Sections

സംസ്ഥാന സർക്കാരിൻറെ പുതിയ വാണിജ്യ നയം ഈ വർഷം കൊണ്ടുവരുമെന്ന് മന്ത്രി പി. രാജീവ്

Tuesday, Aug 06, 2024
Reported By Admin
Minister P Rajiv said that the new commercial policy of the state government will be brought this ye

കൊച്ചി: കേരളത്തിൻറെ വ്യവസായ, വാണിജ്യ മേഖലയ്ക്ക് പുത്തൻ ഉണർവേകി സംസ്ഥാന സർക്കാരിൻറെ പുതിയ വാണിജ്യ നയം ഈ വർഷം കൊണ്ടുവരുമെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിൻറെ പുതിയ കരട് വാണിജ്യനയം ചർച്ച ചെയ്യുന്നതിനായി ബഹുരാഷ്ട്ര കമ്പനികളുടെയും വാണിജ്യ സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുമണ്ഡലത്തിൽ പ്രസിദ്ധപ്പെടുത്തി അഭിപ്രായങ്ങൾ പരിഗണിച്ച് കരട് വാണിജ്യ നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ നടപടിക്രമങ്ങൾ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിൻറെ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചിരുന്നു. ഈ മാതൃകയിലാണ് ഈ വർഷം വാണിജ്യ നയം പുറത്തിറക്കുക. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് അനുസ്യതമായി കേരളത്തിൻറെ വാണിജ്യ സാധ്യതകൾക്ക് ഉത്തേജനം നൽകുകയെന്നുള്ളതാണ് പുതിയ കരട് നയത്തിൻറെ അടിസ്ഥാന ലക്ഷ്യം.

പുതിയ നയം അന്തിമമാകുന്നതിന് മുമ്പ് ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ, വാണിജ്യ സംഘടന പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് യോഗം സംഘടിപ്പിച്ചത്. ബഹുരാഷ്ട്ര കമ്പനി പ്രതിനിധികൾക്കും വാണിജ്യ സംഘടന പ്രതിനിധികൾക്കുമായി രാവിലെയും ഉച്ചക്കുശേഷവും രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു യോഗം. കരട് വാണിജ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു.

New Commercial Policy

കേരളത്തിന്റെ പുതിയ കരട് വാണിജ്യനയം ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച യോഗത്തിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് സംസാരിക്കുന്നു. വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ ആൻഡ് പിആർഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ, വ്യവസായ-വാണിജ്യ അഡീഷണൽ ഡയറക്ടർ ഡോ. കൃപകുമാർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ സൂരജ് എസ് എന്നിവർ വേദിയിൽ.

വ്യവസായ നയം 2023 തയ്യാറാക്കുന്ന വേളയിൽ സംസ്ഥാനത്തെ വ്യവസായികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വ്യവസായ നയരൂപീകരണത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വ്യവസായ മേഖലയിൽ നിന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതേ മാതൃക തന്നെയാണ് വാണിജ്യ നയരൂപീകരണത്തിലും പിന്തുടരുന്നത്. കേരളത്തിൻറെ വ്യവസായ വാണിജ്യ മേഖലയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇത്തരം നിർദ്ദേശങ്ങളും യോഗതീരുമാനങ്ങളും തീർച്ചയായും വഴിയൊരുക്കും.

യോഗത്തിൽ വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു. ഐ ആൻഡ് പിആർഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ വിഷയാവതരണം നടത്തി. വ്യവസായ-വാണിജ്യ അഡീഷണൽ ഡയറക്ടർ ഡോ. കൃപകുമാർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ സൂരജ് എസ് എന്നിവർ സംസാരിച്ചു.

ബഹുരാഷ്ട്ര കമ്പനികൾ, ഇൻഡസ്ട്രി അസോസിയേഷനുകൾ, കൊമേഴ്സ് അസോസിയേഷനുകൾ, കമ്മോഡിറ്റി ബോർഡുകൾ, ചേംബേഴ്സ് ഓഫ് കൊമേഴ്സ് എന്നീ സംഘടനകളുടെ പ്രതിനിധികൾ, യോഗത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.