- Trending Now:
കോഴിക്കോട്: കേരള സ്റ്റാർട്ടപ്പ് മിഷനിലെ ക്ലൈമറ്റ് ടെക് സ്റ്റാർട്ടപ്പായ നിയോക്സ് ഇക്കോ സൈക്കിളിന് കൊച്ചി കപ്പൽശാലയുടെ ഉഷസ് മാരിടൈം ഫണ്ടിംഗ് ഗ്രാൻറ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ഗ്രാൻറ് ലഭിച്ചു. ഐഐഎം കോഴിക്കോടിൻറെ ലൈവ് പദ്ധതിയുമായി സഹകരിച്ചാണ് ഗ്രാൻറ് നൽകുന്നത്.
പരമ്പരാഗത ഫാക്ടറി മാലിന്യങ്ങൾ മൂല്യവർധനം നടത്തുന്ന നൂതന പദ്ധതിയ്ക്കാണ് നിയോക്സിന് ഗ്രാൻറ് ലഭിച്ചത്. കോഴിക്കോട് ഐഐഎമ്മിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് സർക്കാർ നിയോക്സ് സഹസ്ഥാപകൻ അഖിൽ രാജ് പൊറ്റേക്കാടിന് ഗ്രാൻറ് കൈമാറി. സീനിയർ ജനറൽ മാനേജർ ലിജോ ജോസ്, ഉഷസ് പ്രോഗ്രാം മാനേജർ ശ്രീഹരി സിഎം, കൊച്ചിൻ ഷിപ്പ യാർഡ് ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി, ഡെ. ജനറൽ മാനേജർ അനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട് എൻഐടിയിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിലാണ് നിയോക്സ് പ്രവർത്തിക്കുന്നത്. വ്യാവസായിക മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിൽ നിയോക്സ് കാണിക്കുന്ന പ്രതിബദ്ധതയുടെ അംഗീകാരമാണിതെന്ന് അഖിൽ രാജ് ചൂണ്ടിക്കാട്ടി. ഡോ. സജിത് വി, ഹേമലത രാമചന്ദ്രൻ, ഏകതാ വി എന്നിവരും കമ്പനിയുടെ സഹസ്ഥാപകരാണ്.
വ്യാവസായിക മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനുള്ള കൺസൽട്ടൻസി, സാങ്കേതിക പങ്കാളിത്തം, റിക്കവേഡ് കാർബൺ ബ്ലാക്ക് സാങ്കേതികവിദ്യ എന്നിവയാണ് നിയോക്സിൻറെ പ്രത്യേകതകൾ.
എൻഐടിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ. ജി ഉണ്ണികൃഷ്ണൻ, ഗുരുവായൂരപ്പൻ കോളേജിലെ ഡോ. കവിത, ബൗദ്ധിക സ്വത്തവകാശ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഡ്വ. ഇഷ ശർമ്മ, ചാർട്ടേഡ് അക്കൗണ്ടൻറ് ബിനു മാത്യു തുടങ്ങിയവരുടെ സഹകരണം നിയോക്സിൻറെ വളർച്ചയിൽ നിർണായകമാണെന്നും അഖിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.