Sections

ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Monday, Jul 12, 2021
Reported By GOPIKA G.S.
insurance policy

ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നവരില്‍ യുവാക്കള്‍ മുന്നില്‍


ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ഉയര്‍ന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍, 25 നും 35 നും ഇടയില്‍ പ്രായമുള്ള ടേം ഇന്‍ഷുറന്‍സ് വാങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 30% കൂടിയെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് അഗ്രിഗേറ്ററായ പോളിസിബസാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് അഗ്രഗേറ്റര്‍ ഇന്‍ഷുറന്‍സ് ദേക്കോയുടെ വെബ്സൈറ്റ് വഴിയുള്ള ടേം ഇന്‍ഷുറന്‍സ് വാങ്ങലുകള്‍ മാര്‍ച്ചിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ 70% ഉയര്‍ന്നു. എത്ര പ്ലാനുകള്‍ വിറ്റുവെന്ന് കൃത്യമായ കണക്ക് ഇന്‍ഷുറര്‍ന്‍സ് കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ പലരും അത് 'ഉയര്‍ന്ന ആയിരങ്ങളില്‍' ഉണ്ടെന്ന് പറഞ്ഞു.

''നിലവിലെ പ്രതിസന്ധി സാമ്പത്തിക പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ചും നിലവിലെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അപര്യാപ്തതയെക്കുറിച്ചും ഉയര്‍ന്ന അവബോധത്തിന് കാരണമായി,'' എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നീരജ് ഷാ പറഞ്ഞു.

15 മാസം മുമ്പ് ഇന്ത്യയില്‍ പകര്‍ച്ചവ്യാധി ആദ്യമായി ബാധിച്ചതു മുതല്‍ 35 വയസ്സിന് താഴെയുള്ളവര്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് കണ്ടതായി ഷായുടെ സ്ഥാപനം അറിയിച്ചു.

ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ രണ്ടാം തരംഗ അണുബാധകള്‍ക്കിടയിലും കുതിച്ചുയര്‍ന്നതായി ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.

ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് ലൈഫ് ഇന്‍ഷുറര്‍ന്‍സ് ഓഹരികള്‍ വാങ്ങുന്നത് നല്ലൊരു ആശയമാണോ എന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകര്‍ക്ക് ഇപ്പോഴും നിശ്ചയമില്ല.

ഈ വര്‍ഷം ആരംഭം മുതല്‍ എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 13.5 ശതമാനം നേട്ടം കൈവരിച്ചു. എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ഓഹരികള്‍ 2 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 10 ശതമാനവും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 18 ശതമാനവും ഉയര്‍ന്നു.

''ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇന്‍ഷുറന്‍സിനെക്കുറിച്ച് അവബോധം ഉയര്‍ന്നതിനാല്‍ ഇന്‍ഷുറന്‍സ് ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് നല്ലതാണ്,'' ന്യൂഡല്‍ഹിയിലെ എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സൗരഭ് ജെയിന്‍ പറഞ്ഞു. ഒന്നും രണ്ടും തരംഗങ്ങള്‍ കാരണം ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും ക്ലെയിമുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസ്ത്രങ്ങള്‍, ഭക്ഷണം, വീട് എന്നിവയ്ക്ക് ശേഷം ഇന്‍ഷുറന്‍സ് ഇപ്പോള്‍ ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ നാലാമത്തെ തൂണായി മാറിയെന്ന് ഇന്‍ഷുറന്‍സ് ദേക്കോയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ അങ്കിത് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യകത 2019ല്‍ 2.82 ശതമാനമായിരുന്നു, 2001 ല്‍ ഇത് 2.15 ശതമാനമായിരുന്നു, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്.

2019 ലെ ആഗോള ശരാശരിയായ 3.35 ശതമാനത്തില്‍ നിന്ന് അത് ഇപ്പോഴും വളരെ കുറവാണ്, എന്നാല്‍ ഇന്ത്യയിലെ 1.35 ബില്യണ്‍ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് ഇന്‍ഷുറന്‍സിനായി നീക്കിവയ്ക്കാനുള്ള വരുമാനം ഇല്ല. ഇത് മഹാമാരിയില്‍ നല്ലൊരു വിഭാഗത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ കൂടുതല്‍ രൂക്ഷമാക്കി.

ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഇന്ത്യയില്‍ ജനപ്രിയമാണ്, കാരണം അവ പലപ്പോഴും വിലകുറഞ്ഞതും പോളിസിയുടെ പേയ്മെന്റ് കാലയളവിനുള്ളില്‍ ഇന്‍ഷ്വര്‍ ചെയ്തയാള്‍ മരിച്ചാല്‍ കുടുംബത്തിന് പണം നല്‍കുകയും ചെയ്യുന്നു. വിവിധ മെഡിക്കല്‍ കവറുകളുള്‍പ്പെടെ മറ്റ് തരത്തിലുള്ള ഇന്‍ഷുറന്‍സിനുള്ള ഡിമാന്‍ഡും ഉയര്‍ന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.