Sections

ഓണം ബമ്പർ പ്രകാശനവും മൺസൂൺ ബമ്പർ നറുക്കെടുപ്പും നാളെ

Tuesday, Jul 30, 2024
Reported By Admin
Thiruvonam Bumper Release

ഈ വർഷത്തെ ഓണം ബമ്പർ പ്രകാശനവും മൺസൂൺ ബമ്പർ നറുക്കെടുപ്പും നാളെ (31-ന്) ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഓണം ബമ്പർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചലചിത്ര താരം അർജുൻ അശോകന് നൽകി പ്രകാശനം ചെയ്യും. തുടർന്ന് മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അർജുൻ അശോകനും നിർവ്വഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എംഎൽഎ വിശിഷ്ടാതിഥിയാകും. നികുതി വകുപ്പ് അഡീണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ മായാ എൻ.പിള്ള എന്നിവർ സംബന്ധിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്.എബ്രഹാം റെൻ സ്വാഗതവും ജോയിന്റ് ഡയറക്ടർ രാജ് കപൂർ കൃതജ്ഞതയും അർപ്പിക്കും.

ടിക്കറ്റ് വില 250 രൂപയായി നിശ്ചയിച്ച, 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മൺസൂൺ ബമ്പർ നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതുവിപണിയിലെത്തിച്ചത്. ഇതിൽ ജൂലൈ 29ന് വൈകിട്ട് നാലുവരെയുള്ള കണക്കനുസരിച്ച് 32,90,900 ടിക്കറ്റുകൾ വിറ്റഴിച്ചു കഴിഞ്ഞു.

25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.