- Trending Now:
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഞാറ്റുവേലകളിൽ പ്രധാനമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷകസഭകളും പദ്ധതിയുടെ സമാപന സമ്മേളനം തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഞാറ്റുവേലകൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. എന്നാൽ കാലാവസ്ഥകളിലുണ്ടായ മാറ്റങ്ങൾ കാർഷിക മേഖലയെ വളരെയധികം ബാധിച്ചു. നമുക്ക് ആവശ്യമുള്ളത് ഉത്പാദിപ്പിക്കുവാനും അവ ഭക്ഷിക്കുവാനും കഴിയണമെന്നും സ്ഥലപരിമിതിയിലും സാധ്യമായത് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 25,000 കൃഷിക്കൂട്ടങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്. ഭാവിതലമുറയ്ക്ക് വിഷമില്ലാത്ത പച്ചക്കറികൾ ഭക്ഷിക്കുന്നതിനുള്ള അവസരം ഉണ്ടാകണമെന്നും കേരളം രോഗങ്ങളുടെ തടവറയിലേക്ക് പോകാതിരിക്കാൻ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതയിലെത്തണമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. കാർഷികമേഖലയുടെ വികസനത്തിനായി നിരവധി ഇടപെടലുകളാണ് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരിക്കാനും അദ്ദേഹം ശ്രമിച്ചുവെന്നും ഓണക്കാലത്തെ ലക്ഷ്യമിട്ട് നമുക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക മേളയിലെ മികച്ച പ്രദർശന സ്റ്റാളുകൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി പി.പ്രസാദ് വിതരണം ചെയ്തു. മുതിർന്ന കർഷകനായ കല്ലിയൂർ സ്വദേശി ജോൺ പീറ്ററിനെയും കർഷക തൊഴിലാളി പ്രതിനിധിയായ പള്ളിച്ചൽ നെൽസൺ പി യെയും വേദിയിൽ ആദരിച്ചു. നെടുമങ്ങാട് ബ്ലോക്കിൽ നിന്നും കതിർ ഫ്രഷ് ബ്രാന്റിൽ പുറത്തിറക്കിയ ഉത്പന്നങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു.
ജൂലൈ 1 മുതൽ 4 വരെ കൃഷി വകുപ്പ് സംഘടിപ്പിച്ച കാർഷിക മേളയിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും കേരളഗ്രോ ബ്രാൻഡിൽ പുറത്തിറക്കിയ ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു. കാർഷിക പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച മന്ത്രിമാർ പ്ലാവിൻ തൈകളും കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങളും വാങ്ങി. കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ മിനി റ്റി, ആത്മ പ്രൊജക്റ്റ് ഡയറക്ടർ മോഹൻദാസ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അനൂപ് എം.പി എന്നിവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.