Sections

ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD): ലക്ഷണങ്ങളും ഫലപ്രദമായ ചികിത്സാ മാർഗങ്ങളും

Friday, Sep 06, 2024
Reported By Soumya
Obsessive-Compulsive Disorder (OCD) treatment, symptoms, Cognitive Behavioral Therapy, mental health

ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) എന്നത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന നുഴഞ്ഞുകയറുന്ന ചിന്തകളും ആവർത്തിച്ചുള്ള പെരുമാറ്റങ്ങളും സ്വഭാവമുള്ള ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ഒരാളിലെ ഇത്തരം അവസ്ഥകൾ അടുപ്പമുള്ളവരിൽ വിഷമങ്ങൾ ഉണ്ടാക്കുകയും മറ്റുള്ളവരെ രസിപ്പിക്കാൻ കാരണമാകുകയും ചെയ്യാറുണ്ട്. ഒ.സി.ഡി യുടെ പ്രശ്നമുള്ള ആളുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ഇവയെല്ലാമാണ്.

  • കൈകളും ശരീരവും വീണ്ടും വീണ്ടും കഴുകുക, കയ്യിൽ കിട്ടുന്ന എന്തും വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തികളാണ് ഇത്തരക്കാരിൽ കമ്പൽഷനായി കാണുന്നത്. ഈ പ്രവർത്തികൾ മൂലം വളരെയധികം സമയനഷ്ടവും വ്യക്തിക്കും ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുകളും ഉണ്ടാകും.
  • കതക് അടച്ചോ, ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തോ തുടങ്ങി പലവിധ സംശയങ്ങളാണ് ഇവരിൽ കാണുക - പ്രതിരോധിക്കാനായി വീണ്ടും വീണ്ടും പോയി കതക് അടച്ചോ എന്ന് നോക്കുക, സിലിണ്ടർ ഓഫ് ചെയ്തോ എന്ന് നോക്കുക ഒക്കെ ചെയ്യാം. എവിടെയെങ്കിലും യാത്ര പോകാൻ ഇറങ്ങിയിട്ട് ഈ സംശയം കാരണം തിരിച്ചു ചെന്ന് നോക്കും.
  • എല്ലാം കൃത്യമായി അടുക്കും ചിട്ടയോടും ഇരുന്നില്ലെങ്കിൽ ഇവർക്ക് അസ്വസ്ഥതയാണ്. വീണ്ടും വീണ്ടും സാധനങ്ങൾ അടുക്കി പെറുക്കി വെക്കുക, എല്ലാം ഓർഡറിൽ ആക്കുക തുടങ്ങിയ പ്രവർത്തികളാണ് ഇവർ ചെയ്യുക. ഒരിക്കൽ അടുക്കി തൃപ്തി വരാതെ വീണ്ടും ചെയ്യും. മറ്റുള്ള ആരെങ്കിലും എന്തേലും എടുത്താൽ ഇവർക്ക് അസ്വസ്ഥത ആയിരിക്കും.
  • ലൈംഗിക ചിന്തകളോ ആഗ്രഹങ്ങളോ വീണ്ടും വീണ്ടും മനസിലേക്ക് വരും. പലപ്പോഴും അടുത്തറിയാവുന്ന ആളുകളെ കുറിച്ചായിരിക്കും. നിയന്ത്രിക്കാൻ കഴിയില്ല. മനസിൽ പ്രാർത്ഥിക്കുക, എണ്ണുക തുടങ്ങിയ പ്രവർത്തികളാണ് ഇവർ ചെയ്യുക. വളരെ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണിത്.
  • പഴയ വർത്തമാന പത്രങ്ങൾ, കുപ്പികളുടെ അടപ്പുകൾ തുടങ്ങിയ ആവശ്യമില്ലാത്ത വസ്തുക്കൾ ശേഖരിച്ചു വയ്ക്കുക. പേരുകളും മറ്റും നിർത്താനാവാതെ ഉച്ചരിച്ചു കൊണ്ടിരിക്കുക.
  • എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ചിന്ത - തനിക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും സംഭവിക്കും എന്ന പേടിയിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക, അല്ലെങ്കിൽ പ്രാർത്ഥിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യും.

എന്തൊക്കെയാണെങ്കിലും, ഒസിഡി ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. പക്ഷേ, മസ്തിഷ്ക രാസവസ്തുക്കളുടെ വ്യതിയാനങ്ങൾ, ഘടനാപരവും ഉപാപചയവുമായ മാറ്റങ്ങൾ എന്നിവ ഇതിന് കാരണമാകാം.മാനസിക സമ്മർദ്ദം പോലും ഒസിഡി ഉണ്ടാകുവാൻ കാരണമാകുമെന്ന് അറിയുമ്പോൾ നിങ്ങൾ തീർച്ചയായും ഞെട്ടും. വിഷാദം അല്ലെങ്കിൽ മറ്റ് ഉത്കണ്ഠാ രോഗങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകൾക്കും ഒസിഡി പിടിപ്പെട്ടേക്കാം.ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങൾ, കാഴ്ചപ്പാടുകൾ, പ്രിയപ്പെട്ടവരുടെ അകൽച്ച, മരണം, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, വ്യക്തി, കുടുംബ, സാമൂഹിക ബന്ധങ്ങളിലുള്ള തകർച്ച എന്നിവയും ഈ അവസ്ഥക്കു പ്രധാന കാരണങ്ങളാണ്. ക്രോമോസോമുകളിലെ പ്രശ്നങ്ങളും ഒ.സി.ഡിക്ക് കാരണമാകാറുണ്ട്.മനസ്സിനെ അനിയന്ത്രിതമായി അലട്ടുന്ന ഇത്തരം ചിന്തകളെ ''ഒബ്സഷൻ'' എന്നും ഇതിനെത്തുടർന്നുണ്ടാവുന്ന പ്രവർത്തികളെ 'കംപൽഷൻ' എന്നും പറയുന്നു.

ചികിത്സ

സ്വയമോ വീട്ടുകാരുടെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്താലോ ഈ അവസ്ഥക്കു മാറ്റം വരുന്നില്ലെങ്കിൽ സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം കൃത്യമായ കാലയളവിൽ മരുന്നു കഴിക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം ജീവിതശൈലി പുനഃക്രമീകരിക്കുകയും വേണം. കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും പിന്തുണയും ഇവർക്ക് നൽകണം. ഫാമിലി കൗൺസിലിങ്ങും ആവശ്യമാണ്.

സ്വഭാവ രൂപവൽകരണത്തിന് യോഗ, സൈക്കോ തെറാപ്പി, കോഗ്നേറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ ട്രെയ്നിങ് എന്നിവയും മരുന്നുസേവക്കൊപ്പം ചെയ്താൽ നല്ല ഫലമുണ്ടാകും. സ്വയം ചികിത്സ, ശരിയായ രീതിയിൽ രോഗനിർണ്ണയം നടത്താതിരിക്കൽ, മന്ത്രവാദം, വ്യാജ ചികിത്സ, പാതിവഴിയിലെ ചികിത്സ നിർത്തൽ എന്നിവ പാടില്ല.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.