Sections

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രഖ്യാപിച്ചു

Saturday, Aug 13, 2022
Reported By MANU KILIMANOOR

പുരുഷന്മാര്‍ക്കും അപേക്ഷിക്കാം


കേരളത്തിലെ നഴ്‌സിങ് പ്രൊഫഷണലുകളെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 300 പേരെ നിയമിക്കും. നഴ്‌സിങില്‍ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 16 മുതല്‍ 25 വരെ അപേക്ഷിക്കാം. നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുക. 


 
അഭിമുഖം തിരുവനന്തപുരത്ത് 
 
നവംബര്‍ ഒന്നുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. വിജയികള്‍ക്ക് ജര്‍മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടര്‍ന്ന് അസിസ്റ്റന്റ് നഴ്‌സുമാരായി നിയമനം. ബി2 ലെവല്‍ പാസാകുമ്പോള്‍ രജിസ്ട്രേര്‍ഡ് നഴ്‌സായാണ് ജോലി. ജര്‍മനിയിലെ ബി2 ലെവല്‍ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്. 
 
പുരുഷന്മാര്‍ക്കും അവസരം 
 
രജിസ്‌ട്രേര്‍ഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നതുവരെ ആദ്യം 2300-ഉം പിന്നീട് 2800 യൂറോയും ലഭിക്കും. മണിക്കൂറിന് 20 മുതല്‍ 35 ശതമാനംവരെ ഓവര്‍ടൈം അലവന്‍സുമുണ്ട്. ജര്‍മന്‍ഭാഷാ പഠനകേന്ദ്രമായ ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് ക്ലാസിന് എത്താവുന്നവര്‍ അപേക്ഷിച്ചാല്‍മതി. വിദേശത്ത് ജോലിചെയ്യുന്നവര്‍ അപേക്ഷിക്കേണ്ട. ആറുമാസമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. 


 
മുന്‍ഗണന
 
മൂന്നുവര്‍ഷമോ അതിനുമുകളിലോ പ്രവൃത്തിപരിചയമുള്ളവര്‍, ജര്‍മന്‍ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്‌സിങ്‌ഹോം പ്രവൃത്തിപരിചയമുള്ളവര്‍, തീവ്രപരിചരണം/ ജറിയാട്രിക്‌സ്/കാര്‍ഡിയോളജി/ജനറല്‍ വാര്‍ഡ്/സര്‍ജിക്കല്‍-മെഡിക്കല്‍ വാര്‍ഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓര്‍ത്തോപീഡിക്‌സും അനുബന്ധമേഖലകളും/ഓപ്പറേഷന്‍ തിയേറ്റര്‍/സൈക്യാട്രി പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. 
 
നോര്‍ക്ക-റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് അപേക്ഷിക്കാമെന്ന് സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. സി.വി., ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ജനറല്‍ ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്ത് ഒറ്റ പി.ഡി.എഫായി അപ്ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍-1800-425-3939


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.