Sections

വിപണന സാധ്യത വര്‍ധിക്കും; ഇനി പച്ചക്കറികളും പഴങ്ങളും കെഎസ്ആര്‍ടിസിയില്‍

Saturday, Mar 12, 2022
Reported By Admin
ksrtc

കാലാവധി കഴിഞ്ഞ കെഎസ്ആര്‍ടി ബസുകളെ കട്ടപ്പുറത്ത് നിന്നിറക്കി പച്ചക്കറികളും പഴങ്ങളും വില്‍ക്കാനുള്ള വിപണിയിലേക്ക് എത്തിക്കാനാണ് പുതിയ പദ്ധതി


കൃഷിയിലെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍. സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിനും നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുതിയ സംവിധാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കാലാവധി കഴിഞ്ഞ കെഎസ്ആര്‍ടി ബസുകളെ കട്ടപ്പുറത്ത് നിന്നിറക്കി പച്ചക്കറികളും പഴങ്ങളും വില്‍ക്കാനുള്ള വിപണിയിലേക്ക് എത്തിക്കാനാണ് പുതിയ പദ്ധതി.

തുടക്കം തലസ്ഥാന നഗരിയില്‍ 

കെഎസ്ആര്‍ടിസിയെ രൂപമാറ്റം വരുത്തി വില്‍പ്പന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ തുടക്കം തിരുവനന്തപുരം ജില്ലയില്‍ നിന്നായിരിക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ രണ്ട് ഔട്ട്ലെറ്റുകളായിരിക്കും തുറക്കുന്നത്. ആദ്യ ഉദ്ഘാടനം കിഴക്കേക്കോട്ടയിലെ ഔട്ട്ലെറ്റില്‍ ഇന്ന് വൈകിട്ട് 5.30ന് കൃഷിമന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യ വില്‍പന നടത്തും.

'റീസൈക്കിള്‍ഡ്' കെഎസ്ആര്‍ടിസിയിലെ രണ്ടാമത്തെ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റ് തിരുവനന്തപുരം കണിയാപുരത്താണെന്നും ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ ജെ.സജീവ് പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് സാധ്യത.

ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ ഇത്തരമൊരു രൂപമാറ്റത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. മില്‍മ ഭക്ഷണ ട്രക്കും കുടുംബശ്രീ, പിങ്ക് കഫേകളും പഴയ ബസുകളില്‍ ഇതുപോലെ തുറന്നിരുന്നു. ജയില്‍ ചപ്പാത്തി, വനംവകുപ്പിന്റെ തേന്‍, കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങളും ഇങ്ങനെ വിപണനം ചെയ്യുന്നതായി അധികൃതര്‍ പദ്ധതിയിട്ടിരുന്നു.

തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി ഡിപ്പോകളികളിലെ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ആലോചിക്കുന്നുണ്ട്. മോട്ടര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ ബസില്‍ പലചരക്ക് വ്യാപാരവും ഷോപ്പ് ഓണ്‍ വീല്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നഗരം മുഴുവന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിന് പുറമെ, കേരളമൊട്ടാകെ സര്‍വ്വീസ് നടത്തുന്ന രീതിയില്‍ കെഎസ്ആര്‍ടിയുടെ അതിവേഗ പാഴ്‌സല്‍ സര്‍വ്വീസും ഒരു മാസം മുന്‍പ് ആരംഭിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.