Sections

സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും റേഞ്ചും വേണ്ട; ഇനി എവിടെ നിന്നും പണമിടപാട് നടത്താം

Wednesday, Mar 09, 2022
Reported By Admin
phone

ഗ്രാമപ്രദേശങ്ങളിലെ ആളുകളിലേക്ക് ഡിജിറ്റല്‍ പേമെന്റ് സൗകര്യം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ആരംഭിച്ചത്‌
 

സ്മാര്‍ട് ഫോണില്ലാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്റര്‍നെറ്റ് ഇല്ലാത്ത സാധാരണ ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആരംഭിച്ചു. പണമിടപാടും ബാങ്ക് ബാലന്‍സുമെല്ലാം ഇനിമുതല്‍ 'യുപിഐ 123പേ' (UPI 123PAY) സേവനം ഉപയോഗിക്കാം. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്- Unified Payment Interface എന്നാണ് രാജ്യത്ത് പുതുതായി ആരംഭിച്ച ഈ സേവനത്തിന്റെ പേര്. ഗ്രാമപ്രദേശങ്ങളിലെ ആളുകളിലേക്ക് ഡിജിറ്റല്‍ പേമെന്റ് സൗകര്യം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സൗകര്യമോ, ഫോണ്‍ പേ- ഗൂഗിള്‍ പേ- പേടിഎം പോലുള്ള ആപ്ലിക്കേഷനുകളോ ഇല്ലാത്തവര്‍ക്ക് യുപിഐ 123പേ പ്രയോജനപ്പെടും.

നേരത്തെ ചില ടെലികോം സേവനദാതാക്കള്‍ ഫീച്ചര്‍ ഫോണുകള്‍ക്കായി ഡിജിറ്റല്‍ പേമെന്റ്് സേവനം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണക്കാരന് ഉപയോഗിക്കുന്നതിനായി വളരെ സങ്കീര്‍ണമായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) അവതരിപ്പിക്കുന്ന ഈ ലളിതമായ സേവനം വളരെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്. #99 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് UPI ഉപയോഗിക്കാമെങ്കിലും ഇതിനേക്കാള്‍ വളരെ ലളിതമായ പ്രവര്‍ത്തനരീതിയാണ് യുപിഐ 123പേയിലുള്ളത്.

രാജ്യത്തെ 40 കോടിയോളം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് യുപിഐ 123പേയിലൂടെ സുരക്ഷിതമായി പണമിടപാട് നടത്താനാകും. ഐവിആര്‍(ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ്)നമ്പര്‍, ഫീച്ചര്‍ ഫോണിലെ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദതരംഗം തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളും ഈ സേവനത്തിലുണ്ട്.

മൊബൈല്‍ റീചാര്‍ജ്, ഫാസ്ടാഗ് റീച്ചാര്‍ജ്, ഇഎംഐ പേമെന്റ്, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പണമിടപാട്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയ പണമിടപാടുകളും സേവനങ്ങളും ഈ സംവിധാനത്തിലൂടെ സാധ്യമാകും. ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനും UPI പിന്‍ സജീകരിക്കുകയോ മാറ്റം ചെയ്യുന്നതിനോ വരെ ഫീച്ചര്‍ ഫോണ്‍ മാത്രം മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇതുകൂടാതെ, നിശ്ചിത നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയും അടുത്തുള്ള ഫോണുകളിലേക്ക് ശബ്ദതരംഗങ്ങളുടെ സഹായത്തോടെയും പണം കൈമാറാനും സാധിക്കുന്നതാണ്.

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലോ, വേഗത കുറഞ്ഞ സ്ഥലങ്ങളിലോ ഉള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം ഉപകരിക്കും. വെബ്സൈറ്റ്, ചാട്ട്ബോട്ട് എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ആരംഭിച്ചു. ഡിജിസാതി(www.digisaathi.info) എന്ന വെബ്സൈറ്റ് ഇതിനായി സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 14431, 1800 891 3333 എന്ന ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.