- Trending Now:
കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്‌സ് സി ഇ ഒ ആറ്റ്‌ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയ ഓർക്കലെ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോർവീജിയൻ കമ്പനിയാണ്.
റിന്യൂവബിൾ എനർജി രംഗത്തും നിക്ഷേപം നടത്താൻ ഓർക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്‌ലെ പറഞ്ഞു. കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കേന്ദ്രമാണെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മത്സ്യ കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യൻ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉൽപ്പാദനത്തിലും കേരളം മുമ്പിലാണ്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്‌കരണ മേഖലക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവർക്ക് പ്രത്യേക നോഡൽ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്- ഇതിന്റെ ഭാഗമായി ഓർക്കലെയുടെ തുടർ നിക്ഷേപത്തിന് ഹാൻഡ് ഹോൾഡ് സേവനം നൽകാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഈസ്റ്റേൺ ഫുഡിന്റ നവാസ് മീരൻ ഇന്നലെ നടന്ന നിക്ഷേപക സംഗമത്തിൽ ഓർക്കലെയെ പ്രതിനിധീകരിച്ച് ഓൺലൈനിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.