Sections

പുതിയ വ്യവസായ സംരംഭങ്ങള്‍: ഇന്റേണ്‍സിനുള്ള പരിശീലനം തുടങ്ങി

Sunday, Apr 24, 2022
Reported By Ambu Senan

ബിടെക്, എംബിഎ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാര്‍ ഒരുലക്ഷം സംരംഭങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്

 

പത്തനംത്തിട്ട: കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഇന്റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ തൊഴില്‍മേഖലയെ മാറ്റിമറിക്കാന്‍ ഉതകുന്നതും നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ മുന്നേറ്റം കൈവരിക്കാന്‍ വഴിയൊരുക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 62 സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പരിശീലനമാണ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അടുത്ത അഞ്ചുദിവസമായി നടക്കുക.  ബിടെക്, എംബിഎ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാര്‍ ഒരുലക്ഷം സംരംഭങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനുശേഷം പഞ്ചായത്തുകളില്‍ നിയോഗിക്കപ്പെടുന്നവര്‍ അതത് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ  സംരംഭങ്ങളുടെ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ വിവിധ ലൈസന്‍സുകള്‍, വായ്പ, സാങ്കേതിക അനുമതി സഹായം എന്നിവ നല്‍കുകയും സംരംഭം തുടങ്ങാന്‍ ആവശ്യമായ സേവനം തുടങ്ങിയവ ഇന്റേണ്‍സ് നല്‍കുകയും ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍,  മാനേജര്‍മാരായ മിനിമോള്‍, മായ, അനീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു. പരിശീലനം 27ന് പൂര്‍ത്തിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.