പരിസരത്ത് നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റും സർക്കാർ അർധസർക്കാർ, ബാങ്ക്, സഹകരണ ജീവനക്കാർ എന്നിവർക്ക് ക്രെഡിറ്റ് പർച്ചേസ് സൗകര്യമുണ്ട്. ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.

ആയിരം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് സമ്മാന കൂപ്പൺ നൽകും. ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണ്ണനാണയവും (ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതം) നൽകും. കൂടാതെ ആഴ്ചതോറും നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. ഇതുപയോഗിച്ച് ജില്ലയിലെ ഏതു ഖാദി ഷോറൂമിൽ നിന്നും 5000 രൂപക്കുള്ള ഖാദി തുണിത്തരങ്ങൾ വാങ്ങിക്കാവുന്നതാണ്

ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, ജുബ്ബകൾ തുടങ്ങിയവ മേളയിൽ ലഭിക്കും. ഖാദി കസവ് സാരികളും വിവാഹ വസ്ത്രങ്ങളും, പാർട്ടി വെയർ എന്നിവയും ലഭ്യമാണ്. ഖാദി വസ്ത്രങ്ങൾക്ക് പുറമേ, പ്രകൃതിദത്തമായ തേൻ, എള്ളെണ്ണ മുതലായ ഉൽപ്പന്നങ്ങളും ലഭ്യമാണ്. രാവിലെ 10 മണി മുതൽ രാത്രി 7 വരെയാണ് മേള. ആഗസ്റ്റ് 28 ന് സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.