Sections

വിവിധ തസ്തകകളിൽ നിയമനങ്ങൾക്കായി അപേക്ഷിക്കാം

Thursday, Apr 13, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം


ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം

സംസ്ഥാന ഐടി വകുപ്പിൻകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിസേർച്ച് അസോസിയേറ്റ്, റിസേർച്ച് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ. റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം (വേതനം 35000-45000). റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം (വേതനം 25000-35000). പ്രവൃത്തി വരിചയമുള്ള BTech/Mtech/BE/ME/BSc/MSc/MCA/MBA/MA (Computational Linguistics/Linguistics) ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്വതന്ത്ര സോഫ്റ്റ് വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2023 പ്രോഗ്രാമിലേക്ക് BTech/Mtech/BE/ME/BSc/MSc/MCA/MBA ബിരുദധാരികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://infoss.in, 0471-2700012/13/14; 0471 2413013; 9400225962.

ഇന്റേണൽ ഓഡിറ്റ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ക്ഷണിച്ചു. ഏപ്രിൽ 19നു വൈകിട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ, 46 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രയപരിധിയിൽ മൂന്ന് വർഷത്തെ ഇളവ്. മുൻപരിചയമുളളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വർഷം) ഇളവ് ലഭിക്കും. എസ് എസ് എൽ സി പാസായവർക്ക് അങ്കണവാടി വർക്കർ തസ്തികയിലേക്കും അങ്കണവാടി ഹെൽപ്പർ എസ് എസ് എൽ സി പാസാകാത്തവർക്കും (എഴുത്തും വായനയും അറിയണം). അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ : 9495348035.

വെറ്റിനറി ഡോക്ടർ; വോക്ക്-ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല വെറ്ററിനറി യൂണിറ്റിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. ബി വി എസ് സി ആൻഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഏപ്രിൽ 18ന് രാവിലെ 11ന് രേഖകൾ സഹിതം വോക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0474 2793464

കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് താത്കാലിക നിയമനം

എറണാകുളം കാക്കനാട് എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ പരമാവധി 90 ദിവസത്തേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം 19/4/2023 തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. അന്വേഷണങ്ങൾക്ക് : 0484-2422244 .

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വാണിയംകുളം ഗവ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. ബി.വോക്/ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജിയിൽ നാല് വർഷത്തെ ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബി.വോക്/ ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജിയിൽ എൻ.ടി.സി/എൻ.എ.സി പാസും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഏപ്രിൽ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് ഒൻപതിന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0472 2841471.

ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എസ്.സി.ഇ.ആർ.ടി (കേരള) യിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. വകുപ്പുമേലധികാരികളുടെ എൻ.ഒ.സി സഹിതം 21ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

വാക് ഇൻ ഇന്റർവ്യൂ

സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ- ഗവേണൻസ് വിഭാഗം നടത്തുന്ന പ്രോജക്ടിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ പ്രതിമാസം 23,000 രൂപ പ്രതിഫലം. ബി.ടെക്/ബി.ഇ (സി.എസ്/ഐ.ടി)/എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സി.സി.എൻ.എ, ആർ.എച്ച്.സി.ഇ, എം.എസ്.സി.ഇ സർട്ടിഫിക്കേഷനുകൾ അഭിലഷണിയം. നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിന് മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമ ഇൻ ഹാർഡ് വെയർ അല്ലെങ്കിൽ ഇലക്ട്രോണിക്സ് / ബി.സി.എ/ബി.എസ്.സി (സി.എസ്) യോഗ്യത ഉണ്ടായിരിക്കണം. എം.സി.എസ്.ഇ സർട്ടിഫിക്കേഷൻ അഭിലഷണീയം. സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം. 15,500 രൂപയാണ് പ്രതിമാസ പ്രതിഫലം. സ്റ്റാച്യൂവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുള്ള ചിറ്റേഴം ലാവണ്യ ടവേഴ്സിലെ സി-ഡിറ്റ് സിറ്റി സെന്റർ ഓഫീസിൽ 17 ന് രാവിലെ 11 മണി മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. പ്രായ പരിധി: 35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതമെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9895788311, ഇ-മെയിൽ: hr@cdit.org, വെബ്സൈറ്റ്: www.careers.cdit.org.

കെ എസ് ഐ ഡി സി യിൽ കമ്പനി സെക്രട്ടറി സ്ഥിര നിയമനം

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ എസ് ഐ ഡി സി) കമ്പനി സെക്രട്ടറി സ്ഥിരം തസ്തികയിലേക്ക് (1 ഒഴിവ്-ജനറൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം ഉള്ളവരായിരിക്കണം. എൽ.എൽ.ബി ബിരുദം അഭികാമ്യം. ബന്ധപ്പെട്ട തസ്തികയിൽ 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, എൻ.ബി.എഫ്.സി എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം. ലീഗൽ, കോർപറേറ്റ് വിഷയങ്ങൾ, കമ്പനി നിയമപ്രകാരമുള്ള റിട്ടേൺ ഫയലിങ്ങ് അനുബന്ധ നിയമങ്ങൾ, ബോർഡ്/കമ്മിറ്റി/മീറ്റിങ്/ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം എന്നിവയിൽ അവഗാഹം ഉണ്ടായിരിക്കണം. ശമ്പള സ്കെയിൽ 85000-117600. ഡിഎ, എച്ച്ആർഎ, സിപിഎഫ്/എൻപിഎസ്, ലീവ് സറണ്ടർ, മെഡിക്കൽ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാർഥികൾക്ക് 2023 മെയ് മൂന്നിന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് മൂന്ന് വൈകീട്ട് അഞ്ച് വരെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.