- Trending Now:
മറ്റ് പഴങ്ങളുമായി നോക്കുമ്പോള്‍, ചക്കയില്‍ താരതമ്യേന രോഗങ്ങള്‍ ബാധിക്കുന്നതും കുറവാണ്
പൊട്ടാസ്യത്തിന്റെയും ഫൈബറിന്റെയും കലവറയായ ചക്ക പലവിധ രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും കണക്കാക്കപ്പെടുന്നു. മറ്റ് പഴങ്ങളുമായി നോക്കുമ്പോള്‍, ചക്കയില്‍ താരതമ്യേന രോഗങ്ങള്‍ ബാധിക്കുന്നതും കുറവാണ്. അതായത്, ഫ്രൂട്ട് ഫ്‌ലൈയുടെ ആക്രമണവും ബാര്‍ക്ക് ബോറെര്‍ എന്ന കീടത്തിന്റെ ആക്രമണവും ഒഴിച്ചാല്‍ വലിയ രീതിയില്‍ രോഗങ്ങള്‍ ചക്കയെ ബാധിക്കാറില്ല. മഴക്കാലത്ത് പ്ലാവിനെ ആക്രമിക്കുന്ന ഫംഗല്‍ പിങ്ക് എന്ന രോഗവും അപൂര്‍വ്വമായി കാണപ്പെടുന്നു.
എന്നാല്‍ ഏറ്റവും പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളില്‍ ചക്കയില്‍ ഒരു ഫംഗല്‍ രോഗം കാണപ്പെടുന്നു എന്നതാണ്. കരമനയിലെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (കെഎയു) സ്ഥാപനമായ സംയോജിത ഫാമിംഗ് സിസ്റ്റംസ് റിസര്‍ച്ച് സ്റ്റേഷനിലെ (ഐഎഫ്എസ്ആര്‍എസ്) ഗവേഷകര്‍ ചക്കയില്‍ പുതിയൊരു ഫംഗസ് രോഗത്തിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ശേഖരിച്ച മൂപ്പെത്തിയ ചക്കയുടെ സാമ്പിളുകളിലാണ് രോഗം ബാധിച്ചത്.
ഇന്ത്യയില്‍ ചക്കയില്‍ (ആര്‍ട്ടോകാര്‍പസ് ഹെറ്ററോഫില്ലസ്) അഥേലിയ റോള്‍ഫ്സി എന്ന കുമിള്‍ മൂലമുണ്ടാകുന്ന പഴങ്ങള്‍ ചീഞ്ഞഴുകുന്നത് ഇതാദ്യമാണെന്ന് ഐഎഫ്എസ്ആര്‍എസ് അസിസ്റ്റന്റ് പ്രൊഫസര്‍ സജീന എ വ്യക്തമാക്കി. മണ്ണില്‍ പരത്തുന്ന കുമിള്‍ രോഗകാരിയായ Athelia rolfsii നിരവധി വിളകള്‍ക്ക് ഗുരുതരമായി ഭീഷണി ഉയര്‍ത്തുന്നു. അതിനാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ ഫംഗല്‍ ആക്രമണം പ്രാധാന്യത്തോടെ കാണേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വിവിധ വിളകളെ ആക്രമിക്കുന്ന കുമിള്‍ രോഗാണുവാണ് അഥേലിയ റോള്‍ഫ്‌സി. എന്നാല്‍ രാജ്യത്ത് ചക്കയില്‍ ഇത് ആദ്യമായാണ് കീടബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഴുക്കാത്ത ചക്കയിലാണ് ഈ ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പഴുത്ത ചക്കയെ ഇത് ബാധിക്കില്ലെന്നും ഡോ. സജീന പറയുന്നു. അതേ സമയം, ചക്കയെ ബാധിക്കുന്ന Athelia rolfsii കീടത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതില്‍ IFSRS ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.