- Trending Now:
കൂടുതൽ ഉപയോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നും ഡിജിറ്റൽ പേയ്മെന്റുകൾ വർധിക്കുമെന്നുമാണ് പ്രതീക്ഷ
ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് ,യുപിഐ പേയ്‌മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ പിൻ സെറ്റ് ചെയ്ത്, പേയ്‌മെന്റ് നടത്താമെന്ന് ചുരുക്കം.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും ആധാർ നമ്പർ ഉണ്ട്, മാസത്തിൽ ഒരിക്കലെങ്കിലും അത് ഉപയോഗിക്കുന്നുമുണ്ട്. ഭൂരിഭാഗം പേർക്കും ആധാർ കാർഡുള്ളതിനാൽ, കൂടുതൽ ഉപയോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നും ഡിജിറ്റൽ പേയ്മെന്റുകൾ വർധിക്കുമെന്നുമാണ് പ്രതീക്ഷ. ചില ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് മാത്രമാണ്ഈ ഫീച്ചർ നിലവിൽ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഈ സംവിധാനം ലഭ്യമാക്കും.
പുതിയ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ, യുഐഡിഎഐയിലും ബാങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഒന്നുതന്നെയാണെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാക്കാൻ കഴിയുകയുള്ളു.
യുപിഐ ആധാർ അധിഷ്ടിത സേവനം ലഭ്യമാക്കുന്നതിനായി ആദ്യം ഗൂഗിൾ പേ ഓപ്പൺ ചെയ്ത് യുപിഐ ഓൺബോർഡിങ് ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് ഇവയിൽ ഒന്ന് തെരഞ്ഞെടുക്കാം. ആധാർ തിരഞ്ഞെടുക്കുകയാണെങ്കിൽ, തുടക്കത്തിൽ തന്നെ ഉപയോക്താക്കൾ അവരുടെ ആധാർ നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകേണ്ടതുണ്ട്.
ശേഷം യുഐഡിഎഐയിൽ നിന്നും ,ബാങ്കിൽ നിന്നും ലഭിക്കുന്ന ഒടിപി നൽകുക. തുടർന്ന് ബാങ്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും, ഉപയോക്താവിന് പിൻ സെറ്റ് ചെയ്യുകയും ചെയ്യാം.
യുപിഐ ആക്ടിവേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് വഴി ഇടപാടുകൾ നടത്താനും ബാലൻസ് പരിശോധിക്കാനും കഴിയും. ഉപയോക്താക്കൾ ആധാർ നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകുമ്പോൾ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വഴി വിവരങ്ങൾ സുരക്ഷിതമായി യുഐഡിഎഐയിലേക്ക് അയയ്ക്കും. ഉപയോക്താവ് നൽകി ആധാർ വിവരങ്ങൾ സൂക്ഷിച്ചുവെക്കില്ലെന്ന് ഗൂഗിൾ പേ അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.