Sections

മദ്യപിക്കാത്തവർക്കും കരൾ രോഗം: നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളും മുൻകരുതലുകളും

Thursday, Dec 12, 2024
Reported By Soumya
Understanding Non-Alcoholic Fatty Liver Disease (NAFLD): Causes, Symptoms, and Prevention

കരൾ രോഗം വരുന്നവരെല്ലാം വലിയ മദ്യപാനികളാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ മദ്യപിക്കാത്തവർക്കും കരളിൽ കൊഴുപ്പടിഞ്ഞ് ഗുരുതരമായ രോഗം ബാധിക്കാം. നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) എന്നാണ് ഇതിന് പേര്. പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്ത സമ്മർദം തുടങ്ങിയവ മൂലമാണ് ഈയവസ്ഥ പലപ്പോഴും ഉണ്ടാകുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ നോൺ ആൽക്കഹോളിക് സ്റ്റിയാറ്റോഹെപറ്റിറ്റീസ്(എൻഎഎസ്എച്ച്) എന്ന ഗുരുതര രൂപത്തിലുള്ള കരൾ രോഗത്തിലേക്ക് ഇത് നയിക്കാം. കരളിനു നീർക്കെട്ടുണ്ടാക്കുന്ന ഈ രോഗം പിന്നീട് കരൾവീക്കത്തിനും കരളിന്റെ പ്രവർത്തനം സ്തംഭിക്കുന്നതിനും വഴി വയ്ക്കാം.

ലക്ഷണങ്ങൾ

  • തുടക്ക കാലഘട്ടത്തിൽ അത്ര പ്രകടമായ തോതിൽ അല്ല നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ വരുക.
  • കരൾ സിറോസിസ് ഉള്ള മിക്ക ആളുകളും അവരുടെ വയറിന്റെ മുകളിൽ വലതുഭാഗത്ത് അവരുടെ വാരിയെല്ലുകൾക്ക് വേദന അനുഭവിക്കുന്നു.
  • ചില രോഗികൾക്ക് ക്ഷീണം, മനംമറിച്ചിൽ, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഭാഗമായി വരാം.
  • വീർത്തതും വലുതുമായ കരൾ ഒരു വ്യക്തിയുടെ വലതു തോളിൽ വേദനയുണ്ടാക്കും. ഇത് വലുതായ കരൾ തോളിലെ ഞരമ്പുകളുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു. ഇതിനെ 'റഫറർഡ് പെയിൻ' എന്ന് വിളിക്കുന്നതായി കാൻസർ റിസർച്ച് യുകെ പറയുന്നു.
  • രോഗം മൂർച്ഛിക്കുന്നതോടെ വയർ വീക്കം, തൊലിക്കടിയിൽ രക്തധമനികൾ വീർക്കൽ, പ്ലീഹയിലെ വീക്കം, ചുവന്ന കൈത്തലം, തൊലിയും കണ്ണുകളും മഞ്ഞ നിറമാകൽ, ചൊറിച്ചിൽ, മൂത്രത്തിന് കടുത്ത നിറം, നിറം മങ്ങിയ വിസർജ്ജ്യം, പെട്ടെന്ന് ചതവ് സംഭവിക്കാനുള്ള പ്രവണത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും.

എങ്ങനെ കണ്ടുപിടിക്കാം

  • ലിവർ ഫങ്ഷൻ ടെസ്റ്റിലൂടെയോ വയറിന്റെ അൾട്രാസൗണ്ട് സ്കാനിലൂടെയോ ഫാറ്റി ലിവർ രോഗനിർണയം സാധ്യമാണ്.
  • ഏത് ഘട്ടത്തിലാണ് രോഗം എത്തി നിൽക്കുന്നതെന്ന് ബയോപ്സി ഉൾപ്പടെ പിന്നീട് നടത്തുന്ന പരിശോധനകളിലൂടെ കണ്ടെത്താം.
  • ടൈപ്പ് 2 പ്രമേഹവും മെറ്റബോളിക് സിൻഡ്രോമും ഉള്ളവർ മൂന്നു വർഷം കൂടുമ്പോൾ കരളിന്റെ അൾട്രാസൗണ്ട് സ്കാൻ എടുത്ത് നോക്കുന്നത് എൻഎഎഫ്എൽഡി സാധ്യതകൾ തിരിച്ചറിയാൻ നന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കരളിൽ കൊഴുപ്പ് അടിയാതിരിക്കാൻ ആരോഗ്യകരമായ ഒരു ജീവിതശൈലി നാം പിന്തുടരണം. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണം ശീലമാക്കണം. അമിതവണ്ണമുള്ളവർ 18.5 മുതൽ 24.9 തോതിൽ ബോഡി മാസ് ഇൻഡെക്സ് വരുന്ന വിധത്തിലേക്ക് ഭാരം കുറച്ച് കൊണ്ടു വരാനും ശ്രമിക്കണം. നിത്യവുമുള്ള വ്യായാമവും സഹായകമാണ്. പുകവലി എൻഎഎഫ്എൽഡി അധികരിക്കാൻ ഇടയാക്കുമെന്നതിനാൽ അത്തരം ശീലങ്ങളും ഒഴിവാക്കേണ്ടതാണ്. എൻഎഎഫ്എൽഡി മദ്യപാനം മൂലം വരുന്ന കരൾ രോഗം അല്ലെന്നത് ശരിയാണെങ്കിലും മദ്യപാനം ഇത്തരം രോഗികളുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളാക്കാൻ കാരണമാകും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.