Sections

എൻഎസ്ഇയിൽ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5 ട്രില്യൺ ഡോളർ കടന്നു

Saturday, May 25, 2024
Reported By Admin
NSE Listed Companies Market Capitalization Surpass USD 5 Trillion

കൊച്ചി: നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5 ട്രില്യൺ ഡോളർ കടന്നതായി (416.57 ട്രില്യൺ രൂപ) 2024 മെയ് 23-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റി 50 സൂചിക എക്കാലത്തേയും ഉയർന്ന നിലയായ 22993.60-ൽ എത്തിയതും ഇതേ ദിവസം തന്നെയാണ്. നിഫ്റ്റി 500 സൂചികയും 21505.25 എന്ന എക്കാലത്തേയും ഉയർന്ന നിലയിലെത്തി.

എൻഎസ്ഇയിലെ ഇന്ത്യൻ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 2017 ജൂലൈയിലെ 2 ട്രില്യൺ ഡോളറിൽ നിന്നു 3 ട്രില്യൺ ഡോളറിലെത്താൻ (2021 മെയ്) 46 മാസമെടുത്തിരുന്നു. ഇത് 4 ട്രില്യൺ ഡോളറിലെത്താൻ വീണ്ടും 30 മാസവും (2023 ഡിസംബർ) എടുത്തു. അടുത്ത 1 ട്രില്യൺ ഡോളർ വളർച്ചയുമായി 5 ട്രില്യൺ ഡോളറിലെത്താൻ വെറും 6 മാസമാണ് വേണ്ടി വന്നത്. വിപണി മൂല്യത്തിൻറെ അടിസ്ഥാനത്തിൽ ഏറ്റവും മുകളിലുള്ള 5 കമ്പനികൾ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ്.

കഴിഞ്ഞ 10 വർഷങ്ങളിൽ നിഫ്റ്റി 50 സൂചിക 13.4 ശതമാനം സംയോജിത വാർഷിക വളർച്ചയാണു നേടിക്കൊടുത്തത്. ഇതേ കാലയളവിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തികൾ (ഓഹരികളും ഡെറ്റും അടക്കം) 9.45 ട്രില്യൺ രൂപയിൽ നിന്ന് 506 ശതമാനം വർധിച്ച് 57.26 ട്രില്യൺ രൂപയിലെത്തി. വിദേശ പോർട്ടോഫോളിയോ നിക്ഷേപകരുടേത് 16.1 ട്രില്യൺ രൂപയിൽ നിന്ന് 345 ശതമാനം വർധിച്ച് 71.6 ട്രില്യൺ രൂപയിലും എത്തി.

പുരോഗമനപരമായ നിയന്ത്രണ സംവിധാനങ്ങളുമായി ഓഹരി വിപണിക്കു പിന്തുണ നൽകിയ കേന്ദ്ര സർക്കാർ, സെബി, റിസർവ് ബാങ്ക് എന്നിവർക്കു നന്ദി പറയുകയാണെന്ന് എൻഎസ്ഇ ചീഫി ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു. ലിസ്റ്റു ചെയ്ത കമ്പനികൾ, ട്രേഡിങ് അംഗങ്ങൾ, നിക്ഷേപകർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുന്ന വേളയിൽ താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.