Sections

ബ്രഹ്മപുരത്ത് ഒരു വർഷത്തിനുള്ളിൽ പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റ്: മന്ത്രി

Saturday, Apr 22, 2023
Reported By admin
kerala

ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും സഹകരണവും ആവശ്യമാണ്


ബ്രഹ്മപുരത്തെ മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പ്ലാന്റ് ഒരു വർഷത്തിനകം സ്ഥാപിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്. എറണാകുളത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കർമ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂൺ അഞ്ചിന് കൊച്ചിയിൽ പൂർത്തിയാക്കുമെന്നും കാലവർഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ജൂൺ 5ന് ശേഷം മാലിന്യസംസ്‌ക്കരണത്തിന് ഹ്രസ്വകാല, ദീർഘകാല കർമ്മ പദ്ധതികൾ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക.

'അടിയന്തര കർമ്മ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ പരിധിയിൽ കൗൺസിലർമാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പൗരപ്രമുഖർ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളുമായി ആറ് മേഖലാതല യോഗങ്ങൾ നടത്തി. വ്യാപാരികൾ, വ്യവസായികൾ, മാലിന്യ സംസ്‌ക്കരണ തൊഴിലാളികൾ, വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുമായും മന്ത്രി പ്രത്യേകം ചർച്ച നടത്തി. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ നിക്ഷേപിക്കാൻ കൊച്ചി നഗരസഭയിലെ 40 ഡിവിഷനുകളിൽ മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി ഒരു മാസത്തിനകം സ്ഥാപിക്കും. ഇതിനായി കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി', മന്ത്രി അറിയിച്ചു. 

മറ്റ് 34 ഡിവിഷനുകളിലും സ്ഥലങ്ങൾ കണ്ടെത്തുന്നതിന് അനുസരിച്ച് എം.സി.എഫ് സ്ഥാപിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഏകീകൃത സംവിധാനം കോർപറേഷനിൽ നടപ്പിലാക്കിയിട്ടുണ്ട്. മേയ് 1 മുതൽ വീടുകളിൽ നിന്നും പൂർണ്ണമായി മാലിന്യങ്ങൾ ശേഖരിക്കും. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ പരമാവധി സംസ്‌ക്കരിക്കണം എന്നാണ് സർക്കാർ നിലപാട്. എന്നാൽ പൂർണ്ണതോതിൽ നടപ്പിലാക്കുന്നതുവരെ ജൈവ മാലിന്യവും വീടുകളിൽ നിന്നു ശേഖരിക്കും. എന്നാൽ ഉയർന്ന ഫീസ് നൽകേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

അജൈവ മാലിന്യങ്ങളുടെ രണ്ടാംഘട്ട തരംതിരിക്കലിനും മറ്റുമായി നഗരസഭയിൽ 7 റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) കേന്ദ്രങ്ങൾ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കും. ആദ്യത്തേത് ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിൽ ഒരു ദിവസം 70 ടൺ പ്ലാറ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. ഈ മാലിന്യങ്ങൾ പ്രോസസ് ചെയ്യുന്നതിനാണ് ആർ.ആർ.എഫുകൾ ആരംഭിക്കുന്നത്. ഇതോടെ മേയ് ഒന്നുമുതൽ കൊച്ചിയിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രോസസ് ചെയ്യാനും, ബെയ്ൽ ചെയ്ത് നീക്കുന്നതിനും കഴിയും. ദിവസവും 100 ടൺ ജൈവ മാലിന്യമാണ് കൊച്ചിയിൽ ഉണ്ടാകുന്നത്.

ബ്രഹ്മപുരത്ത് പ്രതിദിനം 150 ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന വിൻഡ്രോ കംപോസ്റ്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നതുവരെ ഈ രീതിയിലാകും ജൈവ മാലിന്യ സംസ്‌ക്കരണം നടക്കുക. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഫ്ളാറ്റുകൾ എന്നിവർ സ്വന്തം നിലയ്ക്ക് മാലിന്യം സംസ്‌ക്കരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മഴക്കാലത്തിന് മുമ്പ് തെരുവുകൾ വൃത്തിയാക്കും. വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിന് സ്മാർട്ട് സിറ്റി മിഷനുമായി സഹകരിച്ച് ഹോട്ട് സ്പോട്ടുകളിൽ 100 കാമറകൾ സ്ഥാപിക്കും. രാത്രികാല പോലീസ് പട്രോളിങും ഉണ്ടാകും. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌ക്കരണത്തിൽ ജനങ്ങളുടെ മനോഭാവത്തിലും ഗുണപരമായ മാറ്റം ഉണ്ടാകണം. ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും സഹകരണവും ആവശ്യമാണ്. മാലിന്യപ്രശ്നം പരിഹരിക്കാൻ കൊച്ചി ഒറ്റക്കെട്ടായാണ് നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാർച്ച് 10 മുതൽ തുടങ്ങിയ കർമ്മ പദ്ധതിയുടെ ഭാഗമായി മന്ത്രി പി.രാജീവ്, മേയർ, കളക്ടർ എന്നിവരുമായി ചേർന്ന് റിവ്യു മീറ്റിങ്ങുകൾ കൃത്യമായി നടത്തുന്നുണ്ടെന്നും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിജയകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.