- Trending Now:
വയനാട്: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേള തുടങ്ങി. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ് ഓഫ് ചെയ്തു. കൈത്തറി വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ ഡോ. രേണു രാജ് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.എസ് കലാവതിക്ക് കൈത്തറി വസ്ത്രം നൽകിക്കൊണ്ട് നിർവ്വഹിച്ചു. 'ബ്രാൻഡ് വയനാട്' ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപ്പന്ന വിപണന മേളയുടെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവ്വഹിച്ചു. ഉൽപ്പന്ന വിപണന മേളയുടെ വിതരണോദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി നിർവ്വഹിച്ചു.
ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 22 വരെയാണ് മൊബൈൽ കൈത്തറി വസ്ത്ര വിപണന മേള നടക്കുക. വയനാട്, തിരുവനന്തപുരം ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാൻടെക്സിന്റേയും സാരികൾ, സെറ്റ് സാരികൾ, സെറ്റ് മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, ഷർട്ടിംഗ്, ചുരിദാർ മെറ്റീരിയലുകൾ, ധോത്തികൾ, തോർത്തുകൾ തുടങ്ങിയ കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം ഗവ. റിബേറ്റോടെ മേളയിൽ ലഭിക്കും. ഹാൻടെക്സ് തുണിത്തരങ്ങൾക്ക് സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭിക്കും. വയനാട് ഹാന്റ്ലൂം പവർലൂം ആന്റ് മൾട്ടി പർപ്പസ് വ്യവസായ സഹകരണ സംഘം, തൃശ്ശിലേരി സഹകരണ സംഘം, എള്ളുമന്ദം വി.എസ് ഹാന്റ്ലൂം, കൽപ്പറ്റ ഹാൻടെക്സ് ഡിപ്പോ, തിരുവനന്തപുരം കേരള വനിത ഹാന്റ്ലൂം സഹകരണ സംഘം എന്നീ കൈത്തറി യൂണിറ്റുകളും മേളയിൽ പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈൽ പ്രദർശന വിപണന മേളയും നടക്കും.
കൽപ്പറ്റ നഗരസഭാ കൗൺസിലർ ടി. മണി, ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടർ അഖില.സി. ഉദയൻ, മാനേജർമാരായ കെ. രാകേഷ് കുമാർ, ജി. വിനോദ്, സീനിയർ സൂപ്രണ്ട് വി. അവൂട്ടി, എ.ഡി.ഒമാരായ എൻ. അയ്യപ്പൻ, ആർ. അതുൽ, എസ്. പ്രിയ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.