- Trending Now:
ഈവർഷത്തെ ഓണ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക ഇതിന് പുറമെയാണ്
ഓണവിപണി പടിവാതിലിൽ നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീർക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായി.
ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. സൂപ്പർ സ്‌പെഷ്യൽ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചർച്ചകൾക്കുശേഷം അടിയന്തരമായി 250 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും പണം സപ്ലൈക്കോ അക്കൗണ്ടിലെത്താൻ ഇനിയും നടപടികൾ ബാക്കിയാണ്. അതിൽ തന്നെ പ്രത്യേക ഹെഡുകളിൽ പണം അനുവദിച്ച ധനവകുപ്പ് വിപണി ഇടപെടലിന് വകയിരുത്തിയത് വെറും 70 കോടി മാത്രമാണ്. 13 ഇനം അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ സാധാരണമാസങ്ങളിൽ ലഭ്യമാക്കുന്നതിന് പോലും 40 കോടി ചെലവ് വരുന്നുണ്ട്. അതിൽ നാലിരട്ടി ഉത്പന്നങ്ങളെങ്കിലും എത്തിക്കേണ്ട ഓണക്കാലത്ത് സബ്‌സിഡി തുകക്ക് മാത്രം 80 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കരാറുകാർക്ക് നിലവിലുള്ള കുടിശിക മാത്രമുണ്ട് 600 കോടി വരും. ഈവർഷത്തെ ഓണ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക ഇതിന് പുറമെയാണ്.
കൊറോണക്കാലത്തിന് പിന്നാലെ എത്തിയ ഓണമെന്ന നിലക്കാണ് കഴിഞ്ഞ തവണ എല്ലാവർക്കും ഓണക്കിറ്റ് എത്തിച്ചതെങ്കിൽ ഇത്തവണ അത് പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മഞ്ഞക്കാർഡ് ഉടമകൾക്ക് പുറമെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അടക്കം കഴിയുന്ന പാവപ്പെട്ടവർക്കും മാത്രം കിറ്റ് എത്തിക്കാനാണ് ധാരണ. നിലവിൽ അനുവദിച്ച 240 കോടിക്ക് പുറമെ മറ്റൊരു 240 കോടിയെങ്കിലും കിട്ടിയാലെ തൽക്കാലം പിടിച്ച് നിൽക്കാനാകു എന്നാണ് ഭക്ഷ്യ വകുപ്പിൻറെ നിലപാട്. എന്നാൽ ചോദിച്ചതത്രയും കൊടുക്കാനാകുമെന്ന ഉറപ്പ്ധനവകുപ്പ് നൽകുന്നതേയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.