Sections

തൊഴിൽ മേളകൾ വഴി 96,792 പേർക്ക് തൊഴിൽ ലഭിച്ചു: മന്ത്രി വി. ശിവൻകുട്ടി

Saturday, Mar 25, 2023
Reported By Admin
Niyukthi Job Fair

നിയുക്തി 2023 മെഗാ ജോബ് ഫെയർ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു


തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തൊഴിൽമേളകൾ വഴി സംസ്ഥാനത്ത് 96,792 പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൊഴിൽ വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി സംഘടിപ്പിക്കുന്ന നിയുക്തി 2023 മെഗാ ജോബ് ഫെയർ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാസമ്പന്നരായ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന 'നിയുക്തി' മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേവേദിയിൽ കൊണ്ടുവന്ന് പരമാവധി തൊഴിൽ നേടിയെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മേളകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറി. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നേടിക്കൊടുത്തു. ഇടനിലക്കാരില്ലാതെ നേരിട്ട് സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളകൾ വഴി തൊഴിൽദാതാക്കൾക്ക് അനുയോജ്യരായവരെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം തൊഴിൽദായകരുടെ വിവിധ ഒഴിവുകളിലേക്ക് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് അർഹമായ തൊഴിൽ നേടുന്നതിനും അവസരം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

2016 മുതൽ 75,116 പേർക്ക് സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ തൊഴിൽ നൽകാൻ കഴിഞ്ഞു. 15,436 പേർക്ക് സ്ഥിരം നിയമനവും 59,680 പേർക്ക് താൽക്കാലിക നിയമനവും ലഭിച്ചു. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ നൈപുണ്യപരിശീനം നൽകുക എന്ന ഉദ്ദേശത്തോടെ 11 എംപ്ലോയബിലിറ്റി സെന്ററുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസവും അനുയോജ്യമായ തൊഴിലും നേടിയെടുക്കുവാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരിയർ ഡെവലപ്പ്മെന്റ് സെന്ററുകളിൽ നടത്തിയ 41 പ്ലേസ്മെന്റ് ഡ്രൈവുകൾ വഴി 1106 പേർക്ക് തൊഴിൽ ലഭിച്ചു. കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ 'ധനുസ്' പദ്ധതി വഴി വിദേശ സർവകലാശാലകളിലടക്കം കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുളള അവസരം ലഭിച്ചു. മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ആധുനിക തൊഴിൽ എടുക്കുന്നതിന് യുവാക്കളെ പ്രാപ്തരാക്കുക, പ്രാപ്തി നേടിയവർക്ക് ഉചിതമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് തൊഴിൽ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായ വാണിജ്യ വകുപ്പും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ചെറുകിട സംരംഭങ്ങളും വലിയ വ്യവസായ സംരംഭങ്ങളും ഒരുക്കുന്നതിന് സഹായം നൽകുകയാണ്. നിരവധി പ്രധാന വ്യവസായ പദ്ധതികൾക്ക് വേദിയായി ഇന്ന് കൊച്ചി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

വിദ്യാർത്ഥികളെ തൊഴിൽ എടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നൈപുണ്യ വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് വ്യവസായ പാർക്കുകൾ നിർമ്മിക്കുന്നതിനുള്ള ആലോചനയിലാണ്. നിരവധി കോളേജുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യവസായ പാർക്കുകൾ വഴി വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ജോലിചെയ്ത് വരുമാനം കണ്ടെത്താനും പഠനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് വഴി നൈപുണ്യ വികസനം നേടാനും സാധിക്കും. സർക്കാർ ആരംഭിച്ച ഒരു ലക്ഷം സംരംഭം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. സ്ത്രീകളാണ് സംരംഭക രംഗത്തേക്ക് കൂടുതലായി കടന്നുവരുന്നത്. അടുത്തവർഷം മുതൽ സർക്കാർ സ്ത്രീ സംരംഭകർക്ക് 5 ശതമാനം വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. കളമശ്ശേരി നഗരസഭ കൗൺസിലർ നെഷീദ സലാം, എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ എൻ. മാധവൻ, സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ കെ.എസ് ബിന്ദു, എറണാകുളം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുറഹ്മാൻ കുട്ടി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വി.എസ് ബീന, കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ആർ.ഗീതാ ദേവി, വനിത പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ബി. ഇന്ദു ലാൽ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.