Sections

വികസിത് ഭാരത്: കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുമായി ആശയസംവാദം നടത്തി ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ

Tuesday, Nov 12, 2024
Reported By Admin
Union Minister Nirmala Sitharaman speaking with students at Jain University on India’s growth story

ബാംഗ്ലൂർ: ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി ക്യാംപസിൽ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിൻ ഓൺലൈൻ സംഘടിപ്പിച്ച 'ഇന്ത്യാസ് ഗ്രോത്ത് സ്റ്റോറി: മാർച്ചിങ് ടുവേഴ്സ് വികസിത് ഭാരത്' എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ നിരവധി ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടി നൽകിയ മന്ത്രി രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം, ഭാവി രൂപപ്പെടുത്തുന്നതിൽ യുവതലമുറയുടെ ശാക്തീകരണം, ഇന്നവേഷൻ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

പുരുഷാധിപത്യം സ്ത്രീ സമൂഹത്തിന്റെ വളർച്ചയ്ക്ക് തടസമെന്ന വാദം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ഇന്ത്യയിലെ സ്ത്രീകളുടെ ആഗ്രഹങ്ങൾ കൈവരിക്കുന്നതിന് പുരുഷ സമൂഹം തടസമായിരുന്നുവെങ്കിൽ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് എങ്ങനെ എന്നും നിർമ്മല ചോദിച്ചു. അതിന് മുമ്പ് അരുണ ആസഫ് അലി, സരോജിനി നായിഡു ഇവരൊക്കെ രാജ്യത്തെ പ്രമുഖ സ്ത്രീ സാന്നിധ്യമായിരുന്നു. ഇവരുടെ വളർച്ചയ്ക്ക് പുരുഷ സമൂഹം തടസമായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുരുഷാധിപത്യത്തെ കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തെ എതിർത്ത അവർ സ്വയം നിലകൊള്ളുകയും യുക്തിസഹമായി സംസാരിക്കുകയും ചെയ്താൽ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് സ്ത്രീകളെ ആരും തടയില്ലെന്നും പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ സ്ത്രീകൾ അവരുടെ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തതായി കാണാനാകും.

മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഡിജിറ്റൽ വിപ്ലവത്തിന് പൂർണമായും പൊതു ഫണ്ട് ഉപയോഗിച്ചത് ഇന്ത്യയിൽ മാത്രമാണെന്ന് സീതാരാമൻ പറഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ നെറ്റ്വർക്കുകൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായത്. ഇത്തരത്തിൽസൃഷ്ടിക്കപ്പെട്ട പൊതു അടിസ്ഥാന സൗകര്യത്തിലൂടെ ഒട്ടനവധി നേട്ടങ്ങളാണ് ഓരോ ഉപയോക്താവിനും സൗജന്യമായി ലഭിച്ചത്. അതിനാൽ ബിസിനസ് വളർത്തുവാൻ ആഗ്രഹിച്ച ചെറുകിട ബിസിനസുകാർ ഉൾപ്പെടെയുള്ളവർക്ക് അവരുടെ ബിസിനസിനെ ആഗോളതലത്തിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജെയിൻ യൂണിവേഴ്സിറ്റി ചാൻസിലർ ഡോ. ചെൻരാജ് റോയ് ചന്ദും പരിപാടിയിൽ സന്നിഹിതനായിരുന്നു.

30ലേറെ വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ള ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക് കൊച്ചിയിലും ക്യാംപസുണ്ട്.രണ്ട് യൂണിവേഴ്സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ യൂണിവേഴ്സിറ്റി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.