Sections

ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുണ്ടോ? ഇത് ചെയ്തില്ലെങ്കില്‍ പണി പിന്നാലെ...

Friday, Jan 21, 2022
Reported By Admin
bank account

രണ്ടു വര്‍ഷമായി ഉപയോഗിച്ചില്ലെങ്കില്‍ കൂടി ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ജീവമാകും

 

നിങ്ങള്‍ക്ക് പ്രവര്‍ത്തന രഹിതമായ ബാങ്ക് അക്കൗണ്ടുണ്ടോ? എന്നാല്‍ പെട്ടെന്ന് തന്നെ പ്രവര്‍ത്തന സജ്ജമാക്കിക്കോളൂ. കുറച്ചു നാളുകള്‍ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കില്‍ അറിയാതെ പിന്നീട് അത് മറന്നു പോലും പോകാം. രണ്ടു വര്‍ഷമായി ഉപയോഗിച്ചില്ലെങ്കില്‍ കൂടി ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ജീവമാകും. പല തട്ടിപ്പുകാരും അത്തരം അക്കൗണ്ടുകളില്‍ കൂടി നമ്മളറിയാതെ ഇടപാടുകള്‍ നടത്തുവാന്‍ പോലും ഉപയോഗിക്കും.

എങ്ങനെ  പ്രവര്‍ത്തനസജ്ജമാക്കാം?

പല ബാങ്കുകളും പല രീതിയിലാണ് ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടുകള്‍  തിരിച്ചു പ്രവര്‍ത്തനസജ്ജമാക്കുന്നത്. എസ്ബിഐയിലെ അക്കൗണ്ടാണെങ്കില്‍ ആദ്യം വെബ്‌സൈറ്റില്‍ കയറി പരിശോധിക്കുവാനുള്ള സൗകര്യം ഉണ്ട്. പ്രവര്‍ത്തന നിരതമല്ലാത്ത അക്കൗണ്ടുകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ തന്നെ ലഭ്യമാണ്.

നിര്‍ജീവ അക്കൗണ്ടിനെ  പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ബാങ്ക് മാനേജര്‍ക്ക് ഒരു അപേക്ഷ കൊടുക്കണം. രണ്ടു വര്‍ഷത്തില്‍ കൂടുതലായെങ്കില്‍ അതിന്റെ കാരണം ബോധിപ്പിക്കണം. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ അതിലുള്ള എല്ലാവരും അപേക്ഷയില്‍  ഒപ്പിടണം. ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന കെ വൈ സി രേഖകളായ ആധാര്‍, പാന്‍, തിരിച്ചറിയല്‍ വിലാസം എന്നിവ ഫോട്ടോ അടക്കം  അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം.

അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും പണമിടപാട് നടത്തേണ്ടത് അത്യാവശ്യമാണ്. നിര്‍ജീവ അക്കൗണ്ടുകള്‍ പ്രവര്‍ത്തന നിരതമാക്കുവാന്‍, എസ്ബിഐ  പ്രത്യേകിച്ച് പണമൊന്നും ഈടാക്കുന്നില്ല. 

എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാന്‍, അക്കൗണ്ട് ഉള്ള ശാഖ സന്ദര്‍ശിച്ച് ഒപ്പോടുകൂടിയുള്ള ഒരു അപേക്ഷ കൊടുക്കണം. ഇതിനോടൊപ്പം തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം. അതിനുശേഷം ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് പണമിടപാടുകള്‍ നടത്തുക. 

കസ്റ്റമര്‍ കെയറില്‍ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ ഐ സി ഐ സി ഐ ബാങ്കിലെ നിര്‍ജീവ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കും. 2022 മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി കെ വൈ സി സമര്‍പ്പിച്ചാല്‍ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.