- Trending Now:
ഈ നീക്കം പുതിയ രീതിയില്‍ പണം സമ്പാദിക്കാനുള്ള അവസരം നല്‍കും
ക്രിയേറ്റര്‍മാര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക്. മെറ്റാവേഴ്സ് ലോകത്തേക്കുള്ള കമ്പനിയുടെ ചുവടുവയ്പ്പായിരുന്നു മെറ്റ എന്ന പേരിലൂടെ നാഥനായ സുക്കര്‍ബര്‍ഗ് ലക്ഷ്യമിട്ടത്. ഡിജിറ്റല്‍ സേവനങ്ങളും സാധനങ്ങളും വില്‍ക്കാനും സ്വന്തമാക്കാനുമുള്ള ഓപ്ഷനാണ് മെറ്റ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മെറ്റയുടെ വെബ്‌സൈറ്റിലെ ഒരു ബ്ലോഗില്‍ സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് കമ്പനിയുടെ ഹൊറൈസണ്‍ വേള്‍ഡ്സ് എന്ന മെറ്റാവേസിലെ ധനസമ്പാദന ടൂളുകളിലേക്ക് വെളിച്ചം വീശിയത്. ഈ നീക്കം സ്രഷ്ടാക്കള്‍ക്ക് പുതിയ രീതിയില്‍ പണം സമ്പാദിക്കാനുള്ള അവസരം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നിര്‍ഭാഗ്യവശാല്‍, ആദ്യഘട്ടത്തില്‍ അമേരിക്കന്‍, കനേഡിയന്‍ ഉപയോക്താക്കള്‍ക്കു മാത്രമാകും പുതിയ സേവനം ലഭിക്കുക. അതും 18 വയസിനു മുകളില്‍ പ്രായമുള്ള ക്രിയേറ്റര്‍മാര്‍ക്ക്. സേവനങ്ങളും സാധനങ്ങളും വില്‍ക്കുന്നതിനും വാങ്ങുന്നതിനും, ഉപയോക്താക്കള്‍ ക്രിയേറ്റ് മോഡില്‍ ലഭ്യമായ പുതിയ ഓപ്ഷനുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. സേവനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള വാണിജ്യ ശേഷികള്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു വിപുലീകരണമാണിത്.
സ്രഷ്ടാക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അറിയുന്നതിനായി പരീക്ഷണാര്‍ത്ഥം സേവനം ആരംഭിച്ചിട്ടുണ്ട്. മെറ്റവേഴ്സിന്റെ അനന്തസാധ്യകളിലേക്കുള്ള ദീര്‍ഘകാല വീക്ഷണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ചുവടുവയ്പ്പുകളില്‍ ഒന്നാണിതെന്നു മെറ്റ വ്യക്തമാക്കി. ഹൊറൈസണ്‍ വേള്‍ഡിലെ സ്രഷ്ടാക്കള്‍ക്ക് വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനായി 2021 ഒക്ടോബറില്‍ മെറ്റ 10 ദശലക്ഷം ഡോളറിന്റെ ഹൊറൈസണ്‍ ക്രിയേറ്റേഴ്‌സ് ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കമ്പനി യു.എസില്‍ അതിന്റെ ഹൊറൈസണ്‍ വേള്‍ഡ്സ് ക്രിയേറ്റര്‍ ബോണസ് പ്രോഗ്രാമും പുറത്തിറക്കിയിട്ടുണ്ട്. പ്രതിമാസ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി സ്രഷ്ടാക്കള്‍ക്ക് ബോണസ് നല്‍കുന്ന പദ്ധതിയാണിത്.
ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റികള്‍ക്കു മുന്‍തൂക്കം നല്‍കുന്ന വെബ് 3.0 പദ്ധതിയില്‍ മുന്‍പന്തിയിലാണ് സുക്കര്‍ബര്‍ഗ്. ഉപയോക്താക്കള്‍ക്ക് ഒരു ഡിജിറ്റല്‍ ചുറ്റുപാടില്‍ തങ്ങള്‍ ശാരീരികമായി ഉണ്ടെന്ന് തോന്നാനുള്ള അവസരം വാഗ്ദാനം ചെയ്യുന്ന വന്‍കിട സാങ്കേതിക വിദ്യകളില്‍ ഒന്നാണിത്. ഭാവിയുടെ സാങ്കേതികവിദ്യയായാണ് പലരും മെറ്റാവേഴ്സിനെ വിശേഷിപ്പിക്കുന്നത്. ഈ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായാണ് കഴിഞ്ഞവര്‍ഷം ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയത്.
മെറ്റാവേര്‍സ് പ്ലാറ്റ്‌ഫോമുകള്‍ വന്‍തോതില്‍ സ്വീകാര്യമാകുന്നതിനു കുറഞ്ഞത് 5- 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണു സുക്കര്‍ബര്‍ഗിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ക്രിയേറ്ററുമാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയിലും, കാനഡയിലും പ്രഖ്യാപിച്ച പദ്ധതി വരും നാളുകളില്‍ മറ്റു മേഖലകളിലേക്കും വ്യാപിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.