Sections

എലിയെ പേടിച്ച് ഒരു നഗരം; പിടികൂടാന്‍ റെഡിയാണെങ്കില്‍ ലക്ഷങ്ങള്‍ ശമ്പളം

Thursday, Dec 08, 2022
Reported By admin
New York City

എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍

 

എലിയെ കൊണ്ടു പൊറുതിമുട്ടുകയാണ് ന്യൂയോര്‍ക്കുകാര്‍. എന്തു ചെയ്തിട്ടും എലി ശല്യം നിയന്ത്രിക്കാനാകുന്നില്ല. എലിയെ തുരത്താന്‍ പല വഴികളും നോക്കിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് മേയര്‍ ഒരു പരസ്യം നല്‍കിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍. എലിയെ പിടിക്കാനെത്തുന്നവര്‍ക്ക് കനത്ത തുകയാണ് ശമ്പളം.

"ന്യൂയോർക്ക് നഗരത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന എലികളോട് പോരാടാൻ ആവശ്യമായ നിശ്ചയദാർഢ്യവും കൊലയാളി സഹജവാസനയും നിങ്ങൾക്കുണ്ടെങ്കിൽ - നിങ്ങളുടെ സ്വപ്ന ജോലി കാത്തിരിക്കുന്നു." എന്നായിരുന്നു ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസിന്‍റെ ട്വീറ്റ്. ജോലിക്കെത്തുന്നവര്‍ക്ക് പ്രതിവർഷം $120,000 മുതൽ $170,000 വരെ (13,823,796.33 രൂപ) നൽകുമെന്ന് ശമ്പളം ലഭിക്കും. പദ്ധതികള്‍ തയ്യാറാക്കുക, അതിന് മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്.

നല്ല ആരോഗ്യമുള്ള ആളായിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ജോലിക്കാരന്‍ ഒരു 'രക്തദാഹി'ആയിരിക്കണമെന്നും പ്രേത്യകം പറയുന്നുണ്ട്. നിയമനം ലഭിച്ച് 90 ദിവസത്തിനുള്ളില്‍ നഗരവാസിയായി തന്‍റെ ജോലി തുടങ്ങണം. എലിശല്യം ഇല്ലാതെയാക്കാന്‍ നഗരവാസികളും ശ്രമിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

"കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക, അസമത്വത്തിനെതിരെ പോരാടുക, എലികൾക്കെതിരെ പോരാടുക, ഈ നഗരത്തെ ജീവിക്കാൻ യോഗ്യമായ നഗരമാക്കി മാറ്റുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ്," ഒക്ടോബറിൽ നടന്ന പത്രസമ്മേളനത്തിൽ ആദംസ് പറഞ്ഞു.2020 മുതൽ നഗരത്തിൽ എലികളുടെ എണ്ണത്തില്‍ 71% വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ഒരു സിറ്റി കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ടെന്നാണ് കണക്ക്.പ്രോജക്ട് മാനേജ്മെന്‍റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.